thenginthai

ശിവഗിരി: സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ സുസ്ഥിരവികസനം ശ്രീനാരായണ ദർശനത്തിന്റെ കാതലാണെന്നും, മനുഷ്യന്റെയും പ്രകൃതിയുടെയും നിലനില്പിന് ഗുരുവിന്റെ വികസന ദർശനം അത്യന്താപേക്ഷിതമാണെന്നും ലണ്ടനിലെ കോമൺവെൽത്ത് സെക്രട്ടറിയേറ്റിൽ എൻവയൺമെന്റൽ പോളിസി കൺസൾട്ടന്റും സംസ്ഥാന സർക്കാരിന്റെ സുസ്ഥിര വികസന ഉപദേഷ്ടാവുമായിരുന്ന ഡോ. കെ.രവി പറഞ്ഞു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ശിവഗിരി മഠത്തിൽ സംഘടിപ്പിച്ച സുസ്ഥിര വികസന ശില്പശാലയിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മന്ത്റി വി.എസ്.സുനിൽകുമാർ ശില്പശാല ഉദ്ഘാടനം ചെയ്തു.

സുസ്ഥിര വികസന സെമിനാറിൽ, ജൈവകൃഷി - ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ച് കേരള കാർഷിക സർവകലാശാലാ ഗവേഷണവിഭാഗം അസോസിയേറ്റ് ഡയറക്ടർ ഡോ.എ.എസ്.അനിൽകുമാർ പ്രബന്ധം അവതരിപ്പിച്ചു. ജൈവകൃഷിയും ജൈവവൈവിധ്യ സംരക്ഷണവും സമന്വയിപ്പിച്ച് വീട്ടുവളപ്പുകളുടെ പുനരുദ്ധാരണത്തിലൂടെ ഭക്ഷ്യ, ആരോഗ്യ, പരിസ്ഥിതി സുരക്ഷ ഉറപ്പു വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

ജലവിനിയോഗത്തിലെ ധൂർത്തും ജലസംരക്ഷണത്തിലെ അലംഭാവവും സ്രോതസ്സുകളുടെ മലിനീകരണവുമാണ് സംസ്ഥാനത്തെ ജലക്ഷാമത്തിന് പ്രധാന കാരണങ്ങളെന്ന് കാർഷിക സർവകലാശാലാ മുൻ ഡീൻ ഡോ.എം.എസ്. ഹജില, ജലസംരക്ഷണത്തെക്കുറിച്ചുള്ള പ്രബന്ധത്തിൽ

പറഞ്ഞു.

ദുർബലമായ പരിസ്ഥിതിയും സ്ഥലപരിമിതിയും വിഭവങ്ങളുടെ അപര്യാപ്തതയും കണക്കിലെടുക്കുമ്പോൾ ഊർജോത്പാദനം വർദ്ധിപ്പിക്കുന്നതിനു പകരം ഊർജ്ജസംരക്ഷണവും, ഹരിതോർജത്തിന്റെ പ്രോത്സാഹനവുമാണ് വേണ്ടതെന്ന് അക്ഷയ ഊർജ്ജവും ഊർജ്ജ സംരക്ഷണവും എന്ന പ്രബന്ധം അവതരിപ്പിച്ച മുൻ അനർട്ട് ഡയറക്ടർ ഡോ.എം.ജയരാജു അഭിപ്രായപ്പെട്ടു.

കാർഷികമേഖലയിൽ വൈവിധ്യവത്കരണത്തിനും മൂല്യവർദ്ധനവിനും ഊന്നൽ നൽകി പുതിയ സംരംഭങ്ങളിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാമെന്ന് കാർഷിക സർവവകലാശാലാ വിജ്ഞാന വ്യാപനവിഭാഗം മുൻ മേധാവി ഡോ.ആർ.പ്രകാശ് പറഞ്ഞു. ഇടത്തട്ടുകാരെ ഒവിവാക്കി കർഷകരിൽ നിന്ന് ഗുണമേന്മയുളള ഉല്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിലെത്തിക്കാനും ഒരു അന്താരാഷ്ട്ര ബ്രാൻഡിൽ വിപണനം നടത്താനുമുളള പ്രവർത്തനങ്ങളാണ് കാർഷികരംഗത്തെ നൂതന പ്രവണതയെന്ന് ഫാമിംഗ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എസ്.കെ.സുരേഷ് പറഞ്ഞു. ഇത് കർഷകർക്ക് വരുമാന വർദ്ധനവിനും കൂടുതൽ തൊഴിലവസരങ്ങൾക്കും സഹായകമാകും.

പ്രകൃതിവിഭവങ്ങൾ കരുതലോടെ ഉപയോഗിക്കുന്നതാണ് സുസ്ഥിര വികസനത്തിന്റെ അടിസ്ഥാന തത്വമെന്ന് കാർഷിക സർവകലാശാലാ വിജ്ഞാന വ്യാപന വിഭാഗം പ്രൊഫ. ഡോ.എ.കെ.ഷെരീഫ് പ്രബന്ധത്തിൽ അഭിപ്രായപ്പെട്ടു. പ്രപഞ്ചത്തിന്റെ തന്നെ നിലനില്പിന് സമഗ്രസുസ്ഥിര വികസനം അത്യന്താപേക്ഷിതമാണെന്ന് കാർഷിക സർവവകലാശാലാ തേനീച്ച പരാഗണവിഭാഗം മേധാവി ഡോ. സ്റ്റീഫൻ ദേവനേശൻ പറഞ്ഞു.