തിരുവനന്തപുരം: കൊച്ചി വൈറ്റില മേൽപ്പാലം നിർമ്മാണത്തിൽ നിലവാരക്കുറവുണ്ടെന്ന റിപ്പോർട്ട് ചോർന്നതിന്റെ പേരിൽ പൊതുമരാമത്ത് വകുപ്പ് ക്വാളിറ്റി കൺട്രോൾ വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ബി.കെ.ഷൈലമോൾക്കെതിരെ നടപടി വന്നേക്കും.
മാദ്ധ്യമങ്ങൾക്ക് വിവരം ചോർത്തിനൽകിയെന്ന പേരിലാണ് നടപടി. മേൽപ്പാലം നിർമ്മാണത്തിൽ വീഴ്ച കണ്ടെത്തിയതായി ക്വാളിറ്റി കൺട്രോൾ വിഭാഗം റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് വകുപ്പു മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇത്തരം പ്രചാരണമുണ്ടായതിനെക്കുറിച്ച് പൊലീസ്, വിജിലൻസ് അന്വേഷണങ്ങൾ നടത്തുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ചർച്ച നടത്തും.
മേൽപ്പാലത്തിന്റെ കോൺക്രീറ്റ് സമയത്ത് പരിചയസമ്പന്നരായ സൂപ്പർവൈസർമാർ ഉണ്ടായിരുന്നില്ലെന്നും മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥരും കരാറുകാരനും ഗുരുതരമായ വീഴ്ചവരുത്തിയെന്നുമാണ് റിപ്പോർട്ടിലുള്ളത്. കോൺക്രീറ്റിന് ഗുണനിലവാരമില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, എൻജിനിയറുടെ നടപടി ചട്ടവിരുദ്ധമാണെന്നാണ് വകുപ്പിന്റെ നിലപാട്.
പൊതുമരാമത്ത് മാന്വൽ പ്രകാരം ഒന്നിലധികം തവണ വകുപ്പുതലത്തിലും തുടർന്ന് സ്വതന്ത്ര ഏജൻസിയും പരിശോധന നടത്തിയ ശേഷമാണ് ഗുണനിലവാരത്തിന്റെ കാര്യത്തിൽ അന്തിമതീരുമാനത്തിലെത്തുക. വൈറ്റില മേൽപ്പാലത്തിന്റെ ആദ്യഘട്ട നിലവാര പരിശോധനയിൽ കാര്യമായ വീഴ്ചകൾ കണ്ടെത്തിയില്ല. തുടർന്ന് ക്വാളിറ്റി കൺട്രോൾ ലാബ് നടത്തിയ പരിശോധനയിലാണ് ചെറിയ കുഴപ്പങ്ങൾ ഉള്ളതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കോതമംഗലം എൻജിനിയറിംഗ് കോളേജിലെ സംഘം പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് നൽകി. ഇവരുടെ പരിശോധനയിൽ നിർമ്മാണത്തിൽ പാളിച്ചയുള്ളതായി കണ്ടെത്തിയില്ല. പരിശോധനാ റിപ്പോർട്ടുകൾ ക്വാളിറ്റി കൺട്രോൾ വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ പരിശോധിക്കും മുമ്പ് പുറത്തുവിട്ടത് ഗുരുതരമായ വീഴ്ചയാണ്. ഇക്കാര്യത്തിൽ തെറ്റിദ്ധാരണാജനകമായ റിപ്പോർട്ടുകൾ പ്രചിരിപ്പിച്ചെന്നാണ് ഷൈലമോൾക്ക് എതിരായ ആക്ഷേപം.
പിന്നിൽ പാലാരിവട്ടം ലോബി:
മന്ത്രി സുധാകരൻ
വൈറ്റില മേൽപ്പാലത്തിന്റെ നിർമ്മാണത്തിൽ കുഴപ്പമുണ്ടെന്ന പ്രചാരണത്തിനു പിന്നിൽ പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട ലോബിയാണെന്ന് മന്ത്രി ജി. സുധാകരൻ ആരോപിച്ചു. ഇടതു സർക്കാരിന്റെ കാലത്തു നിർമ്മിക്കുന്ന പാലത്തിനും കുഴപ്പമുണ്ടെന്ന് വരുത്താനാണ് ശ്രമം.
ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെ പരിശോധന പൊതുമരാമത്ത് വകുപ്പിന്റെ സാധാരണ നടപടി ക്രമമാണ്. അതിന്റെ ചുമതലയുള്ള അസി. എക്സിക്യുട്ടീവ് എൻജിനിയർ യാതൊരു തകരാറും സർക്കാരിന് റപ്പോർട്ട് ചെയ്തിട്ടില്ല.
വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമ്മാണപ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കാൻ പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കമലവർദ്ധന റാവു കൺവീനറായും ചീഫ് എൻജിനീയർമാർ അംഗങ്ങളായും കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. പൊതുമരാമത്ത് ദേശീയപാതാ വിഭാഗത്തിനാണ് മേൽനോട്ടം. കൂടാതെ പാലാരിവട്ടം പാലത്തിന്റെ പരിശോധനയ്ക്ക് നിയോഗിക്കപ്പെട്ട മൂന്ന് ചീഫ് എൻജിനിയർമാരെ ഈ പാലങ്ങളുടെ നിർമ്മാണ നിലവാരം ശ്രദ്ധിക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു ക്രമക്കേടും സർക്കാർ വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു..