farooq-lukeman
ഫാറൂഖ് ലുഖമാൻ (80) അന്തരിച്ചു.

ജിദ്ദ: ജിദ്ദ- മലയാളം ന്യൂസ് സ്ഥാപക എഡിറ്റർ ഇൻ ചീഫും മദ്ധ്യപൗരസ്ത്യദേശത്തെ പ്രമുഖ മാദ്ധ്യമപ്രവർത്തകനുമായിരുന്ന ഫാറൂഖ് ലുഖമാൻ (80) നിര്യാതനായി.

അമേരിക്കയിലെ കൊളംബിയാ സർവകലാശാലയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഫാറൂഖ് ഏദനിൽ പിതാവ് നടത്തിയിരുന്ന പ്രസാധന സ്ഥാപനത്തിൽ തന്റെ മാദ്ധ്യമ പ്രവർത്തനം ആരംഭിച്ചു.

അറബി ദിനപത്രമായ ഫതഉൽ ജസീറയുടേയും ഇംഗ്ലീഷ് വാരികയായ ഏദൻക്രോണിക്കിളിന്റേയും എഡിറ്റർ പദവിയും വഹിച്ചു.

1968ൽ ന്യൂയോർക്ക് ടൈംസിന്റേയും ന്യൂസ് വീക്കിന്റേയും യു.പി.ഐയുടേയും കറസ്‌പോണ്ടന്റായി.

1975ൽ അറബ് ന്യൂസിന്റെ പ്രഥമ മാനേജിംഗ് എഡിറ്ററായി ചുമതലയേറ്റു.

സൗദി റിസർച്ച് ആന്റ് പബ്ളിഷിംഗ് കമ്പനിയുടെ പത്രപ്രവർത്തന പരിശീലനകേന്ദ്രം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. മലയാളം ന്യൂസിനു പുറമേ ഉർദു ന്യൂസ്, ഉർദു മാഗസിൻ എന്നിവയുടേയും മുഖ്യപത്രാധിപ സ്ഥാനം അലങ്കരിച്ചിരുന്നു.

ജവഹർലാൽ നെഹ്രു മുതൽ രാജീവ് ഗാന്ധിവരെ നെഹ്രു കുടുംബത്തിലെ മൂന്നു തലമുറ നേതാക്കളെ ഇന്റർവ്യൂ ചെയ്യാനുള്ള അപൂർ ഭാഗ്യവും സിദ്ധിച്ചിട്ടുണ്ട്.
ഭാര്യ: ബർക്ക ഹമൂദ്. മക്കൾ: വാഹി ലുഖമാൻ (അന്തരാഷ്ട്ര നിയമത്തിൽ ഡോക്ടറേറ്റുനേടിയ ആദ്യത്തെ അറബ് വനിത, അദ്ധ്യാപിക, ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി), ദാഫർ ലുഖമാൻ (ബാങ്കിംഗ്‌മേഖല, ദുബായ്), യുംന് (പത്രപ്രവർത്തകൻ), അബ്ദുല്ല ലുഖമാൻ (ദുബായ്), മാഹിർ ലുഖമാൻ (മാർക്കറ്റിംഗ് ഡയറക്ടർ, ദുബായ്).