കാട്ടാക്കട: നാളികേരത്തിന്റെ നാളിതുവരെയുള്ള തളർച്ച കർഷകന്റെ ജീവിതത്തിന്റെ കടയ്ക്കൽ കോടാലി വയ്ക്കുന്നതായിരുന്നു. മുൻപുണ്ടായിരുന്ന കേര സമൃദ്ധിയൊന്നും നമുക്കിന്ന് അവകാശപ്പെടാനാകില്ല. അത്രത്തോളം ആടിയുലഞ്ഞ് നിൽക്കുകയാണ് കേര വിപണി. മണ്ഡരി മുതൽ പച്ചത്തേങ്ങാ സംഭരണം വരെ കർഷകന്റെ ജീവിതം മാറ്റി മറിച്ചു. ഒപ്പം വിലയിടിവും.

ഇന്ന് കേരളത്തിൽ 90ശതമാനമുണ്ടായിരുന്ന നാളികേര കർഷകരെ കണ്ടില്ലെന്ന് നടിക്കുകയാണ്. ഉത്പാദന ചെലവും തേങ്ങ വിലയും തമ്മിൽ പൊരുത്തപ്പെടാതെ വന്നപ്പോൾ കർഷകർ കടക്കെണിയിലായി. ഇതോടെ ഗ്രാമീണ കേരകർഷകർ മറ്റ് കൃഷികളിലേയ്ക്ക് തിരിഞ്ഞു.

2008ൽ കേന്ദ്ര സർക്കാർ നാളികേര സംഭരണത്തിന് ശ്രമിച്ചെങ്കിലും സംസ്ഥാനത്ത് ഇതിന് വേണ്ടത്ര ശ്രദ്ധയുണ്ടായില്ല. തുടർന്ന് സംസ്ഥാനത്ത് 2012ൽ പച്ചത്തേങ്ങ സംഭരണത്തിന് ശ്രമിച്ചപ്പോൾ പൊതു വിപണിയിൽ നാളികേര വില വർദ്ധിച്ചു. പൊതു വിപണിയിൽ 45രൂപവരെ വിലവർദ്ധനവുണ്ടായത് കർഷകർക്ക് ഏറെ ആശ്വാസമായി. എന്നാൽ സർക്കാരിന്റെ പച്ചത്തേങ്ങാ സംഭരണം നിലച്ചതോടെ കഴിഞ്ഞ മൂന്ന് വർഷത്തോളമായി കേരകർഷകർക്ക് ന്യായമായ വില വീണ്ടും ലഭിക്കാതെയായി. തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങയുടെ വരവ് വർദ്ധിക്കുകയും നിലവിലെ തെങ്ങുകൾക്ക് പല രോഗങ്ങൾ ബാധിക്കുകയും ചെയ്തതോടെ കേരളത്തിലെ കേരകർഷകർ കരഞ്ഞുതുടങ്ങി.

കർഷകനെ തളർത്തിയ രോഗങ്ങൾ

1. കൂമ്പുചീയൽ

തെങ്ങിലെ കൂമ്പുചീയലിന്റെ കാരണം ഫൈറ്റോഫ്തോറോ പാമിവോറ എന്ന രോഗാണുവാണ്. നാമ്പോലയ്ക്ക് ചുറ്റുമുള്ള ഒന്നോ രണ്ടോ ഇലകൾക്ക് മഞ്ഞനിറമാണ് രോഗ ലക്ഷണം. ക്രമേണ നാമ്പ് ഉണങ്ങി വാടിപ്പോകുന്നു. ഓലകളുടെ ചുവടുഭാഗം ഇതോടൊപ്പം തന്നെ അഴുകി ഒരു തരം ദുർഗന്ധം പുറപ്പെടുവിക്കുന്നു. ആരംഭത്തിൽ തന്നെ ശ്രദ്ധിച്ചില്ലെങ്കിൽ തെങ്ങ് നശിക്കും. ഏതു പ്രായത്തിലും തെങ്ങിനെ ഈ രോഗം ബാധിക്കുമെങ്കിലും ഇളം പ്രായത്തിലെ തെങ്ങിനാണ് കൂടുതൽ പ്രശ്നം.

ചെയ്യേണ്ടത്

രോഗം പ്രാരംഭത്തിൽ തന്നെ കണ്ടുപിടിച്ചാൽ രോഗബാധയുള്ള മണ്ട വെട്ടിമാറ്റി അവിടെ ബോർഡോ കുഴമ്പ് പുരട്ടണം. അതിനുശേഷം പുതുനാമ്പ് ഉണ്ടാകുന്നതുവരെ കെട്ടിപ്പൊതിഞ്ഞ് സൂക്ഷിക്കണം. രക്ഷപെട്ടില്ലെങ്കിൽ തെങ്ങ് വെട്ടിമാറ്റി തീയിടണം.

