അഞ്ചുവർഷത്തിലധികമായി കാമുകിയായി കൊണ്ടുനടന്ന യുവതിയെ ഒരു ദയവുമില്ലാതെ കൊന്നു കുഴിച്ചുമൂടിയ പട്ടാളക്കാരനായ യുവാവിന്റെ കാട്ടാള പ്രവൃത്തിയാണ് അഞ്ചാറുദിവസമായി മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വാർത്ത. അഖിൽ എന്നുപേരായ പട്ടാളക്കാരൻ ഒറ്റയ്ക്കല്ല, സഹോദരനും സുഹൃത്തും കൂടി ചേർന്നുകൊണ്ടാണ് രാഖിമോൾ എന്ന മുപ്പതുകാരിയെ വകവരുത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പുതിയ മേച്ചിൽപ്പുറം തേടിയുള്ള അഖിലിന്റെ യാത്രയ്ക്ക് രാഖിമോൾ തടസമാകുമെന്നു കണ്ടപ്പോഴാണ് ആസൂത്രിതമായി കൊല നടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ ലഭിച്ച സൂചനകൾ. തലസ്ഥാന ജില്ലയിൽപ്പെട്ട അമ്പൂരിയിൽ ഒരുമാസം മുമ്പ് നടന്ന, യുവതിയുടെ കൊലപാതകത്തിന് സമർത്ഥമായ അന്വേഷണത്തിലൂടെയാണ് പൊലീസ് തുമ്പുണ്ടാക്കിയത്. ക്രിമിനൽ കേസുകളിൽ സംസ്ഥാന പൊലീസിന്റെ പ്രാഗല്ഭ്യവും മികച്ച കുറ്റാന്വേഷണ പാടവവും ഒരിക്കൽക്കൂടി ഇൗ കേസിലൂടെ തെളിയിക്കപ്പെട്ടിരിക്കുകയാണ്.
സമീപകാലത്തായി സംസ്ഥാനത്തുണ്ടായ അനേകം സ്തോഭജനകമായ കുറ്റകൃത്യങ്ങളിൽ ഒന്നുമാത്രമാണ് അമ്പൂരിയിലേത്. സമൂഹത്തിൽ മുൻപൊരിക്കലും ഉണ്ടാകാത്ത രീതിയിൽ കുറ്റവാസന വർദ്ധിച്ചുകൊണ്ടിരിക്കുന്നു. നിസാര കാര്യങ്ങളുടെ പേരിൽപ്പോലും മനുഷ്യൻ മനുഷ്യനെ കുത്തുന്നു, തല്ലിക്കൊല്ലുന്നു. ഒരു കൂസലുമില്ലാതെ ശിരസുയർത്തിപ്പിടിച്ചു തന്നെ പൊലീസിനൊപ്പം പോകുന്ന പ്രതികളുടെ മുഖങ്ങൾ ശ്രദ്ധിച്ചാൽ ബോദ്ധ്യമാകും ചെയ്തുപോയ തെറ്റിൽ ഒരുവിധ പശ്ചാത്താപവുമില്ലെന്ന്. ഇൗ കൂസലില്ലായ്മയും എന്തിനുംപോന്ന ധാർഷ്ട്യവും തലമുറയുടെ ദോഷമായി മാത്രം കാണാനാവില്ല. സമൂഹത്തിന് ആരുമറിയാതെ സംഭവിച്ചു കൊണ്ടിരിക്കുന്ന ജീർണതയുടെയും മൂല്യനിരാസത്തിന്റെയും ബഹിർസ്ഫുരണങ്ങളാണ് പല കിരാത സംഭവങ്ങൾക്കും പിന്നിലുള്ളത്.
