2022 ലെ ഗെയിംസ് ബഹിഷ്കരിക്കുമെന്ന്
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ
. ഇന്ത്യയുമായി ചർച്ചയാകാമെന്ന് കോമൺ
വെൽത്ത് ഗെയിംസ് ഫെഡറേഷൻ
ന്യൂഡൽഹി : 2022 ൽ ബർമിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യയ്ക്ക് ഏറെ മെഡൽ സാദ്ധ്യതയുള്ള ഷൂട്ടിംഗ് മത്സരങ്ങൾ ഒഴിവാക്കുന്നതിനെതിരെ ഇന്ത്യ ഗെയിംസ് ബഹിഷ്കരിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് നിലപാട് സ്വീകരിച്ചതോടെ ഇക്കാര്യത്തിൽ ചർച്ചയാകാമെന്ന നിലപാടുമായി സംഘാടക സമിതി.
ഏറെ നാളായി പുകഞ്ഞുകൊണ്ടിരുന്ന വിഷയത്തിൽ കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ കടുത്ത നിലപാട് സ്വീകരിച്ചത്. സെപ്തംബറിൽ റുവാണ്ടയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ ജനറൽ അസംബ്ളിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച ഇന്ത്യ റീജിയണൽ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഐ.ഒ.എ സെക്രട്ടറി ജനറൽ രാജീവ് മേത്തയുടെയും സ്പോർട്സ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ നാംദേവ് ഷിറഗോങ്കറുടെയും സ്ഥാനാർത്ഥിത്വവും പിൻവലിച്ചിരുന്നു.
ഇതിന് പിന്നാലെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബത്ര കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവിന് എഴുതിയ കത്തിലാണ് ഗെയിംസിൽ നിന്ന് പിൻമാറുന്നതിനെക്കുറിച്ച് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിന് അനുകൂലമായ നിലപാടാണ് കായിക മന്ത്രിയും സ്വീകരിച്ചിരിക്കുന്നത്.
ഇൗ വാർത്ത പുറത്തുവന്നതോടെയാണ് കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ മാനേജർ ടോം ഡേഗൻ പ്രതികരണവുമായി രംഗത്തെത്തിയത്. 2022 ബർമിംഗ്ഹാം ഗെയിംസിൽ ഇന്ത്യ പങ്കെടുക്കണമെന്നുതന്നെയാണ് സംഘാടക സമിതിയുടെ ആഗ്രഹമെന്നും വരുംമാസങ്ങളിലെ ചർച്ചകളിൽ ഇന്ത്യയുമായുള്ള പ്രശ്നം പരിഹരിക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഗെയിംസിൽ നിന്ന് പിൻമാറാൻ കേന്ദ്ര സർക്കാരിന്റെ പിന്തുണയാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തേടിയിരിക്കുന്നത്. ഷൂട്ടിംഗിലെ മാത്രമല്ല മറ്റു കായിക ഇനങ്ങളിലെ താരങ്ങളും ഇൗ നീക്കത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.
വെടിവെയ്പ്പ്
ഒഴിവാക്കിയത് എന്തിന്?
ഗെയിംസിന്റെ വേദിയാകുന്ന നഗരത്തിന് ഗെയിംസിലെ മത്സര ഇനങ്ങളിൽ ആർക്ക് താത്പര്യമില്ലാത്തവ ഒഴിവാക്കാനും വേണ്ടത് കൂട്ടിച്ചേർക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ആ അധികാരത്തിലാണ് ബർമിംഗ് ഹാം ഷൂട്ടിംഗ് ഒഴിവാക്കിയത്.
. കഴിഞ്ഞ മാസം നടന്ന കോമൺ വെൽത്ത് ഗെയിംസ് ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഷൂട്ടിംഗ് ഒഴിവാക്കാനും മൂന്ന് പുതിയ കായിക ഇനങ്ങൾ ഉൾപ്പെടുത്താനും തീരുമാനമായത്
. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇന്ത്യപോലെ വലിയ ഒരു രാജ്യത്തിന് പ്രതിനിധികൾ ഇല്ലാത്തതിനാൽ ഇക്കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല.
എന്നാൽ തുടർന്ന് തീരുമാനം പിൻവലിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ ശ്രമം നടന്നിരുന്നുവെങ്കിലും ഫലമുണ്ടായില്ല.
