അച്ഛൻ മണിയന്റെ പങ്കും അന്വേഷിക്കും
അഖിലിനെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുത്തശേഷം കോടതിയിൽ ഹാജരാക്കും
തിരുവനന്തപുരം: മറ്രൊരു വിവാഹം കഴിച്ചാൽ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ലെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിക്കുമെന്നും വീട്ടിൽ വന്ന് ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതിനാലാണ് രാഖിമോളെ കൊന്നു കുഴിച്ചുമൂടിയതെന്ന് കാമുകനും ഒന്നാം പ്രതിയുമായ അഖിൽ പൊലീസിനോട് കുറ്റസമ്മതം നടത്തി. നേരത്തെ പിടിയിലായ രണ്ടും മൂന്നും പ്രതികളായ രാഹുലിന്റെയും ആദർശിന്റെയും മൊഴികൾക്ക് സമാനമാണ് അഖിലിന്റെ മൊഴിയും.
ബന്ധത്തിൽ നിന്ന് പിൻമാറാണമെന്ന് മെയ് മാസം അവസാനം ആവശ്യപ്പെട്ടെങ്കിലും രാഖിമോൾ വഴങ്ങിയില്ല. ഇതേ ചൊല്ലി ഫോണിലൂടെ പലവട്ടം കലഹിച്ചു. മറ്റു വഴികളില്ലാതെയാണ് കൊലനടത്തിയതെന്നും അഖിൽ പറഞ്ഞു.സംഭവത്തിന് ശേഷം കശ്മീരിലെ കരസേനയുടെ ക്യാമ്പിലേക്ക് മടങ്ങിയെന്നാണ് അഖിൽ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇത് കള്ളമാണെന്ന് പൊലീസ് കണ്ടെത്തി. അവധി കഴിഞ്ഞ് അഖിൽ ജോലിക്കെത്തിയില്ലെന്ന് സൈനിക കേന്ദ്രം നേരത്തെ രേഖാമൂലം അറിയിച്ചിരുന്നു.
പൂവാർ പൊലീസ് സ്റ്റേഷനിലുള്ള അഖിലിനെ ഇന്ന് രാഖിമോളുടെ മൃതദേഹം കുഴിച്ചിട്ട തട്ടാമുക്കിലെ വീട്ടിലെത്തിച്ച് തെളിവെടുത്ത ശേഷം കോടതിയിൽ ഹാജരാക്കും.
കേസിൽ നിലവിൽ മൂന്ന് പ്രതികൾ മാത്രമാണെന്നും മൂവരുടെയും മൊഴികളിൽ വൈരുദ്ധ്യമില്ലെന്നും നെയ്യാറ്റിൻകര ഡി.വൈ.എസ്.പി അനിൽകുമാർ പറഞ്ഞു.
അതേസമയം കൃത്യത്തിൽ അഖിലിന്റെ മാതാപിതാക്കളുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രധാനമായും അച്ഛൻ മണിയന് പങ്കുണ്ടോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്. മക്കളായ അഖിലിനും രാഹുലിനുമൊപ്പം മണിയനും ചേർന്നാണ് തട്ടാമുക്കിൽ പണിനടക്കുന്ന വീടിന് അരികിൽ കുഴിയെടുത്തതെന്ന് പ്രദേശവാസികൾ പറഞ്ഞ സാഹചര്യത്തിലാണിത്. രാഖിമോളെ ഒഴിവാക്കാൻ വീട്ടുകാർ ഒറ്രക്കെട്ടായി തയ്യാറാക്കിയ പദ്ധതി മക്കൾ നടപ്പാക്കിയതാവാമെന്നും അഖിലിന് ഒളിവിൽ പോകാൻ മണിയൻ സഹായിച്ചതായും പൊലീസ് സംശയിക്കുന്നു.