1

നേമം: ലീവ് കഴിഞ്ഞ് നാട്ടിൽ നിന്നും ജോലി സ്ഥലത്തേയ്ക്കുളള മടക്ക യാത്രയ്ക്കിടെ അസമിലെ സബ്മതമുഖ് റെയിൽവേ സ്റ്റെഷന് സമീപം ട്രെയിൽ തട്ടി മരിച്ച ബി.എസ്.എഫ് ജവാന് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി. നേമം ശാന്തിവിള മഠത്തുവിള വീട്ടിൽ കൃഷ്ണൻകുട്ടി നായരുടെയും പത്മാവതിയമ്മയുടെയും മകൻ കെ.പി.അനിൽകുമാർ (49) ആണ് കഴിഞ്ഞ വ്യാഴാഴ്ച മരിച്ചത്. ബുധനാഴ്ച നേമത്തുളള വസതിയിൽ നിന്നും സന്താേഷവാനായി യാത്ര തിരിച്ച അനിൽകുമാർ അർദ്ധ രാത്രിയോടെ വീട്ടിൽ ഫോൺ വിളിച്ചിരുന്നെങ്കിലും അടുത്ത ദിവസം അനിൽകുമാറിന്റെ മരണ വാർത്തയാണ് ഭാര്യ ജയശ്രീയെയും മക്കളായ അനുജയെയും അ‌ഞ്ജുവിനെയും തേടിയെത്തിയത്. അസാമിലെ ബി.എസ്.എഫ് ഹെഡ് ക്വാർട്ടേഴ്സിൽ സേവനമനുഷ്ടിച്ചു വരുകയായിരുന്നു.തിരുവനന്തപുരത്തെത്തിച്ച മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ബി.എസ്.എഫ് മുട്ടത്തറ യൂണിറ്റിന്റെ അകമ്പടിയോടെയാണ് ഇന്നലെ രാവിലെ 10 ന് മൃതദേഹം നേമത്തുളള വസതിയിൽ എത്തിച്ചത്. അനിൽകുമാറിന് ആദരാഞ്ജലികൾ അർപ്പിക്കാനായി നിരവധിപേർ എത്തിയിരുന്നു.11.30 ഓടെ മൃതദേഹം വിലാപയാത്രയായി തൈക്കാട് ശാന്തികവാടത്തിലെത്തിച്ച് സംസ്കരിച്ചു.