ss

തിരുവനന്തപുരം : കോളേജ് ഒഫ് എൻജിനിയറിംഗ് ട്രിവാൻഡ്രം അലുംനി അസോസിയേഷന്റെ (സീറ്റാ) പൂർവ വിദ്യാർത്ഥി സംഗമം 'സീ​റ്റാ ഡേ 2019" ആഘോഷിച്ചു. സി.ഇ.ടി ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന സംഗമത്തിൽ നൂറുകണക്കിന് പൂർവ വിദ്യാർത്ഥികൾ പങ്കെടുത്തു. സി.ഇ.ടിയിലെ 1994 ബാച്ചിലെ 275 പൂർവ വിദ്യാർത്ഥികൾ സിൽവർ ജൂബിലി ആദരം ഏ​റ്റുവാങ്ങി. സി.ഇ.ടി പ്രിൻസിപ്പൽ ഡോ. ജിജി സി.വി, റിസർച്ച് ഡീൻ ഡോ. സിന്ധു ജി എന്നിവർ മൊമന്റോ നൽകി. 1969ബാച്ചിലെ 125 വിദ്യാർത്ഥികൾ സുവർണ ജൂബിലി ആദരം ഏ​റ്റുവാങ്ങി. സി.ഇ.ടിയിലെ മുൻ പ്രിൻസിപ്പൽമാർ ഇവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ സി.ഇ.ടി 80വാർഷികത്തിന്റെ ഭാഗമായുള്ള ലോഗോ 80 വിളക്കുകൾ തെളിച്ച് പ്രകാശനം ചെയ്‌തു. വാർഷികാഘോഷങ്ങളുടെ ഭാഗമായി കോളേജിന് പുതിയ ഇന്നവേഷൻ സെന്റർ സ്ഥാപിക്കും.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ഉന്നമനത്തിനുള്ള കെയർ പദ്ധതി, കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിലെ 2000 സ്കൂൾ വിദ്യാർത്ഥികളുടെ ശാക്തീകരണത്തിനായി സീറ്റാ ഖത്തർ ചാപ്ട 75ലക്ഷം രൂപയുടെ പദ്ധതി എന്നിവ ചടങ്ങിൽ പ്രഖ്യാപിച്ചു. 1951ബാച്ചിലെ കെ.കെ. മേനോന്റെ ഓർമ്മയ്‌ക്കായി 45ലക്ഷം രൂപ ചെലവിൽ മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിൽ സ്ഥാപിച്ച സി.എ.എം/സി.എ.ഡി സെന്റർ ഈ വർഷം ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. തുടർന്ന് പൂർവ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.