കല്ലമ്പലം: കരവാരം, നഗരൂർ പഞ്ചായത്തുകളിലെ അനധികൃത പാറഖനനത്തിനെതിരെ പഞ്ചായത്ത് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സമരം തുടങ്ങുന്നു. ജനകീയ സംരക്ഷണ സമിതിയുടെ അനിശ്ചിതകാല രണ്ടാം ഘട്ട സമരം നെടുമ്പറമ്പ് - കുഞ്ചയ്ക്കവിള പഞ്ചായത്ത് റോഡിനു സമീപം ഇന്നു മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിൽ അനധികൃത ഖനനത്തിനെതിരെ ജനകീയ സമിതി കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തുകയും തുടർന്ന്‍ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് ഉറപ്പു നൽകിയതിനെ തുടർന്ന്‍ സമരം പി൯വലിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒന്നും പാലിച്ചിട്ടില്ലെന്നാണ് ആക്ഷേപം. അനധികൃത പാറഖനനത്തെ തുടർന്ന്‍ സമീപ പ്രദേശങ്ങളിലെ വീടുകളിലെല്ലാം വിള്ളൽ വീഴുകയും റോഡിലും മറ്റ് പ്രദേശങ്ങളിലും അഗാധഗർത്തങ്ങൾ രൂപപ്പെടുകയും ചെയ്തതായി നാട്ടുകാർ ചൂണ്ടികാട്ടുന്നു. അമിത ലോഡുമായി സമയക്രമം പോലും പാലിക്കാതെ തലങ്ങും വിലങ്ങും ഓടുന്ന ടിപ്പർ ലോറികൾ നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും ഭീഷണി ഉയർത്തിയിട്ടും യാതൊരു നടപടിയുമില്ലെന്നും അധികൃതർ ഇതിന് കൂട്ടുനിൽക്കുന്നതായും ആരോപണമുണ്ട്. അന്തരീക്ഷ - ശബ്ദ മലിനീകരണവും അസുഖങ്ങളും മൂലം ജനം പൊറുതിമുട്ടുന്നുവെന്ന് വർഷങ്ങൾക്ക് മു൯പേ ക്വാറി ഉടമകളെയും അധികൃതരെയും അറിയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നും 20 അടി താഴ്ചയിൽ കൂടുതൽ ഖനനം നടത്തുകയാണെന്നും ഇതിന് പരിഹാരമുണ്ടാകും വരെ സമരം ചെയ്യുമെന്നും ജനകീയ സമരസമിതി ഭാരവാഹികൾ കല്ലമ്പലം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.