അതിനീചമായ കുറ്റകൃത്യങ്ങൾ നടത്തിയാലും ഭയപ്പെടേണ്ടതില്ലെന്ന ധാരണയോ ബോദ്ധ്യമോ സമൂഹത്തിൽ ശക്തിപ്രാപിച്ചു കൊണ്ടിരിക്കുകയാണ്. ചെയ്ത കുറ്റം മറയ്ക്കാൻ അപസർപ്പക കഥകളെപ്പോലും വെല്ലുന്ന ആസൂത്രണ പാടവവും പ്രകടമാണ്. എത്രയൊക്കെ ഒളിപ്പിച്ചാലും കുറ്റകൃത്യവുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊരു തുമ്പ് എവിടെയെങ്കിലും ശേഷിക്കുമെന്നത് മറ്റൊരു സത്യം. അമ്പൂരിയിൽ അഖിൽ എന്ന യുവാവ് താൻ പുതുതായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന വീടിന് പിറകിൽ കാമുകിയുടെ ജഡം കുഴിച്ചിടാൻ വേണ്ടി കുഴി ഒരുക്കിയ ശേഷമാണത്രെ വീട് കാണിക്കാനെന്നു തെറ്റിദ്ധരിപ്പിച്ച് കാമുകിയെ കാറിൽ വിളിച്ചുകൊണ്ടുവന്ന് ജീവൻ കവർന്നതെന്നാണ് വിവരം. കൃത്യത്തിനുശേഷം ബന്ധുക്കളെയും ഒടുവിൽ പൊലീസിനെയും തെറ്റിദ്ധരിപ്പിക്കാൻ എന്തെല്ലാം അടവുകളാണ് പുറത്തെടുത്തത്. കുറച്ചുകാലം മുമ്പ് പുറത്തിറങ്ങിയ ഒരു മലയാള സിനിമ സമീപകാലത്തെ പല കുറ്റകൃത്യങ്ങളിലും പ്രതികൾക്ക് തെളിവുകൾ ഒളിപ്പിക്കാൻ പ്രചോദനമായെന്നത് കേവലം യാദൃശ്ചികമാകാം. മൊബൈൽ ഫോൺ പൊലീസിനെ വട്ടം ചുറ്റിക്കാനുള്ള ഏറ്റവും മികച്ച ഉപാധിയാണെന്ന് കുറ്റവാളികൾ വ്യാപകമായി മനസിലാക്കിത്തുടങ്ങിയത് ഇൗ ചിത്രം പുറത്തിറങ്ങിയതോടെയാണെന്നു വേണം കരുതാൻ. സിനിമ കണ്ട് ആരും നന്നാവുകയോ ചീത്തയാവുകയോ ചെയ്യാറില്ലെങ്കിലും കുറ്റകൃത്യവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ദുഷ്ടമനസുകളെ ഏറെ സ്വാധീനിക്കാറുണ്ടെന്നത് സത്യമാണ്.
കുറ്റകൃത്യങ്ങൾ അറപ്പില്ലാതെ ചെയ്യുന്നതിൽ വിരുത് കാട്ടുന്നവരുടെ സംഖ്യ സമൂഹത്തിൽ വർദ്ധിക്കുന്നതിന്റെ തെളിവാണ് സമീപകാലത്തെ പല സംഭവങ്ങളും. പ്രേമാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ പെട്രോൾ പാട്ടയുമായി യുവതികൾക്കു നേരെ പാഞ്ഞടുക്കുന്നതും നടുറോഡിൽ പരസ്യമായി യുവതിയുടെ നെഞ്ചിൽ കത്തികുത്തിയിറക്കുന്നതും മറ്റുമായ ഭയാനക സംഭവങ്ങൾ കൂടക്കൂടെ കാണേണ്ടിവരുന്നു. വരുംവരായ്കകളെക്കുറിച്ച് ഭയമോ സങ്കോചമോ ഒന്നുമില്ലാതെയാണ് ഇൗ സംഭവങ്ങളിലുൾപ്പെട്ടവരുടെ പെരുമാറ്റരീതികൾ. പൊലീസ് പിടികൂടിയാലും ശിക്ഷയെക്കുറിച്ചുമില്ല ഇത്തരക്കാർക്ക് തെല്ലും ആശങ്ക.
സമൂഹം രോഗഗ്രസ്തമാകുമ്പോഴാണ് കുറ്റകൃത്യങ്ങളും പെരുകുന്നതെന്ന് സാമൂഹിക ശാസ്ത്രജ്ഞർ പറയാറുണ്ട് . രാജ്യത്തെവിടെയും സമൂഹം ഗുരുതരമായ നിലയിൽ രോഗാവസ്ഥയിലാണിപ്പോൾ. ഒരു ദയവുമില്ലാതെ എല്ലാ പ്രായത്തിലുമുള്ള മനുഷ്യർ മൃഗീയമായി ആക്രമിക്കപ്പെടുന്നു. പശുവിന്റെ പേരിൽത്തന്നെ എത്രയോ സാധുക്കളാണ് ജനക്കൂട്ട ആക്രമത്തിനിരയായി പരലോകം പൂകിയത്. അതിനെ ന്യായീകരിക്കാനും അക്രമികൾക്ക് മാലയിടാനും ആൾക്കാരും ഉണ്ടെന്നതാണ് പേടിപ്പെടുത്തുന്ന മറ്റൊരു കാര്യം. ഭൂതദയയും സഹിഷ്ണുതയും ഇല്ലാതാകുമ്പോഴാണ് മനുഷ്യവംശത്തിന് നിരക്കാത്ത കുറ്റകൃത്യങ്ങളിലേക്ക് തിരിയാനുള്ള വാസന ഏറുന്നത്. ആൾബലവും സമ്പത്തും ആവോളമുണ്ടെങ്കിൽ നിയമത്തെ ഭയക്കാതെ എത്ര വലിയ കുറ്റവും ചെയ്യാമെന്ന സ്ഥിതി സൃഷ്ടിക്കുന്നതിൽ രാഷ്ട്രീയത്തിന് വലിയ പങ്കുണ്ട്. രാഷ്ട്രീയ സ്വാധീനബലത്തിൽ എത്രയെത്ര കുറ്റവാളികളാണ് പോറൽ പോലും ഏൽക്കാതെ സമൂഹത്തിൽ ഞെളിഞ്ഞു നടക്കുന്നത്.