തിരുവനന്തപുരം: എറണാകുളം ലാത്തിച്ചാർജ് വിവാദത്തിൽ പൊലീസിനെ ന്യായീകരിച്ച സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തിപരമായ ആക്ഷേപം നേരിടുന്ന നിലയിലേക്ക് കാര്യങ്ങൾ പതിച്ചിരിക്കെ, സി.പി.ഐയിൽ കരിമരുന്നിന്റെ ഗന്ധമുള്ള പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്.
സ്വന്തം പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചപ്പോൾ രക്ഷാകർത്താവിന്റെ രൂപത്തിലെത്തേണ്ട സംസ്ഥാന സെക്രട്ടറിയിൽ നിന്ന് അതുണ്ടായില്ലെന്ന കുറ്റപ്പെടുത്തൽ പാർട്ടി അണികളിൽ അതിശക്തമാണ്. എറണാകുളം സംഭവത്തിലെ നാണക്കേട് മറയ്‌ക്കാൻ പൊലീസിനെതിരെ എന്തെങ്കിലും നടപടിയുണ്ടായേ മതിയാവൂ എന്ന ആവശ്യത്തിന് പാർട്ടിയിൽ ബലംപ്രാപിച്ചിരിക്കെ, ജില്ലാ കളക്ടറുടെ റിപ്പോർട്ട് നിർണായകമാവും. കളക്‌ടർ നാളെ സർക്കാരിന് നൽകുന്ന റിപ്പോർട്ടിൽ പൊലീസ് നടപടിക്കെതിരെ വിമർശനം വന്നാൽ ഞാറയ്‌ക്കൽ സി.ഐയെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യവുമായി, ഇസ്‌മായിൽ ചേരിക്ക് ആധിപത്യമുള്ള എറണാകുളം ജില്ലാ ഘടകം മുന്നിട്ടിറങ്ങാം.
ഉപതിരഞ്ഞെടുപ്പുകൾ മുന്നിൽ നിൽക്കെ സി.പി.എം - സി.പി.ഐ ബന്ധം വഷളാകാതെ കാക്കാൻ സി.പി.എം നേതൃത്വത്തിനും ബാദ്ധ്യതയുണ്ട്. ആഗസ്റ്റ് രണ്ടിന് ചേരുന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിലും വിവാദവിഷയങ്ങൾ ചർച്ചയാവും. ലാത്തിച്ചാർജിലേക്ക് നയിച്ച ഡി.ഐ.ജി ഓഫീസ് മാർച്ചിന്റെ വിവരം സംസ്ഥാന സെന്ററിനെ അറിയിക്കുന്നതിൽ എറണാകുളം ജില്ലാകമ്മിറ്റി വീഴ്ച വരുത്തിയെന്ന ആരോപണം ഔദ്യോഗിക നേതൃത്വത്തിനുണ്ട്. എക്സിക്യൂട്ടീവിൽ ഇതും ചർച്ചയാക്കാൻ നേതൃത്വം ശ്രമിക്കും. രണ്ടിനു തന്നെ തിരുവനന്തപുരത്ത് എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനവും ആരംഭിക്കും. എസ്.എഫ്.ഐ - എ.ഐ.എസ്.എഫ് തർക്കത്തിൽ നിന്നാണ് എറണാകുളം സംഭവത്തിന്റെ ഉദ്ഭവം എന്നതുകൊണ്ടുതന്നെ അതിലും പാർട്ടിനേതൃത്വത്തിനെതിരെ വിമർശനമുയരാം.
സെക്രട്ടറിക്കെതിരെ 'ബ്ലാക്ക്മെയിൽ' ആരോപണങ്ങൾ പ്രചരിക്കാനിടയാക്കിയത് പോലും ഗ്രൂപ്പ് കലഹത്തിന്റെ ഭാഗമാണ്. അത് ഒഴിവാക്കേണ്ടതായിരുന്നു എന്ന അഭിപ്രായവും പലരും പങ്കുവയ്ക്കുന്നുണ്ട്. പാർട്ടിയിലെ ചേരിപ്പോരിൽ ഇസ്‌മായിൽ പക്ഷം ഒളിഞ്ഞും തെളിഞ്ഞും ഇതും ആയുധമാക്കുകയാണ്.
എം.എൽ.എയ്ക്കെതിരായ പൊലീസ് അതിക്രമത്തിൽ സി.പി.ഐയുടെ ആവശ്യം അംഗീകരിക്കാൻ മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും തയ്യാറാകുമ്പോൾ വീണ്ടും പരസ്യമായി തല്ലുണ്ടാക്കണോയെന്നാണ് കാനം പക്ഷക്കാർ ചോദിക്കുന്നത്. തന്നെ സ്വാധീനിക്കുന്നത് രാഷ്ട്രീയമാണ് എന്ന് കാനം പറഞ്ഞതിൽ എല്ലാം അടങ്ങിയിട്ടുണ്ടെന്നാണ് വാദം.