തിരുവനന്തപുരം : ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ ഒരിക്കലും സനാതനധർമ്മത്തെ എതിർത്തിട്ടില്ലെന്ന് മുൻ ഡി.ജി.പി ടി.പി.സെൻകുമാർ പറഞ്ഞു. എല്ലാത്തിനേയും ഉൾക്കൊള്ളുന്നതാണ് ഗുരുദർശനമെന്നും അദ്ദേഹം പറഞ്ഞു. വി.പി.സുഗതൻ രചിച്ച 'ഈഴവ/തീയ്യാസ് ഒഫ് കേരള ആൻഡ് ദെയർ ബുദ്ധിസ്റ്റ് ട്രഡിഷൻസ് ഒഫ് ആയുർവേദ ആൻഡ് മാർഷ്യൽ ആർട്സ് 'എന്ന ഗ്രന്ഥത്തെ കുറിച്ചുള്ള ചർച്ചയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സെൻകുമാർ.
മതം മാറണമെന്ന ആവശ്യം എസ്.എൻ.ഡി.പിയിലുയർന്നപ്പോൾ നിങ്ങൾക്ക് മതം മാറണമെങ്കിൽ സനാതനധർമ്മത്തിൽ ചേർന്നോളൂ, അത് എല്ലാം ഉൾക്കൊള്ളുന്നതാണെന്നാണ് ഗുരു പറഞ്ഞത്. ജാതിയുടെയും ജാതിവിവേചനത്തിന്റെയും അടിച്ചമർത്തലുകളുടെയും പ്രതിഫലനമാണ് ജൈനിസവും പിന്നീടുണ്ടായ ബുദ്ധിസവും. സനാതന ധർമ്മത്തിന് അപചയമുണ്ടായപ്പോഴാണ് ബുദ്ധിസം രൂപമെടുത്തത്. ഏറ്റവുമധികം വൈദ്യന്മാരും കളരിക്കാരും ഉണ്ടായിരുന്നത് ഈഴവ സമുദായത്തിലാണ്. ഈഴവരെന്ന് പറഞ്ഞാൽ ഈഴത്തിൽ (സിലോൺ) നിന്ന് വന്നവരാണെന്നാണ്. കേരളത്തിലെ ജനസംഖ്യയുടെ രണ്ട് ശതമാനത്തിൽ താഴെ മാത്രമെ ബ്രാഹ്മണർ ഉണ്ടായിട്ടുള്ളൂ. എന്നാൽ 70 ശതമാനത്തോളമെങ്കിലും ഈഴവരും അതിന് താഴെയുമുള്ള സമുദായങ്ങളും ഉണ്ടായിരുന്നു. അങ്ങനെയെങ്കിൽ ഈ സവർണ മേധാവിത്വം വന്നത് എങ്ങനെയെന്ന് ചിന്തിക്കണമെന്നും സെൻകുമാർ ചൂണ്ടിക്കാട്ടി.
ഈഴവ സമുദായം പ്രബുദ്ധരല്ലെന്ന് ഗുരു ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് തുടർന്ന് സംസാരിച്ച മുതിർന്ന മാദ്ധ്യമപ്രവർത്തകനും എഴുത്തുകരനുമായ ജി.പ്രിയദർശനൻ പറഞ്ഞു. ഈ പുസ്തകം അത് തെളിയിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചരിത്രകാരന്മാർ കേരളചരിത്രം രചിച്ചത് സവർണ സമുദായത്തെ ആസ്‌പദമാക്കിയാണെന്ന് ആറാട്ടുപുഴ വേലായുധ പണിക്കർ ഫൗണ്ടേഷൻ പ്രതിനിധി എം.രാധാകൃഷ്ണൻ ആലുമ്മൂട്ടിൽ പറഞ്ഞു. ഈഴവ സമുദായത്തെ കുറിച്ച് ഗൗരവമായി പഠിച്ചെഴുതാൻ ആരും മെനക്കെട്ടില്ലെന്നും ഇത് മന:പൂർവമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എല്ലാവരാലും തമസ്‌കരിക്കപ്പെട്ട ഈഴവ സമുദായത്തിന് ഇങ്ങനെയുമൊരു മുഖമുണ്ടെന്ന് ഈ പുസ്തകം വെളിവാക്കുകയാണെന്ന് മുതിർന്ന അഭിഭാഷകൻ എം.ബാലഗോവിന്ദൻ പറഞ്ഞു. എഴുത്തുകാരി ലക്ഷ‌്‌മി രാജീവും സന്നിഹിതയായിരുന്നു. രചയിതാവ് തന്നെ പുസ്തകം പരിചയപ്പെടുത്തി.