. ഇതേ തുടർന്നാണ് ബഹിഷ്കര ഭീഷണിയുമായി ഐ.ഒ.എയ്ക്ക് രംഗത്തിറങ്ങേണ്ടിവന്നത്.
1966
ലാണ് കോമൺവെൽത്ത് ഗെയിംസിൽ ഷൂട്ടിംഗ് ഉൾപ്പെടുത്തിയത്.
1970
ലെ എഡിൻബർഗ് ഗെയിംസിലൊഴിച്ച് പിന്നീടങ്ങോട്ട് എല്ലാ ഗെയിംസിലും ഷൂട്ടിംഗ് ഒരു മത്സര ഇനമായിരുന്നു.
ഇന്ത്യയുടെ ഷൂട്ടിംഗ്
. സമീപകാലത്ത് കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ മെഡലുകൾ നേടിത്തന്നത് ഷൂട്ടിംഗാണ്.
. 2018 ഗോൾഡ് കോസ്റ്റ് ഗെയിംസിൽ ഇന്ത്യ ആകെ നേടിയത് 66 മെഡലുകളാണ്. ഇതിൽ 16 എണ്ണം ഷൂട്ടിംഗിൽ നിന്നായിരുന്നു
2010 ഡൽഹി ഗെയിംസിൽ ഇന്ത്യ രണ്ടാമതെത്തിയതും 2018 ൽ മൂന്നാമതെത്തിയതും ഷൂട്ടിംഗിലെ മെഡൽ നേട്ടങ്ങളുടെ പിന്തുയോടെയാണ്.
27 താരങ്ങളാണ് 2018 ലെ ഗെയിംസിൽ ഇന്ത്യയ്ക്ക് വേണ്ടി പങ്കെടുത്തത്. ഏഴ് സ്വർണമെഡലുകൾ ഇവർ നേടി
. 2014 ലെ ഗ്ളാസ്ഗോ ഗെയിംസിൽ ഇന്ത്യ ആകെ 64 മെഡലുകൾ നേടിയപ്പോൾ 17 എണ്ണം ഷൂട്ടിംഗിൽ നിന്നായിരുന്നു.
. ജിത്തുറായ്, മനുഭാക്കർ, ഹീന സിന്ധു, ശ്രേയസി സിംഗ്, തേജസ്വിനി സാവന്ത്, അനീഷ് ഭൻവാല, സഞ്ജീവ് രാജ്പുത്ത് എന്നിവരാണ് ഗോൾഡ് കോസ്റ്റിൽ ഷൂട്ടിംഗിൽ.
ഗോൾഡ് മെഡൽ നേടിയിരുന്നത്.
'കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷന് ഇന്ത്യാവിരുദ്ധ മനോഭാവമാണ്. ഇന്ത്യ ഏതെങ്കിലും കായിക ഇനത്തിൽ മികവ് കാട്ടുമ്പോൾ നിയമം മാറ്റാൻ അവർ രംഗത്തുവരും. ഇന്ത്യ ആരുടെയും കോളനിയല്ലെന്ന് എല്ലാവരും ഒാർക്കുന്നത് നന്നായിരിക്കും. കടുത്ത നിലപാടുകൾ സ്വീകരിക്കാൻ ഒരു മടിയുമില്ല.
നരീന്ദർ ബത്ര
ഐ.ഒ.എ. പ്രസിഡന്റ്
കോമൺ വെൽത്ത് ഗെയിംസ്
ബ്രിട്ടനും അതിന്റെ പഴയ കോളനി രാജ്യങ്ങളും പങ്കെടുക്കുന്ന നാലുവർഷത്തിലൊരിക്കൽ നടക്കുന്ന മഹാകായികമേള. 1930 ലാണ് തുടക്കം. ഇൗ എഡിഷനിൽ ഇന്ത്യ പങ്കെടുത്തില്ല. 1934 ലാണ് ഇന്ത്യ ആദ്യം പങ്കെടുക്കുന്നത്. 1950, 1962, 1986 എഡിഷനുകളിലും ഇന്ത്യ പങ്കെടുത്തിട്ടില്ല. 1986 ൽ ബ്രിട്ടന്റെ വർണവിവേചന നയത്തോടുള്ള പ്രതിഷേധ സൂചകമായി 44 രാജ്യങ്ങളാണ് ഗെയിംസ് ബഹിഷ്കരിച്ചത്. 71 രാജ്യങ്ങളാണ് ഇപ്പോൾ കോമൺവെത്ത് ഗെയിംസ് ഫെഡറേഷനിലുള്ളത്.