ശിവഗിരി: ആധുനിക കേരളം ചിന്തിക്കുന്നതിന് മുമ്പ് ശ്രീനാരായണ ഗുരുദേവൻ നാടിന്റെ സുസ്ഥിര വികസനത്തെ സംബന്ധിച്ചും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജൈവവൈവിദ്ധ്യത്തെക്കുറിച്ചും ദീർഘദർശനം ചെയ്‌തിരുന്നെന്ന് മന്ത്റി വി.എസ്. സുനിൽകുമാർ പറഞ്ഞു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ കൃഷിസമിതിയുടെ ആഭിമുഖ്യത്തിൽ ശിവഗിരിമഠത്തിൽ നടന്ന സുസ്ഥിരവികസന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനപ്പെട്ട ദൗത്യമാണ് ശിവഗിരിമഠം ഏറ്റെടുത്തിരിക്കുന്നത്. കേവലം ആത്മീയതയിൽ ഒതുങ്ങി നിൽകുന്നതല്ല ശ്രീനാരായണ ദർശനം. മനുഷ്യന്റെ ഭൗതികമായ വളർച്ചയ്‌ക്കും പുരോഗതിക്കും ആവശ്യമായ കാര്യങ്ങളെ പ്രായോഗികതലത്തിലെത്തിക്കാൻ സമൂഹത്തെ പ്രാപ്‌തരാക്കുന്ന ഉപദേശങ്ങളും നിർദ്ദേശങ്ങളുമാണ് ഗുരുദേവൻ നൽകിയത്. ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതിന് പിന്നിലെ പ്രചോദനം ഗുരുവിന്റെ കാഴ്‌ചപ്പാടാണെന്ന് മന്ത്റി പറഞ്ഞു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തിന്റെ സമഗ്രസുസ്ഥിര വികസന പദ്ധതി എന്ന ആശയത്തെക്കുറിച്ച് ലണ്ടനിലെ കോമൺവെൽത്ത് സെക്രട്ടേറിയറ്റിലെ മുൻ എൻവയൺമെന്റൽ പോളിസി കൺസൾട്ടന്റും സംസ്ഥാന സർക്കാരിന്റെ മുൻ സുസ്ഥിര വികസന ഉപദേഷ്ടാവുമായ ഡോ. കെ. രവി സംസാരിച്ചു.
തുടർന്ന് നടന്ന സെമിനാറിൽ കാർഷിക സർവകലാശാലയിലെ ഗവേഷണവിഭാഗം അസോസിയേറ്റ് ഡയറക്ടർ ഡോ. എ.എസ്. അനിൽകുമാർ, കാർഷിക സർവകലാശാല മുൻഡീൻ ഡോ. എം.എസ്. ഹജിലാൽ, മുൻ അനർട്ട് ഡയറക്ടർ ഡോ. എം. ജയരാജു, കാർഷിക സർവകലാശാല വിജ്ഞാന വ്യാപനവിഭാഗം മുൻ മേധാവി ഡോ. ആർ. പ്രകാശ്, ഫാമിംഗ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ എസ്.കെ. സുരേഷ്, കാർഷിക സർവകലാശാല വിജ്ഞാനവ്യാപന വിഭാഗം പ്രൊഫസർ ഡോ. എ.കെ. ഷെരീഫ്, കാർഷിക സർവകലാശാല തേനീച്ച പരാഗണവിഭാഗം മേധാവിയും മുൻഡീനുമായ ഡോ. സ്റ്റീഫൻദേവനേശൻ എന്നിവർ പ്രബന്ധങ്ങളവതരിപ്പിച്ചു.
ശിവഗിരിമഠം വിഭാവനം ചെയ്യുന്ന ജൈവ തെങ്ങുകൃഷി പദ്ധതിയുടെ ഉദ്ഘാടനവും മന്ത്റി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. ഇതിന്റെ ഭാഗമായി സ്വാമി ബോധിതീർത്ഥയ്‌ക്ക് മന്ത്റി തെങ്ങിൻതൈ കൈമാറി. ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി മന്ത്റിയുടെ നിർദ്ദേശപ്രകാരം കൃഷിവകുപ്പിൽ നിന്ന് 2000 പച്ചക്കറി വിത്തുകളുടെ പായ്ക്കറ്റുകൾ ശിവഗിരി മഠത്തിനു കൈമാറി. സുസ്ഥിര വികസനം സംബന്ധിച്ച പ്രബന്ധങ്ങളടങ്ങിയ വികസന രേഖ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ മന്ത്റിക്ക് കൈമാറി. ശിവഗിരി മഠത്തിൽ വിളയിച്ച ജൈവ കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവുമുണ്ടായിരുന്നു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും സ്വാമി വിശാലാനന്ദ നന്ദിയും പറഞ്ഞു.
ഫോട്ടോ
1. ശിവഗിരിയിൽ നടന്ന സുസ്ഥിരവികസന ശില്പശാല മന്ത്റി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി സാന്ദ്രാനന്ദ, ഡോ. കെ. രവി, ഡോ. എം. ജയരാജു, ഡോ. സ്റ്റീഫൻ ദേവനേശൻ, ഡോ. എം.എസ്. ഹജിലാൽ, ഡോ. എ.എസ്. അനിൽകുമാർ, ഡോ. ആർ. പ്രകാശ്, എസ്.കെ. സുരേഷ്, ഡോ. എ.കെ. ഷെരീഫ് എന്നിവർ സമീപം.
2. ശിവഗിരിമഠം വിഭാവനം ചെയ്യുന്ന ജൈവ തെങ്ങുകൃഷി പദ്ധതി സ്വാമി ബോധിതീർത്ഥയ്‌ക്ക് മന്ത്റി വി.എസ്. സുനിൽകുമാർ തെങ്ങിൻതൈ കൈമാറി ഉദ്ഘാടനം ചെയ്യുന്നു. സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശുദ്ധാനന്ദ എന്നിവർ സമീപം.
3. ശിവഗിരി മഠത്തിൽ ജൈവരീതിയിൽ വിളയിച്ചെടുത്ത കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനം