university-college
university college

 കാവൽ കാമ്പസിന് പുറത്ത് ; കോളേജിൽ കാര്യങ്ങളെല്ലാം പഴയപടി

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്തുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥ കണക്കിലെടുത്ത് കോളേജിനുള്ളിൽ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന പൊലീസിനെ എസ്.എഫ്.ഐക്കാരുടെ എതിർപ്പ് കാരണം പുറത്താക്കി.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കോളേജിലെ സ്റ്റേജിലിരുന്ന അഞ്ചംഗ പൊലീസ് സംഘത്തെ എസ്.എഫ്.ഐ പ്രവർത്തകർ ആട്ടിപ്പായിച്ചിരുന്നു. എസ്.എഫ്.ഐക്കാരുടെ നടപടിയെ ന്യായീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു പിന്നാലെയാണ് പൊലീസിനോട് കോളേജിനുള്ളിൽ പ്രവേശിക്കേണ്ടെന്നും കാവൽ കാമ്പസിന് പുറത്തുമതിയെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചത്. എന്നാൽ ശനിയും ഞായറും ക്ലാസില്ലാത്തതിനാലാണ് പൊലീസിനെ പുറത്തേക്ക് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം

പൊലീസിനെ പുറത്താക്കിയതോടെ കോളേജിലെ സ്ഥിതിഗതികൾ വീണ്ടും എസ്.എഫ്.ഐ നേതാക്കളുടെ കൈപ്പിടിയിലായെന്നാണ് ആക്ഷേപം. പൊലീസ് പുറത്ത് പോകണമെന്ന എസ്.എഫ്.ഐ നേതാക്കളുടെ ആവശ്യം അധികൃതർ അതേപടി നടപ്പാക്കിയതോടെ ,കോളേജിനുള്ളിൽ എസ്.എഫ്.ഐയെ എതിർക്കുന്ന ഒരു വിഭാഗം കുട്ടികൾ കടുത്ത ആശങ്കയിലാണ്.

കോളേജിൽ നടന്ന അക്രമങ്ങളുടെയും കത്തിക്കുത്തിന്റെയും തുടർ വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം കോളേജ് പ്രിൻസിപ്പൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. അക്രമത്തെ തുടർന്ന് ഒരാഴ്ച അടച്ചിട്ട കാമ്പസ് കിഞ്ഞ തിങ്കളാഴ്ച തുറന്നതിന് ശേഷവും പൊലീസ് കാവലും പിക്കറ്റിംഗും തുടർന്നു. ഇതിനിടെയാണ് , കോളേജിൽ യൂണിയൻ ഒാഫീസായി പ്രവർത്തിച്ചിരുന്ന 'ഇടിമുറി'ക്ക് സമീപമുള്ള സ്റ്റേജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് പുറത്തുപോകണമെന്ന് എസ്.എഫ്‌.ഐയുടെ നേതൃത്വത്തിൽ ഒരു വിഭാഗം വിദ്യാർത്ഥികൾ വെള്ളിയാഴ്ച ആവശ്യപ്പെട്ടത്. സ്റ്റേജിൽ സൂക്ഷിച്ചിരുന്ന പൊലീസിന്റെ ഷീൽഡുകളും ഹെൽമെറ്റുകളും ലാത്തികളും വാരി പുറത്തെറിഞ്ഞതോടെ,പൊലീസും എസ്.എഫ്.ഐ നേതാക്കളും തമ്മിൽ വാക്കേറ്റമുണ്ടായി..സർക്കാർ തീരുമാനപ്രകാരമാണ് കാമ്പസിനുള്ളിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയതെന്ന് സ്ഥലത്തെത്തിയ പ്രിൻസിപ്പൽ പറഞ്ഞെങ്കിലും നേതാക്കൾ വഴങ്ങിയില്ല. പൊലീസ് പുറത്ത് പോകണമെന്ന നിലപാടിൽ അവർ ഉറച്ചുനിന്നതോടെ, പി.ജി.ഒഴികെയുള്ള ക്ലാസ്സുകൾക്ക് പ്രിൻസിപ്പൽ അവധി നൽകിയിരുന്നു.

ദൃശ്യങ്ങൾ പുറത്ത്, 9 പേർക്ക്

കൂടി സസ്പെൻഷൻ

അതിനിടെ,യൂണിവേഴ്സിറ്റി കോളേജിൽ നടന്ന കത്തിക്കുത്തിന്റെയും അക്രമങ്ങളുടെയും വീഡിയോ പുറത്തായി.. അഖിലിനെ എസ്.എഫ്‌.ഐ യൂണിറ്റ് നേതാക്കൾ കുത്തിയശേഷവും അക്രമം നടന്നുവെന്നു വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ.

കുത്തേറ്റ് ചോര ചിന്തുന്ന അഖിലിനെയും ഒപ്പമുണ്ടായിരുന്നവരേയും നേതാക്കൾ ഉൾപ്പെട്ട സംഘം ഓടിക്കുന്നതും ,അവർക്ക് നേരെ വലിയ കല്ലുകൾ വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ കാണാം.. നെഞ്ചിൽ ആഴത്തിൽ കുത്തേറ്റ് അവശനായ അഖിലിനെ താങ്ങിക്കൊണ്ടാണ് സുഹൃത്തുക്കൾ ഓടുന്നത്. അഖിലിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ആക്രമി സംഘത്തിലുണ്ടായിരുന്നവർ സമ്മതിച്ചില്ലെന്ന് ഒപ്പമുണ്ടായിരുന്നവർ മൊഴി നൽകിയിരുന്നതാണ്.
അഖിലിനെ കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയാണ് പ്രതികൾ ആക്രമിച്ചതെന്ന പൊലീസ് എഫ്.ഐ.ആറിലെ നിഗമനത്തെ ബലപ്പെടുത്തുന്നതാണ് ദൃശ്യങ്ങൾ.