തിരുവനന്തപുരം: അനാവശ്യ വിവാദങ്ങൾക്ക് കുറവില്ലാത്ത നാട്ടിൽ അതിന് പിന്നാലെ പോകാൻ സർക്കാരിന് സമയമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പി.എം.ജി നേതാജി നഗറിൽ പൊതുമരാമത്ത് വകുപ്പിന്റെ പുതിയ ബഹുനില ക്വാട്ടേഴ്സുകളുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏറ്റെടുത്ത ജോലി പൂർത്തിയാക്കാൻ ഏതു പ്രതിബന്ധങ്ങളെയും തരണംചെയ്യാൻ പ്രാപ്‌തിയുള്ള സർക്കാരാണ് കേരളം ഭരിക്കുന്നത്. സർവീസിലുണ്ടായിരുന്നപ്പോൾ ലഭിച്ച ക്വാർട്ടേഴ്സ് വിരമിച്ചാലും ചിലർ വിട്ടുനൽകുന്നില്ല. ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച് വീഴ്‌ചവരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ് കഴിഞ്ഞ സർക്കാർ നിർമ്മാണോദ്ഘാടനങ്ങൾ നടത്തിയതെന്നും ഈ സർക്കാർ തറക്കല്ലിട്ടിട്ടുണ്ടെങ്കിൽ സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കുമെന്നും മന്ത്രി സുധാകരൻ പറഞ്ഞു. മേയർ വി.കെ. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനിയർ ഇ.കെ. ഹൈദ്രു റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി ജി. കമലവർദ്ധനറാവു സ്വാഗതവും കെട്ടിവിഭാഗം ദക്ഷിണ മേഖല സൂപ്രണ്ടിംഗ് എൻജിനിയർ ഡി. ഹരിലാൽ നന്ദിയും പറഞ്ഞു.