തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസ് പ്രതികൾ ഉൾപ്പെട്ട സർവ്വകലാശാല ഉത്തരക്കടലാസ് തട്ടിപ്പ് കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാൻ വിസമ്മതിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പി പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തെയും അട്ടിമറിക്കാൻ ശ്രമിക്കുന്നത് ദുരൂഹമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആരോപിച്ചു.
കേസിന്റെ അന്വേഷണം മറ്റ് എസ്.എഫ്.ഐ നേതാക്കളിലേക്കും സർക്കാരിന് താല്പര്യമുള്ള ജീവനക്കാരിലേക്കും നീങ്ങാനിടയുള്ളതിനാലാണ് മുഖ്യമന്ത്രി അന്വേഷണത്തെ തടസ്സപ്പെടുത്തുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി തയ്യാറാവുമ്പോൾ മുഖ്യമന്ത്രി അത് വേണ്ടെന്ന് പറയുന്നത് അത്ഭുതകരമാണ്. കേസന്വേഷണത്തിന്റെ ദിശയും രീതിയും എപ്രകാരമായിരിക്കണമെന്ന് ഒരു മുഖ്യമന്ത്രിതന്നെ തീരുമാനിക്കുന്നതും ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകുന്നതും ആദ്യമാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തെ എന്തിനാണ് സർക്കാർ എതിർക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.