തിരുവനന്തപുരം: പൂവാർ സ്വദേശി രാഖിമോളെ കൊന്നു കുഴിച്ചുമൂടിയത് അഖിലും സഹോദരൻ രാഹുലും പിതാവ് മണിയനും അയൽവാസിയായ ആദർശും ചേർന്നാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സമ്പന്നയായ പെൺകുട്ടിയുമായി അഖിലിന്റെ വിവാഹം നടത്താനാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.
അമ്പൂരി തട്ടാമുക്ക് ജംഗ്ഷനു സമീപം പുതുതായി പണിയുന്ന വീടിന് സമീപം വലിയ കുഴിയെടുക്കുന്നത് എന്തിനെന്ന് അയൽവാസികൾ ചോദിച്ചപ്പോൾ മരം നടാനാണെന്നായിരുന്നു മറുപടി. ദുർഗന്ധം വമിക്കാതിരിക്കാൻ കുഴിയിൽ ഉപ്പ് വിതറിയ 'അതിബുദ്ധി' പ്രതികൾക്ക് മറ്റൊരു തരത്തിൽ വിനയായി. ഉപ്പിട്ടതിനാൽ മൃതദേഹം വേഗത്തിൽ ജീർണിച്ചില്ല. അതിനാൽ കഴുത്തിൽ കയറിട്ട് കുരുക്കിയ പാടുകളെല്ലാം ശാസ്ത്രീയപരിശോധനയിൽ വ്യക്തമായി. ചാക്കുകണക്കിന് ഉപ്പ് ശേഖരിക്കുന്നതുൾപ്പെടെയുള്ള ആസൂത്രണങ്ങൾ രാഖിയെ കൊലപ്പെടുത്തുന്നതിന് ഒരാഴ്ചയോളം മുൻപാണ് നടത്തിയത്.
അഖിലിന് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന പിതാവ് മണിയന്റെ വാദവും ഇതോടെ പൊളിഞ്ഞു. പറമ്പിൽ കിളച്ചതും കുഴിയെടുത്തതുമെല്ലാം മണിയനും കൂടി ചേർന്നാണെന്ന് അയൽവാസികൾ പൊലീസിന് വിവരം നൽകി. തൊട്ടടുത്തെ വീട്ടിൽ നിന്ന് രണ്ടുമീറ്ററോളം മാത്രം അകലത്തിലാണ് മൃതദേഹം മറവു ചെയ്തിരുന്നത്. കൊലപാതകത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയമുണ്ടെന്നും സമീപവാസികൾ പറഞ്ഞു.
കുഴിച്ചുമൂടും മുൻപ് രാഖിയുടെ വസ്ത്രങ്ങൾ നീക്കിയത് തെളിവു നശിപ്പിക്കാനായിരുന്നു. എന്നെങ്കിലും മൃതദേഹം കിട്ടിയാലും ആരുടേതാണെന്ന് തിരിച്ചറിയാതിരിക്കാനാണ് വസ്ത്രങ്ങൾ നീക്കിയത്. മൃതദേഹം മറവുചെയ്തശേഷം അഖിലും രാഹുലും ചേർന്ന് കാർ പലവട്ടം കഴുകി. കാറിനുള്ളിൽ രാഖിയുടെ മുടിയിഴകളോ രക്തമോ വീണിട്ടുണ്ടെങ്കിൽ അത് നശിപ്പിക്കാനായിരുന്നു ഇത്.
' അഖിലിന്റെ മാതാപിതാക്കൾ അറിയാതെ കൊലപാതകം നടക്കില്ല. അവർക്ക് ആരുടെയോ പിന്തുണ ലഭിക്കുന്നുണ്ട്. കൊലപാതകത്തിൽ പങ്കുളള എല്ലാവരെയും അറസ്റ്റ് ചെയ്യണം. അഖിലിനെ വിവാഹം ചെയ്തിരുന്നതായി രാഖി പറഞ്ഞിരുന്നില്ല.
-രാഖിയുടെ പിതാവ്
'അഖിലിന് കൊലപാതകത്തിൽ പങ്കില്ല. അവൻ നിരപരാധിയാണ്. കഴിഞ്ഞ ദിവസം നിരവധി തവണ ഫോൺ ചെയ്തിരുന്നു. പട്ടാള ഉദ്യോഗസ്ഥരുമായി അഖിൽ ഉടൻ നാട്ടിലെത്തും".
-അഖിലിന്റെ പിതാവ് മണിയൻ