നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയ്ക്ക് മുകളിൽ മാലിന്യ കൂന്നുകൂടാൻ തുടങ്ങിയതോടെ ഇവിടത്തെ ജനങ്ങളുടെ കഷ്ടകാലവും തുടങ്ങി. മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം സഹിച്ച് കഴിയേണ്ട അവസ്ഥയായിരുന്നു ഇതുവരെ. എന്നാൽ ഇന്ന് അതും മാറി. പല രോഗങ്ങൾക്കും വഴിവച്ചിരിക്കുകയാണ് ഈ മാലിന്യ കൂനകൾ. ഇവിടെല്ലാം മാലിന്യം നിറഞ്ഞതോടെ നെയ്യാറും മരുത്തൂർതോടും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി. നെയ്യാറ്റിൻകരയെ രണ്ടായി പിളർന്നൊഴുകുന്ന മരുത്തൂർ തോടും നെയ്യാറും ഇപ്പോൾ മാലിന്യം പേറിയാണ് ഒഴുകുന്നത്. മണലൂർ, ഈഴക്കുളം, കവളാകുളം നിവാസികൾ കുളിക്കാനും മറ്റും ആശ്രയിക്കുന്നത് നെയ്യാറിൽ വന്നുചേരുന്ന മരുത്തൂർ തോടാണ്. തോട് ഇത്ര വൃത്തിഹീനമായ തരത്തിൽ തുടർന്നാൽ പകർച്ചവ്യാധി പിടിപെടുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും നഗരസഭാധികൃതർക്ക് കുലുക്കമില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പശ്ചിമഘട്ടത്തിന്റെ ഒരു ഭാഗമായ അഗസ്ത്യാർകൂടത്തിൽ നിന്നു 56 കി.മീ ദൂരം സഞ്ചരിച്ചാണ് നെയ്യാർ അറബിക്കടലിലേക്ക് സംഗമിക്കുന്നത്. ഈ ദൂരമത്രയും മാലിന്യവും വഹിച്ചാണ് നെയ്യാർ പൂവാറിലെത്തുന്നത്. നെയ്യാർ സംരക്ഷിക്കാൻ ശ്രമം തുടങ്ങിയിട്ടു വർഷങ്ങളേറെയായി. കഴിഞ്ഞ ആറ് മാസം മുൻപ് സംസ്ഥാനത്തെ നദികളിൽ നടത്തിയ പഠനങ്ങളിൽ ഏറ്റവും കൂടുതൽ കൊളിഫാം ബാക്ടീരിയ ഉള്ളത് നെയ്യാറിലാണെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോൾ നദിയിലെ വെള്ളം വീണ്ടും പരിശോധിച്ചാൽ അതിലും ഗുരുതരമായിരിക്കും അവസ്ഥ.
മരുത്തൂർ തോടിന്റെ ഇരുകരകളിലും ഔഷധതോട്ടം വച്ചു പിടിപ്പിക്കണമെന്ന് നിർദ്ദേശമുണ്ടായതും പരിഗണിച്ചിട്ടില്ല. തോട്ടിന് ഇരുകരകളിലും കുടുംബശ്രീയുമായി സഹകരിച്ച് പച്ചക്കറി കൃഷി ചെയ്യാനും നിർദ്ദേശമുണ്ടായിരുന്നു.
ഏതാണ്ട് മുപ്പത് കിലോമീറ്ററോളം നീളത്തിൽ ഒഴുകിയെത്തുന്ന മരുത്തൂർ തോടിലെ ജലം ശുദ്ധമായി സംരക്ഷിച്ച് തടയണ നിർമ്മിച്ചാൽ നിരവധി കുടിവെള്ള പദ്ധതികൾ നിർമ്മിക്കാം. തോട്ടിൽ ജലം കെട്ടി നിൽക്കുന്നത് കാരണം സമീപ പ്രദേശത്തെ കിണറുകളും വേനൽക്കാലത്ത് വറ്റില്ല. എന്നാൽ വെറുതെ ഒഴുകി പാഴായി പോകുന്ന മരുത്തൂർ തോട്ടിലെ ജലം കെട്ടിനിറുത്തി സമീപ കൃഷിസ്ഥലങ്ങളിലേക്ക് എത്തിക്കാനായി തടയണ നിർമ്മിക്കാൻ പദ്ധതിയിട്ടെങ്കിലും വെള്ളത്തിൽ വരച്ച വരയായി.
നെയ്യാർ
ജില്ലാ ആശുപത്രിയിൽ നിന്നും വേസ്റ്റ് വാട്ടർ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷന് മുന്നിലുള്ള റോഡിലെ ഓടയിലേക്കും ഇതുവഴി നെയ്യാറിലേക്കും എത്തും. ശുദ്ധജല വിതരണത്തിനായി ജലം ശേഖരിക്കുന്ന 4 പമ്പ് ഹൗസുകൾ നെയ്യാറിൽ ഉണ്ട്. കൊളീഫാം ബാക്ടീരിയ കൂടുതലുള്ള നെയ്യാറിലെ ഈ വെള്ളമാണ് കുടിവെള്ളമായി മാറുന്നത്. നെയ്യാറിന്റെ സമീപ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളത്തിലും കൊളീഫാം ബാക്ടീരിയകൾ ഉണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്
മരുത്തൂർ തോട്
അഗസ്ത്യാർകൂടത്തിൽ നിന്നു തെളിനീരായി ഒഴുകിയെത്തുന്ന മരുത്തൂർ തോട് നെയ്യാറ്റിൽകരയിൽ എത്തുമ്പോൾ മാലിന്യപ്പുഴയാകും. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ 25 ലക്ഷം രൂപ ചെലവിട്ട് നഗരസഭാധികൃതർ ശുചീകരിച്ച മരുത്തൂർ തോട്ടിൽ വീണ്ടും മാലിന്യം നിറഞ്ഞു. അറവ് ശാലകളിലെ മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും ഇപ്പോൾ മരുത്തൂർ തോടിന്റെ ഭാഗമാണ്. മരുത്തൂർ തോട് കവളാകുളം വരെ ശുചീകരിച്ചെങ്കിലും പിന്നീട് ശുചീകരണം നടത്തിയില്ല.