തിരുവനന്തപുരം: അമ്പൂരി പുത്തൻകട ജോയ്ഭവനിൽ രാജന്റെ മകൾ രാഖിമോളെ (30) രണ്ടാംപ്രതി രാഹുൽ (27) കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയെന്നും തുടർന്ന് ഒന്നാം പ്രതി അഖിൽ കഴുത്തിൽ പ്ളാസ്റ്റിക് കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. കേസിൽ റിമാൻഡിൽ കഴിയുന്ന മൂന്നാം പ്രതി ആദർശിന്റെ മൊഴിക്ക് സമാനമാണ് രാഹുലിന്റേതും.
"നീ എന്റെ അനിയന്റെ കല്ല്യാണം മുടക്കുമല്ലേടീ, നീ ജീവിച്ചിരിക്കണ്ടെടീ" എന്നു പറഞ്ഞ് ആക്രോശിച്ചാണ് രാഹുൽ കഴുത്തു ഞെരിച്ചതെന്ന് പൂവാർ സി.ഐ രാജീവ് .ബി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ കോടതി 2ലെ മജിസ്ട്രേട്ട് എം. സതീശന്റെ വീട്ടിൽ ഹാജരാക്കിയ രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കസ്റ്റഡിയിൽ വച്ച് പൊലീസ് മർദ്ദിച്ചെന്ന് രാഹുൽ മജിസ്ട്രേട്ടിന് മൊഴി നൽകി. ഇതോടെ ഒരിക്കൽ കൂടി പ്രതിയുടെ വൈദ്യപരിശോധന നടത്താൻ മജിസ്ട്രേട്ട് ആവശ്യപ്പെട്ടു. നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ രണ്ടാംവട്ടം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചതോടെ പ്രതിയെ റിമാൻഡ് ചെയ്ത് തൊഴുക്കൽ സബ് ജയിലിലേക്ക് മാറ്റി. കസ്റ്റഡി അപേക്ഷ ഇന്ന് നൽകും.
ശനിയാഴ്ച മലയിൻകീഴ് നിന്നാണ് രാഹുലിനെ പൊലീസ് അറസ്റ്റു ചെയ്തത്.
റിമാൻഡ് റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങൾ
പുതുതായി പണിയുന്ന വീട് കാണിച്ചുതരാമെന്ന് പറഞ്ഞ് ജൂൺ 21ന് അഖിൽ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നിന്നു രാഖിമോളെ കാറിൽ കയറ്റി തട്ടാമുക്കിലെ വീട്ടിലെത്തിച്ചു
വീടിന് മുന്നിലെത്തിയപ്പോൾ പിൻസീറ്റിലിരുന്ന രാഹുൽ രാഖിയുടെ കഴുത്തു ഞെരിച്ചു. നിലവിളി പുറത്തുകേൾക്കാതിരിക്കാൻ അഖിൽ കാറിന്റെ ആക്‌സിലേറ്റർ കൂട്ടി
ബോധം പോയതോടെ അഖിൽ പിൻസീറ്റിലെത്തി പ്ലാസ്റ്റിക് കയറുപയോഗിച്ച് കഴുത്തിൽ കുരുക്കിട്ടു. ഡ്രൈവിംഗ് സീറ്റിലേക്കു മാറിയ രാഹുൽകൂടി തിരിഞ്ഞിരുന്ന് കയറിൽപിടിച്ച് കുരുക്ക് മുറുക്കി.
വീടിന്റെ പരിസരത്ത് കാവൽ നിന്ന അഖിലിന്റെ സുഹൃത്ത് ആദർശ് കാറിനടുത്തെത്തി. മൂവരും ചേർന്ന് മൃതദേഹം കുഴിക്ക് സമീപം എത്തിച്ചു
വസ്ത്രങ്ങളെല്ലാം മാറ്റി മൃതശരീരം കുഴിയിൽ കിടത്തി ഉപ്പുവിതറി മണ്ണിട്ടുമൂടി. കുഴിക്ക് മുകളിൽ കമുകിൻ തൈ വച്ചു. വസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞു.