കുഴിത്തുറ:കന്യാകുമാരി ജില്ലയിലെ ആരൽവാമൊഴിയിൽ ബൈക്കിൽ ടെമ്പോയിടിച്ച് രണ്ട് പേർ മരിച്ചു. വില്ല്കുറി കരിഞ്ചാൻകോട് സ്വദേശി രതീഷ് കുമാർ (29), ലക്ഷ്മി (20) എന്നിവരാണ് മരിച്ചത്.ബൈക്ക് ഓടിച്ചത് രതീഷ് കുമാറാണ്. ഇന്നലെ രാവിലെ 6ന് ആരൽവാമൊഴിക്കടുത്ത് മുപ്പന്തലിൽ വച്ചായിരുന്നു അപകടം.
തിരുനെൽവേലി സ്വദേശി ജീസസ് (27)ഓടിച്ചിരുന്ന ടെമ്പോ എതിരേ വന്ന ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ടെമ്പോ റോഡിൽ മറിഞ്ഞു. ബൈക്കിൽ നിന്ന് തെറിച്ചു വീണ രതീഷ് കുമാർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ലക്ഷ്മി ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ടെമ്പോ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ആരൽവാമൊഴി പൊലീസ് കേസേടുത്തു.