പാറശാല: ട്രെയിനിൽ യാത്രക്കാരെ ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും പണം കവരുന്ന ട്രാൻസ്ജെൻഡറിനെ പാറശാല റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെട്ടയം സ്വദേശിയും ട്രാൻസ്ജെൻഡറുമായ ബിനോയ് (32) ആണ് അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്നു കന്യാകുമാരിയിലേക്ക് വന്ന ഐലൻഡ് എക്സ്‌പ്രസിൽ ഇന്നലെ ഉച്ചയ്ക്ക് 1.45 ന് നേമത്തു വച്ചാണ് സംഭവം. ബംഗളൂരുവിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് ഭാര്യയും മകളും ചെറുമകളുമായി വന്ന മണവാളക്കുറിച്ചി കടിയപ്പട്ടണം തോമസ് സ്ട്രീറ്റിൽ സേവ്യർ ദാസിനെയാണ് (60) അതേ ബോഗിയിൽ ഉണ്ടായിരുന്ന ബിനോയ് പണം ആവശ്യപ്പെട്ട ശേഷം ആക്രമിച്ചത്. ആക്രമണത്തിൽ സേവ്യർ ദാസിന്റെ ഇടത് കൈയ്ക്കും തലയ്ക്കും മുറിവേറ്റു. തടയാനെത്തിയ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പൊലീസിനെയും ഇയാൾ ഉപദ്രവിച്ചു. തുടർന്ന് പാറശാല സ്റ്റേഷനിൽ വച്ച് മറ്റ് പൊലീസുകാരുടെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ ഇയാൾ പതിവായി ട്രെയിനിൽ യാത്രക്കാരെ കബളിപ്പിച്ച് രൂപ തട്ടുന്നത് പതിവാണെന്നാണ് റെയിൽവേ പൊലീസ് പറയുന്നത്. സേവ്യറെ പാറശാല താലൂക്ക് ആശുപത്രിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. പാറശാല റയിൽവേ സ്റ്റേഷനിലെ എസ്.ഐ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഡി.പി.ഒ മാരായ ശിവകുമാർ, അനിൽകുമാർ, സി.പി.ഒ ഷിനുജോൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.