തിരുവനന്തപുരം: വിദ്യാർത്ഥിയായ അഖിലിനെ യൂണിവേഴ്സിറ്റി കോളേജിൽ വച്ച് കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ 12ാം പ്രതിയായ പെരിങ്ങമല കല്ലിയൂർ കുളത്തിൻകര ശാന്തിഭവനിൽ എസ്.എസ്. അക്ഷയിനെ (19) ശനിയാഴ്ച രാത്രി വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു. ഇതോടെ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം ഏഴായി. കേസിലെ ഒന്നാം പ്രതിയും കോളേജ് യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്ത്, രണ്ടാം പ്രതിയും യൂണിറ്റ് സെക്രട്ടറിയുമായ നസീം കമ്മിറ്റി അംഗങ്ങളായ അദ്വൈത്, ആരോമൽ, ആദിൽ, ഇജാബ് എന്നിവരെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇനി 11പേർ കൂടി പിടിയിലാകാനുണ്ട്. യൂണിവേഴ്സിറ്റി കോളേജിലെ ഏഴ് വിദ്യാർത്ഥികളും സംസ്‌കൃത കോളജിലെ രണ്ടുപേരും പുറമെ നിന്നുള്ള രണ്ടുപേരെയുമാണ് പൊലീസ് തിരയുന്നത്. കഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് വിദ്യാർത്ഥികളെ കോളേജിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.
പൊലീസുകാരെ ഒഴിവാക്കിയ സംഭവം : കെ.എസ്.യു പരാതി നൽകും
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിനുള്ളിൽ നിന്നും പൊലീസിനെ പിൻവലിച്ച നടപടി പുനഃ പരിശാധിക്കണമെന്നാവശ്യപ്പെട്ട് കോളജിലെ കെ.എസ്.യു പ്രവർത്തകർ ഇന്ന് സിറ്റി പൊലീസ് കമ്മീഷണർക്കും കോളേജ് പ്രിൻസിപ്പലിനും പരാതി നൽകും. കെ.എസ്.യുവിന്റെ യൂണിറ്റ് ഭാരവാഹികൾക്കെതിരെ എസ്.എഫ്.ഐ പ്രവർത്തകരുടെ വധഭീഷണിയുണ്ടെന്നും സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യമൊരുങ്ങുന്നതുവരെ പൊലീസിനെ കാമ്പസിനുള്ളിൽ വിന്യസിക്കണമെന്നുമാണ് ആവശ്യം.