കുടുങ്ങിയത് തിരു. വിമാനത്താവളത്തിൽ
തിരുവനന്തപുരം: അമ്പൂരിയിൽ രാഖിമോളെ കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ കേസിലെ ഒന്നാം പ്രതിയും രാഖിയുടെ കാമുകനുമായ അഖിൽ ഇന്നലെ രാത്രി പൊലീസ് പിടിയിലായി. ഡൽഹിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ രാത്രി 8.15ന് തിരുവനന്തപുരത്ത് വന്നിറങ്ങിയ അഖിലിനെ ഇവിടെ കാത്തുനിൽക്കുകയായിരുന്ന പൂവാർ പൊലീസ് പിടികൂടുകയായിരുന്നു. ഡൽഹിയിൽ പട്ടാളക്കാരനാണ് അഖിൽ.
അഖിൽ കൊല നടത്തിയ ശേഷം ജൂൺ 27ന് വൈകിട്ട് 7ന് രാജധാനി എക്‌സ്‌പ്രസിൽ തിരുവനന്തപുരത്തു നിന്ന് യാത്രതിരിച്ച് 29ന് ഡൽഹിയിലെത്തിരുന്നു. പക്ഷേ മിലിട്ടറി യൂണിറ്റിൽ റിപ്പോർട്ട് ചെയ്തില്ല. ഡൽഹിയിൽ നിന്ന് കഴിഞ്ഞ ദിവസം മാദ്ധ്യമപ്രവർത്തകരെയും പിതാവിനെയും അഖിൽ ഫോണിൽ ബന്ധപ്പെട്ടിരുന്നു. കൊലപാതകത്തിൽ പങ്കില്ലെന്നാണ് അന്ന് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്.
തുടർന്ന് ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ മനസിലാക്കിയ അന്വേഷണ സംഘം ഡൽഹി പൊലീസിന്റെ സഹായം തേടി. ഡൽഹി പൊലീസിന്റെ സഹായത്തോടെ ഇയാളെ നിരീക്ഷണത്തിലാക്കിയ നെയ്യാറ്റിൻകര ഡിവൈ.എസ്. പി എസ്. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തന്ത്രപൂർവം നാട്ടിലെത്തിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൂവാർ സി.ഐ ബി.രാജീവ്, വെള്ളറട സി.ഐ. എൻ. ബിജു എന്നിവരുടെ നിർദ്ദേശപ്രകാരം പൂവാർ എസ്.ഐ സജീവ്, കോൺസ്റ്റബിൾമാരായ പ്രേംകുമാർ, വിമൽ, അഭിലാഷ്, സന്തോഷ്, പ്രവീൺ, പോൾവിൻ, സുനിൽലാൽ, അജിത് എന്നിവരടങ്ങിയ ടീം അഖിലിനെ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത് നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഒാഫീസിലേക്ക് കൊണ്ടുപോയി.
അഖിലിന്റെ അറസ്റ്റോടെ രാഖി കൊലക്കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. അഖിലിന്റെ സഹോദരനും രണ്ടാം പ്രതിയുമായ രാഹുൽ ഇന്നലെ രാവിലെയും, സുഹൃത്തും അയൽവാസിയും മൂന്നാം പ്രതിയുമായ ആദർശ് നേരത്തെയും പിടിയിലായിരുന്നു.
നേരത്തേ താലികെട്ടിയ രാഖിയുമായുള്ള ബന്ധം ഉപേക്ഷിച്ച് വേറെ വിവാഹം കഴിക്കാനായിരുന്നു അഖിലിന്റെ ശ്രമം. ഇത് തടയാൻ ശ്രമിച്ചതിന് രാഖിയെ കാറിൽ കയറ്റി അമ്പൂരിയിലെത്തിച്ച് കാറിൽ വച്ചുതന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൂവരും ചേർന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടിയെന്നാണ് കേസ്.