തിരുവനന്തപുരം: കലാകാരന്മാരെ നിശബ്ദരാക്കാനുള്ള വർഗീയ ഫാസിസ്റ്റ് ശക്തികളുടെ ശ്രമങ്ങൾ കേരളത്തിന്റെ മണ്ണിൽ വിലപ്പോകില്ലെന്നും ഇത്തരക്കാരുടെ ഭീകരതയ്ക്കും ഭീരുത്വത്തിനും മുന്നിൽ ഒരിക്കലും കീഴടങ്ങില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നടി ഷീലയ്‌ക്ക് ജെ.സി.ഡാനിയേൽ അവാർഡും 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമുദായിക ചേരിതിരിവ് രൂക്ഷമായ ഇക്കാലത്ത് വിശാലമാനവികതയ്ക്ക് വേണ്ടി നിലകൊള്ളുന്ന സിനിമകളെ പ്രോത്സാഹിപ്പിക്കണം. കുറച്ചുനാളായി ചലച്ചിത്രലോകത്ത് വർഗീയവിദ്വേഷം പടർത്താനുള്ള ശ്രമങ്ങൾ ദേശീയതലത്തിൽ ശക്തിപ്പെടുകയാണ്. കലാകാരന്മാർ കുലഗുരുവായി കാണുന്ന ദിലീപ് കുമാറിനു പോലും ഫാസിസ്റ്റ് ഭീഷണി നേരിടേണ്ടിവന്നു. കമലഹാസൻ ആനന്ദ് പട്‌വർദ്ധൻ, ദീപ മേത്ത, ഷബാന ആസ്‌മി തുങ്ങിയ വിഖ്യാത ചലച്ചിത്രപ്രതിഭകൾക്ക് നേരെ ഭീഷണിയോ ആക്രമണങ്ങളോ ഉണ്ടായി. ഇങ്ങനെ കലാകാരന്മാരെ നിശബ്ദരാക്കാനുള്ള അർദ്ധഫാസിസ്റ്റുകളുടെ ഭീഷണിയാണ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് നേരെ ഉണ്ടായതും. ഈ ഭീഷണി കേരളത്തിൽ വിലപ്പോകില്ല. കേരളം ഇന്ത്യയ്ക്കും ഇന്ത്യ ലോകത്തിനും നൽകിയ ചലച്ചിത്ര വ്യക്തിതത്വമാണ് അടൂർ. ഫാൽക്കെ അവാർഡ് നേടിയ ഈ കലാകാരനെ ആക്ഷേപിക്കുന്നതിലൂടെ വർഗീയ ശക്തികളുടെ വക്താക്കൾ സംസ്‌കാര രാഹിത്യമാണ് വെളിവാക്കിയത്. നിർഭയമായി അഭിപ്രായം പറയുന്നവർ ഒഴിവായി കിട്ടിയാലെ സ്വന്തം രാഷ്ട്രീയവുമായി മുന്നോടുപോകാനാവൂയെന്ന ഭീരുത്വമാണ് ഇതിലൂടെ തെളിയുന്നത്. സർഗാത്മക പ്രതിഭകളെ കേരളവും കേരള ജനതയും സർക്കാരും എന്തുവില കൊടുത്തും സംരക്ഷിക്കും. അവർക്ക് സ്വതന്ത്രമായും ഭയരഹിതമായും പ്രവർത്തിക്കാനുള്ള അന്തരീക്ഷം ഉറപ്പാക്കും. ഇതിനായി സിനിമാരംഗത്തുള്ളവർ എല്ലാത്തരം വിഭാഗീയതയ്ക്കും ചേരിതിരിവിനും അതീതമായി ഒരുമിച്ച് നിൽക്കണം. ഒരുമയിലൂടെ മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കുന്ന നല്ല ചലച്ചിത്രസൃഷ്ടികളാണ് ഉണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി എ.കെ.ബാലൻ അദ്ധ്യക്ഷത വഹിച്ചു. 2018ലെ ജെ.സി.ഡാനിയേൽ പുരസ്‌കാരം ഷീല മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. ജയസൂര്യ, സൗബിൻ ഷാഹിർ എന്നിവർ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. ജോജു ജോർജ് സ്വഭാവനടനുള്ള പുരസ്‌കാരവും നിമിഷ സജയൻ മികച്ച നടിക്കുള്ള പുരസ്‌കാരവും ഏറ്റുവാങ്ങി. മികച്ച സംവിധായകൻ ശ്യാമപ്രസാദ്, മികച്ച കഥാചിത്രത്തിന് സി.ഷെരീഫ്, നവാഗത സംവിധായകൻ സക്കറിയ മുഹമ്മദ്, ഗായകൻ വിജയ് യേശുദാസ് തുടങ്ങി 44 പേരും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
പ്രതിഭകൾക്ക് ആദരം
മലയാള സിനിമയ്‌ക്ക് നൽകിയ അമൂല്യസംഭാവനകൾ പരിഗണിച്ച് ടി.ആർ.ഓമന, ശിവൻ, സി.എസ്.രാധാദേവി, നെയ്യാറ്റിൻകര കോമളം, ജി.കെ.പിള്ള, വിപിൻ മോഹൻ, ടി.എൻ.കൃഷ്ണൻകുട്ടി നായർ, ലതാ രാജു, ശ്രീലത നമ്പൂതിരി, ബി.ത്യാഗരാജൻ, രഘുനാഥ്, സ്റ്റാൻലി ജോസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജഗതി ശ്രീകുമാറിനും ആദരമുണ്ടായിരുന്നെങ്കിലും അദ്ദേഹം ചടങ്ങിനെത്തിയില്ല.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, വി.എസ്. സുനിൽകുമാർ, കെ.കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, ഒ.രാജഗോപാൽ എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, സംഘാടക സമിതി ജനറൽ കൺവീനർ വി.ശിവൻകുട്ടി, സാംസ്‌കാരിക സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാഡമി വൈസ് ചെയർപേഴ്‌സ്ൺ ബീനാപോൾ എന്നിവർ സന്നിഹിതരായിരുന്നു. മേയർ വി.കെ. പ്രശാന്ത് സ്വാഗതവും അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു നന്ദിയും പറഞ്ഞു. തുടർന്ന് നവവസന്തം എന്ന സംഗീത പരിപാടി അരങ്ങേറി.