തിരുവനന്തപുരം: അഖിലിന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകാതായപ്പോൾ രാഖിമോളെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് കേസിലെ രണ്ടാം പ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുൽ പൊലീസിനോട് കുറ്റസമ്മതം നടത്തി. താനും അഖിലും ചേർന്ന് കാറിൽ വച്ചാണ് രാഖിയെ കൊലപ്പെടുത്തിയതെന്നും വീട്ടുവളപ്പിൽ മുൻകൂട്ടി തയ്യാറാക്കിയ കുഴിയിൽ സുഹൃത്തായ ആദർശിന്റെ സഹായത്തോടെ മറവുചെയ്തെന്നും രാഹുൽ സമ്മതിച്ചു. മലയിൻകീഴിലെ ഒളിയിടത്തിൽ നിന്ന് ഇന്നലെ രാഹുലിനെ പിടികൂടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
രാഹുൽ പൊലീസിനോട് പറഞ്ഞത്: അഖിലിന്റെ വിവാഹം തടയുമെന്ന ഘട്ടത്തിലാണ് കൊല നടത്തിയത്. അഖിൽ നിർമ്മിച്ചുകൊണ്ടിരുന്ന വീടിന്റെ മുൻവശത്ത് പലതവണ ഇതിനായി ഗൂഢാലോചന നടത്തി. വീടിന്റെ വടക്കുകിഴക്ക് ഭാഗത്ത്, രാഖിയെ മറവുചെയ്യാൻ കുഴിയെടുക്കുകയും അതിലിടാൻ ഉപ്പ് ശേഖരിച്ചുവയ്ക്കുകയും ചെയ്തു.
എറണാകുളത്തെ ജോലിസ്ഥലത്ത് പോകാൻ ജൂൺ 21ന് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലെത്തിയ രാഖിയെ അഖിൽ കാറിൽ കയറ്റി അമ്പൂരി തട്ടാമുക്ക് ജംഗ്ഷനിലെത്തിച്ചു. ധനുവച്ചപുരം വഴിയാണ് വന്നത്. രാത്രി എട്ടോടെ വീടിന്റെ മുൻവശത്ത് കാർ എത്തിയപ്പോൾ താൻ രാഖിയുടെ കഴുത്തിൽ അമർത്തിപ്പിടിച്ചു. രാഖി ബഹളംവച്ചപ്പോൾ അഖിൽ കാർ സ്റ്റാർട്ട് ചെയ്ത് ഇരപ്പിച്ചു. ബോധരഹിതയായ രാഖിയെ കൊലപ്പെടുത്താൻ അഖിൽ കാറിന്റെ പിൻസീറ്റിൽ കയറി പ്ലാസ്റ്റിക് കയറുപയോഗിച്ച് കഴുത്തിൽ കുരുക്കിട്ടു. അഖിലും താനും ചേർന്ന് കയർ വലിച്ചുമുറുക്കി രാഖിയെ കൊലപ്പെടുത്തിയ ശേഷം ആദർശിന്റെ കൂടി സഹായത്തോടെ മറവുചെയ്തു. കാർ പലവട്ടം കഴുകിയ ശേഷം രാഖിയുടെ വസ്ത്രങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിച്ചു. താനും ആദർശുമായി ചേർന്നാണ് കാട്ടാക്കടയിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങിയത്.
വെള്ളിയാഴ്ച രാവിലെ രാഹുൽ പൊലീസിൽ കീഴടങ്ങിയതായി പിതാവ് വെളിപ്പെടുത്തിയിരുന്നു. പ്രതികളെ പിടിക്കാതെ പൊലീസ് ഒത്തുകളിക്കുകയാണെന്ന് രാഖിയുടെ പിതാവ് ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ അറസ്റ്റ് വിവരം പൊലീസ് പുറത്തുവിട്ടത്.