മുടപുരം: എം.എൽ.എ ഫണ്ടും പി.ടി.എ ഫണ്ടും മറ്റ് സാമ്പത്തിക സഹായവും ഉപയോഗിച്ച് ഗവ. സ്കൂളുകൾക്ക് സ്കൂൾ ബസുകൾ വാങ്ങിയെങ്കിലും ബസ് സർവീസുകൾ നടത്തിക്കൊണ്ടു പോകാൻ കഴിയാതെ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ് ഗ്രാമീണ മേഖലയിലെ മിക്ക സർക്കാർ സ്കൂളുകളും. പാവപ്പെട്ട വിദ്യാർത്ഥികൾ പടിക്കുന്ന വിദ്യാലയങ്ങളാണ് ഗ്രാമ പ്രദേശങ്ങളിലെ മിക്ക സ്കൂളുകളും. അതിനാൽ വിദ്യാർത്ഥികളിൽനിന്നും കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്.
ബസിന്റെ വരവ് ചെലവ് കണക്കുകൾ പൊരുത്തപ്പെടാത്തതാണ് സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം.
എൽ.പി, യു.പി സ്കൂളുകളാണ് ബുദ്ധിമുട്ട് ഏറെ അനുഭവിക്കുന്നത്.
ബസ് ചാർജ് വർദ്ധിപ്പിച്ച് കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും സാമ്പത്തിക പരാധീനതകൾ മൂലം നിർബന്ധിച്ചു അവരിൽനിന്നു കൂടുതൽ ബസ് വാടക വാങ്ങാൻ അദ്ധ്യാപകർക്ക് സാധിക്കുന്നില്ല. യു.പി- എൽ.പി സ്കൂളുകൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലാണ്. അതിനാൽ വിദ്യാലയങ്ങളിലെ ഈ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഗ്രാമ പഞ്ചായത്തുകൾ മുൻകൈ എടുത്ത് ഇതിനായി പദ്ധതി തയാറാക്കി തുക വക കൊള്ളിക്കണമെന്നാണ് രക്ഷകർത്താക്കളുടെ ആവശ്യം. വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം നല്ല നിലയിൽ ഒരുക്കുന്നുണ്ടെങ്കിലും യാത്രാ സൗകര്യം സൗജന്യ നിരക്കിൽ ഏർപ്പെടുത്താൻ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് രക്ഷകർത്താക്കൾ അഭിപ്രായപ്പെട്ടു.