തിരുവനന്തപുരം: സർവകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകൾ പതിവായി കടത്തിയിരുന്നതായി യൂണിവേഴ്സിറ്റി കേളേജ് വിദ്യാർത്ഥി അഖിലിനെ കുത്തിയ കേസിലെ പ്രതിയായ ശിവരഞ്ജിത്ത് പൊലീസിന് മൊഴിനൽകി. യൂണിവേഴ്സിറ്റിയുടെ വാഹനത്തിൽ ഉത്തരക്കടലാസുകൾ കോളേജിലെത്തിച്ച് സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റുമ്പോഴാണ് മോഷ്ടിക്കുന്നത്. ശിവരഞ്ജിത്തിനെ ഇന്നലെ കോളേജിലെത്തിച്ച് തെളിവെടുത്തു. ഇയാളുടെ ഉത്തരക്കടലാസുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ഇതിന് 2016ൽ ശിവരഞ്ജിത്തെഴുതിയ ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നൽകണമെന്നാവശ്യപ്പട്ട് അന്വേഷണ സംഘം സർവകലാശാലയ്ക്ക് കത്ത് നൽകും.
ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തവയിൽ രജിസ്റ്റർ നമ്പരും ഉത്തരവും എഴുതിയ മൂന്ന് ഉത്തര കടലാസുകളുണ്ടായിരുന്നു. 2016ൽ നടത്തിയ പരീക്ഷയുടെ തിയതിയും രജിസ്റ്റർ നമ്പരുകളും സഹിതം ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഒരെണ്ണത്തിലെ രജിസ്റ്റർ നമ്പർ ശിവരഞ്ജിത്തിന്റെ സുഹൃത്ത് പ്രണവിന്റേതാണെന്നാണ് കോളേജ് അധികൃതർ അറിയിച്ചു.
ആക്രമണ സംഘത്തിൽ പ്രണവും
പി.എസ്.സി റാങ്ക് ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായ പ്രണവും കോളേജിലെ ആക്രമി സംഘത്തിലുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഇയാൾ കേസിലെ 17-ാം പ്രതിയാണ്. പ്രണവ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. അക്രമത്തിൽ പങ്കെടുത്ത പ്രണവ്, ഹരീഷ്, മുഹമ്മദ് അസ്ലം, രഞ്ജിത് ഭാസ്കരൻ, അക്ഷയ്, നസീം, സെഫാൻ, ഇജാബ്, എന്നിവരെ യൂണിവേഴ്സിറ്റികോളേജിൽ നിന്നും, നസീമിനെ സംസ്കൃതകോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു.