hindi

തിരുവനന്തപുരം: ഹിന്ദി ഭാഷയോടുള്ള അവഗണന അവസാനിപ്പിക്കുക, ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠനം ആരംഭിക്കുക, പാർട് ടൈം ഹിന്ദി അദ്ധ്യാപകർക്ക് പി.എഫ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹിന്ദി അദ്ധ്യാപക് മഞ്ച് (എച്ച്.എ.എം) സെക്രട്ടേറിയ​റ്റ് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് വി. ജോസ് ഉദ്ഘാടനം ചെയ്തു. അൺ എയ്ഡഡ് സ്കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠിക്കാനുള്ള അവസരം ലഭിക്കുമ്പോൾ കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസ് മുതലാണ് ഹിന്ദി പഠനം തുടങ്ങുന്നതെന്നും ഇത് വിദ്യാർത്ഥികളുടെ ഹിന്ദി പഠനത്തിനുള്ള അവസരം നിഷേധിക്കലാണെന്നും ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. മുഹമ്മദ് മുസ്തഫ, വൈസ് പ്രസിഡന്റ് ശിഹാബ് വേദവാസ, പി. അസീസ്, ഷൈനി, കെ.എസ്. അഭിലാഷ്, വാഹിദ് വളാഞ്ചേരി, അജികുമാർ വയനാട്, കേരള ഹിന്ദി പ്രചാര സഭ പ്രസിഡന്റ് എസ്. ഗോപകുമാർ, സെക്രട്ടറി ബി.മധു തുടങ്ങിയവർ സംസാരിച്ചു.