2.കാറ്റ് വീഴ്ച

കാറ്റ് വീഴ്ച എന്ന വേരുരോഗം 1882ലെ വെള്ളപ്പൊക്കത്തിന് ശേഷമാണ് കേരളത്തിൽ പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂർ, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് വേരുരോഗം കൂടുതലായി കാണപ്പെടുന്നത്. ഓലക്കാലുകൾ ഉള്ളിലേയ്ക്ക് വളയുക, ഓലകൾ മഞ്ഞനിറമാവുക, ഓലക്കാലുകളുടെ അരികുകൾ ഉണങ്ങിനശിക്കുക ഇവയാണ് പ്രധാന ലക്ഷണങ്ങൾ. ഫലം: വിള കുറയും. തേങ്ങയുടെ വലിപ്പം കുറയും. കൊപ്രയിയുടെ കനം കുറയും ഇതിലെ എണ്ണയുടെ അളവും കുറയും.

 ചെയ്യേണ്ടത്

രോഗബാധയുള്ള തെങ്ങുകൾ ഉടൻതന്നെ മുറിച്ച് മാറ്റി പകരം പ്രതിരോധശേഷിയുള്ള സങ്കരയിനം തെങ്ങുകൾ വച്ചു പിടിപ്പിക്കുകയാണ് ഇതിന് പരിഹാരമായി ചെയ്യാനുള്ളൂ.

3.ഓലചീയൽ

തെങ്ങിനെ ബാധിക്കുന്ന കുമിൾ രോഗമാണ് ഓല ചീയൽ. കാറ്റ് വീഴ്ച ബാധിച്ച തെങ്ങിലാണ് ഓല ചീയൽ സാധാരണ കാണുന്നത്. മദ്ധ്യ നാമ്പിലുള്ള ഓലകളുടെ അരുകിലും മൂലകളിലും കറുത്തനിറം വ്യാപിച്ച് ചുരുങ്ങി ഉണങ്ങുന്നതാണ് പ്രഥാന രോഗ ലക്ഷണം. ക്രമേണ ഇവ പൊട്ടിപ്പിളർന്ന് വിശറിക്ക് തുല്യമാകും. കാലക്രമേണ ഓലകളുടെ ഉപരിതല വിസ്തീർണത്തിലും ഗണ്യമായ കുറവ് സംഭവിക്കുകയും മാറ്റ് ഓലകളിലേക്ക് രോഗം ബാധിക്കുകയും ചെയ്യും.

ചെയ്യേണ്ടത്

ആരംഭത്തിൽ തന്നെ രേഗം കണ്ടെത്തിയാൽ പ്രതിരോധ നടപടി ചെയ്യാം. ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം മൂന്ന് മാസത്തിൽ ഒരിക്കൽ രോഗബാധയുള്ള ഭാഗം വെട്ടിമാറ്റിയിട്ട് അവിടെ തളിക്കാം.

4.

ചെന്നീരൊലിപ്പ്

തിലാവിയോപ്‌സിസ് പാരഡോക്സ് എന്ന രോഗമാണ് ചെന്നീരൊലിപ്പിന്റെ കാരണം. തെങ്ങിന്റെ തടിയിൽ രൂപം കൊള്ളുന്ന വിള്ളലുകളിലൂടെയും മറ്റും തവിട്ട് കലർന്ന ചുവന്ന നിറത്തിലുള്ള ദ്രാവകം ഊറിയിറങ്ങുന്നതാണ് രോഗ ലക്ഷണം. തെങ്ങിന്റെ തടിയുടെ താഴെ രൂപപ്പെടുന്ന വിള്ളലുകൾ ക്രമേണ തടി മുഴുവൻ ബാധിക്കും. രണ്ടാം ഘട്ടത്തിൽ ദ്രാവകം ഒലികച്ചുവരുന്ന ഭാഗത്തിന് സമീപം ചീയാൻ തുടങ്ങും. ഈ ഭാഗത്ത് ഡയോകലാണ്ട്ര എന്ന കീടത്തിന്റെ ആക്രമണം ചീയൽ ത്വരിതഗതിയിലാക്കും.

ചെയ്യേണ്ടത്

രോഗബാഘയുള്ള ഭാഗം ചെത്തിമാറ്റി മുറിവിൽ കാലിക്സിൻ പുരട്ടിയാൽ രോഗം നിയന്ത്രിക്കാം. രണ്ട് ദിവസത്തിന് ശേഷം കോൾടാർ പുരട്ടണം. വേരിൽകൂടി 100 മി.ലി കാലിക്സിൻ നൽകുന്നതും തടത്തിൽ വേപ്പിൻ പിണ്ണാക്ക് ഇടുന്നതും നല്ലത്.