തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രൈവറ്റ് സ്കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.പി.ഇ.ടി.എ), ഡിപ്പാർട്ട്മെന്റൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ (ഡി.പി.ഇ.ടി.എ) എന്നിവയുടെ ആഭിമുഖ്യത്തിൽ സംയുക്ത കായിക അദ്ധ്യാപക സമരസമിതി സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി. കായികാദ്ധ്യാപകരെ സ്പെഷ്യലിസ്റ്റ് വിഭാഗത്തിൽ നിന്നു ജനറൽ അദ്ധ്യാപകരായി പരിഗണിക്കുക, ഹൈസ്കൂളുകളിൽ ജോലി ചെയ്യുന്ന കായികാദ്ധ്യാപകരുടെ ശമ്പള സ്കെയിൽ ഉയർത്തുക, കായികാദ്ധ്യാപകർക്ക് ഹയർസെക്കൻഡറിയിൽ തസ്തിക അനുവദിച്ച് പ്രൊമോഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ മാർച്ച് കായികാദ്ധ്യാപകനും ദ്റോണാചാര്യ അവാർഡ് ജേതാവുമായ കെ.പി. തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജൂൺ 10 മുതൽ നടത്തിവരുന്ന നിസഹകരണ ചട്ടപ്പടി സമരത്തിന്റെ ഭാഗമായാണ് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചത്. സമരസമിതി ചെയർമാനും കെ.പി.എസ്.പി.ഇ.ടി.എ സംസ്ഥാന പ്രസിഡന്റുമായ ജോസിറ്റ് ജോൺ വെട്ടത്ത് അദ്ധ്യക്ഷത വഹിച്ചു. സമരസമിതി കൺവീനറും ഡി.പി.ഇ.ടി.എ സംസ്ഥാന പ്രസിഡന്റുമായ എം.സുനിൽകുമാർ, എ.വി. അനിൽകുമാർ, എ.മുസ്തഫ, പി.കെ. രാജീവ്, കെ.എം. ബല്ലാൾ, ആർ.ഡി.പ്രകാശ്, സജാദ് സാഹിർ, കെ.കെ.അഷ്റഫ്, കെ.വി.ഫ്രാൻസിസ്, കെ.പി. ഫിറോസ് തുടങ്ങിയവർ സംസാരിച്ചു.