വിതുര: പഞ്ചായത്ത് മുഴുവൻ പകർച്ചപ്പനിയും സ്ഥാനം പിടിച്ചിരിക്കുകയാണ്. പനി ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥി ഇന്നലെ മരിച്ചതോടെ ജനം ഭീതിയിലാണ്. വിതുര ഗവ. താലൂക്ക് ആശുപത്രിയിൽ പനിബാധിതരായി എത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നുകഴിഞ്ഞു. അഞ്ഞൂറും, അറുനൂറും പേരാണ് മിക്ക ദിവസങ്ങളിലും ചികിത്സ തേടിയെത്തുന്നത്. ഒരുമാസമായി ഇൗ സ്ഥിതി തുടരുകയാണ്. കടുത്തപനി, ചുമ, ജലദോഷം, തലവേദന, തുമ്മൽ, ശരീരവേദന, എന്നീ അസുഖങ്ങൾ ബാധിച്ചാണ് കൂടുതൽ പേരും ആശുപത്രിയിലെത്തുന്നത്. പനിയുമായി എത്തുന്ന മിക്കവർക്കും കൗണ്ട് തീരെ കുറഞ്ഞ് അവശനിലയിൽ ആശുപത്രിയിൽ അഡ്മിറ്റാകും. ഡെങ്കിപ്പനി ബാധിച്ച അനവധി പേരും ചികിത്സ തേടിയെത്തുന്നുണ്ട്. എന്നാൽ പനി നിയന്ത്രണവിധേയമാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുമ്പോഴും സ്ഥിതിഗതികൾ മറിച്ചാണ്. താലൂക്ക് ആശുപത്രി പനിബാധിതരാൽ നിറഞ്ഞുകഴിഞ്ഞു. അസുഖം മൂർച്ഛിച്ചെത്തുന്നവരെ അഡ്മിറ്റ് ചെയ്യുവാൻ കഴിയാത്ത അവസ്ഥയാണ്. തൊളിക്കോട്,​ മലയടി ആശുപത്രികളിലും, ആയുർവേദ, ഹോമിയോ ആശുപത്രികളിലും പനി ബാധിതരുടെ തിരക്ക് ഗണ്യമായി ഉയർന്നിട്ടുണ്ട്. മെഡിക്കൽക്യാമ്പുകൾ സംഘടിപ്പിച്ച് മരുന്നുകൾ വിതരണം നടത്തണമെന്നാണ് ആവശ്യം ശക്തമായിട്ടുണ്ട്. പനിയുടെ തീവ്രത ചൂണ്ടിക്കാട്ടി കേരളകൗമുദി രണ്ടാഴ്ച മുൻപ് വാർത്ത നൽകിയിരുന്നു. വിതുര പഞ്ചായത്തിന് പുറമേ തൊളിക്കോട്, ആര്യനാട്, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിലും പനി വ്യാപിച്ചതായും റിപ്പോർട്ടുണ്ട്. ഇൗ പഞ്ചായത്തുകളിൽ നിന്നുള്ള അനവധി പേർ വിതുര ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നുണ്ട്.