കരീബിയൻ പര്യടനത്തിനുള്ള ഇന്ത്യൻ
ടീം ഇന്ന് യാത്ര തിരിക്കും
. പുറപ്പെടലിന് മുമ്പ് പതിവ് പത്ര
സമ്മേളനം ഉണ്ടാവില്ല
ന്യൂഡൽഹി : വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കായി വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് യാത്ര തിരിക്കും. മൂന്നുവീതം ട്വന്റി 20 കളും ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമുള്ള പര്യടനത്തിലെ ആദ്യ രണ്ട് ട്വന്റി 20 കൾ അമേരിക്കയിലെ ലൗഡർഹിൽസിലാണ് നടക്കുന്നത്. അവയ്ക്ക് ശേഷമാണ് ടീം വിൻഡീസിലേക്ക് തിരിക്കുക.
ട്വന്റി 20 ഏകദിന ടീമംഗങ്ങളാണ് ഇന്ന് യാത്ര തിരിക്കുക. ടെസ്റ്റ് മാത്രം കളിക്കുന്ന താരങ്ങൾ പിന്നീട് ടീമിനൊപ്പം ചേരും.
അതേസമയം വിദേശ പര്യടനത്തിന് തിരിക്കും മുമ്പ് ടീമിന്റെ ക്യാപ്ടനും മുഖ്യപരിശീലകനും മാദ്ധ്യമങ്ങളെ കാണുന്ന പതിവ് ഇത്തവണ ഉണ്ടാവില്ലെന്നറിയുന്നു. ലോകകപ്പിലെ തോൽവിയെക്കുറിച്ചും ടീമിനുള്ളിൽ പടലപ്പിണക്കമുണ്ടെന്ന അഭ്യൂഹങ്ങളെക്കുറിച്ചുമുള്ള അസുഖകരമായ ചോദ്യങ്ങൾ ഒഴിവാക്കാനാണ് ടീമിന്റെ ഒൗദ്യോഗിക പത്രസമ്മേളനം ഒഴിവാക്കുന്നതെന്നറിയുന്നു.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ടീം അമേരിക്കയിലേക്ക് പുറപ്പെടുന്നത്. രാവിലെ പത്രസമ്മേളനം ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഇന്ന് രാവിലെ കൊഹ്‌ലി ഒരു സ്വകാര്യച്ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. അതിനാൽ പത്രസമ്മേളനം നടത്താനാകില്ലെന്ന് ബി.സി.സി.ഐ ഉന്നത വൃത്തങ്ങൾ അറിയിക്കുകയായിരുന്നു.
വിരാടും രോഹിതും തമ്മിലെന്ത്?
ക്യാപ്ടൻ വിരാട് കൊഹ്‌ലിയും വൈസ് ക്യാപ്ടൻ രോഹിത് ശർമ്മയും തമ്മിൽ സൗന്ദര്യപ്പിണക്കമാണെന്നതാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഉപശാലകളിലെ ഇപ്പോഴത്തെ സംസാരവും ലോകകപ്പിൽ ഇന്ത്യ പുറത്തായപ്പോൾത്തന്നെ ഇൗ വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ ലോകകപ്പിന് ശേഷം ഇരുവരുടെയും സാമൂഹ്യ മാദ്ധ്യമങ്ങളിലെ ഇടപെടൽ ഇൗ സംശയത്തിന് ആക്കം കൂട്ടുകയായിരുന്നു. ഇരുവരുടെയും ജീവിത പങ്കാളികളുടെ സോഷ്യൽ മീഡിയ ഇടപെടലുകളും പ്രശ്നം സങ്കീർണമാക്കുന്നുണ്ട്.
സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമായ ട്വിറ്ററിൽ രോഹിത് ശർമ്മ കൊഹ്‌ലിയെയും അദ്ദേഹത്തിന്റെ ഭാര്യ അനുഷ്‌ക ശർമ്മയെയും 'ഫോളോ" ചെയ്യുന്നത് അവസാനിപ്പിച്ചതാണ് സംശയങ്ങൾക്ക് തുടക്കമിട്ടത്. രോഹിതിന്റെ ഭാര്യ ഋതികയും ഇരുവരെയും 'അൺഫോളോ ചെയ്തു". അതേ നാണയത്തിൽ കൊഹ്‌ലിയുടെ ഭാര്യ അനുഷ്‌ക തിരിച്ചടിച്ചു. രോഹിതിനെയും ഋതികയെയും ഫോളോ ചെയ്യുന്നത് അവസാനിപ്പിച്ചു. കൊഹ്‌ലിയാകട്ടെ രോഹിതിനെ ഫോളോ ചെയ്യുമ്പോഴും ഋതികയെ അൺഫോളോ ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ രോഹിത് കൊഹ്‌ലിയെ വീണ്ടും ഫോളോ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.. എന്നാൽ അനുഷ്കയെ മൈൻഡ് ചെയ്യുന്നില്ല.
ലോകകപ്പിന് മുമ്പേതന്നെ ടീമിനുള്ളിൽ കൊഹ്‌ലിയുടെയും രോഹിതിന്റെയും നേതൃത്വത്തിൽ രണ്ട് ഗ്രൂപ്പുകളുണ്ടായിരുന്നുവെന്നാണ് വാർത്തകൾ. പ്ളേയിന് ഇലവൻ സെലക്ഷനിൽ കൊഹ്‌ലിയുടെ അടുപ്പക്കാരായ ചില താരങ്ങൾക്ക് കൂടുതൽ പരിഗണന ലഭിക്കുന്നതിൽ പരാതിയുള്ളവർ ചേർന്ന് രോഹിതിനെ ഷോർട്ട് ഫോർമാറ്റുകളിൽ ക്യാപ്ടനാക്കണമെന്ന് ആവശ്യമുയർത്തിയതായി സൂചനയുണ്ട്. ടെസ്റ്റിനും ഏകദിന ട്വന്റി 20 കൾക്കും വ്യത്യസ്ത ക്യാപ്ടൻമാരെ വീണ്ടും പരീക്ഷിക്കുമെന്ന റിപ്പോർട്ടുകൾ വന്നതും ഇൗ പശ്ചാത്തലത്തിലാണ്.
പര്യടന ഫിക്‌സചർ
ട്വന്റി 20 കൾ
1. ആഗസ്റ്റ് 3
ലൗഡർഹിൽ
2. ആഗസ്റ്റ് 4
ലൗഡർഹിൽ
3. ആഗസ്റ്റ് 6
പ്രൊവിഡൻസ്
3 ഏകദിനങ്ങൾ
1. ആഗസ്റ്റ് 8
പോർട്ട് ഒഫ് സ്‌പെയ്ൻ
2. ആഗസ്റ്റ് 11
പോർട്ട് ഒഫ് സ്‌പെയ്ൻ
3. ആഗസ്റ്റ് 14
പോർട്ട് ഒഫ് സ്‌പെയ്ൻ
സന്നാഹ മത്സരം
ആഗസ്റ്റ് 17
2 ടെസ്റ്റുകൾ
1. ആഗസ്റ്റ് 22-26
നോർത്ത് സൗണ്ട്
2. ആഗസ്റ്റ് 30-സെവ് 3
കിംഗ്സ് ടൺ