തിരുവനന്തപുരം: അനുജന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകാത്ത രാഖിയെ കൊലപ്പെടുത്തി പ്രതികാരം തീർക്കുകയായിരുന്നെന്ന് രാഹുൽ പൊലീസിനോട് വെളിപ്പെടുത്തി. മിസ്ഡ് കാളിലൂടെ അനുജനുമായി പരിചയപ്പെട്ട് പ്രണയത്തിലായ രാഖി നിർബന്ധിച്ച് എറണാകുളത്തു വച്ച് താലികെട്ടിച്ചു. ഇതിന്റെ തെളിവുകൾ രാഖിയുടെ പക്കലുണ്ടായിരുന്നു. അഖിലേഷിന്റെ വിവാഹം മുടക്കാൻ രാഖി ശ്രമിച്ചതോടെ വകവരുത്താൻ തീരുമാനിച്ചെന്നും രാഹുൽ പറഞ്ഞു.
രാഖിക്ക് അഖിലിനെക്കാൾ പ്രായക്കൂടുതലായതിനാൽ ബന്ധം അംഗീകരിക്കാൻ വീട്ടുകാർക്ക് ബുദ്ധിമുട്ടായിരുന്നു. ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്നും മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതായും രാഖിയെ അഖിൽ അറിയിച്ചിരുന്നു. ഇതിനിടെ അന്തിയൂർകോണം സ്വദേശിയായ പെൺകുട്ടിയുമായി അഖിലിന്റെ വിവാഹം വീട്ടുകാർ നിശ്ചയിച്ചു. വലിയ ചടങ്ങായി നിശ്ചയം നടത്തി, മോതിരം കൈമാറി. വിവാഹം നടക്കാതിരിക്കാൻ രാഖി പല രീതിയിലും തടസങ്ങളുണ്ടാക്കി. പെൺകുട്ടിയുടെ വീട്ടിലെത്തി അഖിലും താനുമായി പ്രണയത്തിലാണെന്ന് രാഖി അറിയിച്ചു. തുടർന്ന് വിവാഹം അനിശ്ചിതത്വത്തിലായി. ഇതിൽ പ്രകോപിതനായ അഖിൽ രാഖിയെ ഫോണിൽ വിളിച്ച് ശകാരിക്കുകയും താക്കീത് ചെയ്യുകയും ചെയ്തു. എന്നാൽ അഖിൽ മറ്റൊരു വിവാഹം ചെയ്താൽ നിയമപരമായ നടപടികളിലേക്ക് കടക്കുമെന്ന് രാഖി പറഞ്ഞു. ഇതോടെയാണ് അഖിൽ തന്റെ സഹായം തേടിയത്.
പിണക്കത്തിലായിരുന്ന രാഖിയെ മറ്റൊരു വിവാഹം കഴിക്കില്ലെന്ന ഉറപ്പ് നൽകി പുതിയ വീട് കാണിക്കാമെന്ന് പറഞ്ഞ് അഖിൽ കാറിൽ കൊണ്ടുവരികയായിരുന്നു. കാറിൽ വച്ച് രാഖിയോട് വിവാഹത്തിന് തടസം നിൽക്കരുതെന്ന് അഖിൽ അഭ്യർത്ഥിച്ചെങ്കിലും വഴങ്ങിയില്ല. കാർ എവിടെയെങ്കിലും ഇടിച്ചുകയറ്റി കൊല്ലുമെന്ന് അഖിൽ ഭീഷണിപ്പെടുത്തിട്ടും രാഖി പിന്മാറിയില്ല.
കൊലയ്ക്ക് ഉപയോഗിച്ച കയർ, കുഴി വെട്ടിമൂടാനുപയോഗിച്ച മൺവെട്ടി തുടങ്ങിയവയും രാഖിയുടെ വസ്ത്രങ്ങളും ഇനി കണ്ടെത്തേണ്ടതുണ്ട്.