medical-fees

തിരുവനന്തപുരം: ഇക്കൊല്ലം സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ അ‌ഞ്ചുവർഷത്തെ ഫീസിനുള്ള ബാങ്ക് ഗാരന്റി നൽകണമെന്ന സർക്കാർ ഉത്തരവ് നിർദ്ധന വിദ്യാർത്ഥികളെ വല‌യ്‌ക്കും.

ആദ്യ വർഷത്തേതിന് പുറമെ ശേഷിക്കുന്ന നാല് വർഷത്തെ ഫീസിന് തുല്യമായ തുകയ്‌ക്കുള്ള ബാങ്ക് ഗാരന്റി നൽകണമെന്നാണ് എൻട്രൻസ് കമ്മിഷണറുടെ ഉത്തരവ്. ഇത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വൻ ബാദ്ധ്യതയുണ്ടാക്കും. സ്വാശ്രയ മെഡിക്കൽ കോളജുകളിൽ നിലവിലെ വാർഷിക ഫീസ് പ്രകാരം ശരാശരി 25 ലക്ഷം രൂപയുടെ ബാങ്ക് ഗാരൻറിയാണ് നൽകേണ്ടത്. സ്വാശ്രയ മെഡിക്കൽ മാനേജ്‌മെൻറ് അസോസിയേഷൻ ബാങ്ക് ഗാരൻറിക്കായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ബാങ്ക് ഗാരൻറി ആവശ്യമാണെങ്കിൽ പ്രവേശനം നേടുന്നവർ അത് ഹാജരാക്കണമെന്ന് വിജ്ഞാപനം ചെയ്യണമെന്ന് കോടതി നിർദ്ദേശിച്ചു. ഇതുപ്രകാരമാണ് എൻട്രൻസ് കമ്മിഷണർ വി‌ജ്ഞാപനമിറക്കിയത്. 2017ൽ ബാങ്ക് ഗാരൻറിക്കായി സ്വാശ്രയ മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സർക്കാർ എതിർത്തിരുന്നു. അതോടെ കോടതിയും മാനേജ്മെന്റുകളുടെ ആവശ്യം തള്ളിയിരുന്നു.