nadi

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എ.ഐ.എസ്.എഫ് യൂണിറ്റിനെ ഇനി ട്രാൻസ്ജെൻഡർ നാദിറ നയിക്കും. സംസ്ഥാന സർക്കാരിന്റെ പ്രത്യേക സംവരണം വഴി എം.എ പൊളിറ്റിക്കൽ സയൻസിൽ പ്രവേശനം നേടിയ നാദിറ ഇന്ന് കോളേജിലെത്തും. എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റി അംഗമായ നാദിറ യൂണിവേഴ്സിറ്റി കോളേജിലെ ആദ്യ ട്രാൻസ്ജെൻഡർ വിദ്യാ‌ർത്ഥിയാണ്. സംഘടനയുടെ ആഭിമുഖ്യത്തിൽ ഇന്ന് നാദിറയ്ക്ക് സ്വീകരണമുണ്ട്.

തിരുവനന്തപുരം പരുത്തിക്കുഴി സ്വദേശിയായ നജീബ് ആണ് നാദിറയായി മാറിയത്. സ്വത്വം തിരിച്ചറിഞ്ഞ് പെൺകുട്ടിയാകാൻ ശ്രമിച്ചതോടെ വീട്ടുകാർ എതിർത്തു. രണ്ടു വർഷം മുമ്പ് വീടുവിട്ട് ട്രാൻസ്ജെൻഡറുകൾക്കൊപ്പം ചേർന്നു. സംസ്ഥാന സർക്കാരിന്റെ ട്രാൻസ് സ്‌കോളർഷിപ്പിന് അർഹയായ നാദിറ കേരളത്തിലെ എൽ.ജി.ബി.ടി ഐക്യു സംഘടനയായ 'ക്വീയറിഥം' ഡയറക്ടർ ബോർഡ് അംഗമാണ്. ട്രാൻസ്‌ജെൻഡർ ഫാഷൻ ഷോ ആയ മാനവീയം ഫെസ്റ്റിൽ കഴിഞ്ഞ വർഷത്തെ ടൈറ്റിൽ വിന്നർ കൂടിയാണ് നാദിറ.

തോന്നയ്ക്കൽ എ.ജെ കോളേജിൽ ബി.എ ജേർണലിസം വിദ്യാർത്ഥിയായിരിക്കെ യൂണിയൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ച നാദിറ തോറ്റത് നേരിയ വ്യത്യാസത്തിലായിരുന്നു. അന്ന്, തന്റെ വോട്ട് ആണിനോ പെണ്ണിനോ മാത്രമേ കൊടുക്കൂ എന്ന് ഒരു എസ്.എഫ്.ഐ പ്രവർത്തകൻ പറഞ്ഞതിനുള്ള മറുപടിയാണ് യൂണിവേഴ്സിറ്റി കോളേജിലെ തന്റെ സംഘടനാ പ്രവർത്തനമെന്ന് നാദിറ പറയുന്നു.