national-games-goa
national games goa

തിരുവനന്തപുരം : 36-ാമത് ദേശീയ ഗെയിംസ് രണ്ട് വർഷത്തിലേറെയായി വൈകിപ്പിക്കുന്ന ഗോവയിൽ നിന്ന് വേദിമാറ്റാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. 2017 ൽനടക്കേണ്ടിയിരുന്ന ഗെയിംസ് ഒരുകൊല്ലംകൂടി വൈകിപ്പിക്കാൻ ഗോവൻ സർക്കാർശ്രമിച്ചതോടെയാണ് കടുത്ത തീരുമാനമെടുക്കാൻ നിർബന്ധിതമാകുന്നതെന്ന് ഐ.ഒ.എയുടെ ഒരു ഉന്നത ഭാരവാഹി കേരളകൗമുദിയോട് പറഞ്ഞു.

36-ാമത്തെ ദേശീയ ഗെയിംസ് നടക്കേണ്ടിയിരുന്നത് യഥാർത്ഥത്തിൽ 2011 ലായിരുന്നു. എന്നാൽ കേരളത്തിലെ 35-ാം ഗെയിംസ് പോലും അന്ന് നടത്താനായിരുന്നില്ല. 2015 ലാണ് കേരളത്തിലെ ദേശീയ ഗെയിംസ് നടത്തിയത്. അതിന് ശേഷം ഗോവൻ ഗെയിംസ് 2017 ൽ നടത്താൻ തീരുമാനിച്ചു. പിന്നീട് സ്റ്റേഡിയങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇതുവരെ പൂർത്തിയാക്കാത്തതിനാൽ നാല് തവണ തീയതി നീട്ടിനൽകി. എന്നിട്ടും ഗോവൻ സർക്കാരും ഗോവ ഒളിമ്പിക് അസോസിയേഷനും അനുകൂല നിലപാട് സ്വീകരിച്ചില്ല.

കഴിഞ്ഞദിവസം ഗെയിംസ് നടത്തിപ്പിനുള്ള എക്സിക്യൂട്ടീവ് ബോർഡ് മീറ്റിംഗ് ചേർന്നിരുന്നു. ഇതിൽ ഇൗവർഷം നവംബർ ഒന്നുമുതൽ 16 വരെ തീയതികളിൽ ഗെയിംസ് നടത്തണമെന്ന് ഐ.ഒ.എ അന്ത്യശാസനം നൽകി. എന്നാൽ യോഗത്തിൽ പങ്കെടുത്ത ഗോവ ഒളിമ്പിക് അസോസിയഷൻ സെക്രട്ടറി ഗുരുദത്ത ഭക്ത ഇൗ തീരുമാനം അംഗീകരിക്കാൻ തയ്യാറായില്ല. 2020 ലെ ഒളിമ്പിക്സിന് ശേഷമേ തങ്ങൾക്ക് ഗെയിംസ് നടത്താനാകൂ എന്നാണ് ഗോവയുടെ നിലപാട്. ഒളിമ്പിക്സ് കഴിഞ്ഞ് മൂന്നുമാസത്തിനുശേഷം 2020 നവംബറിൽ ദേശീയ ഗെയിംസ് നടത്താമെന്ന ഗുരുദത്തയുടെ നിർദ്ദേശം ഐ.ഒ.എ തള്ളിക്കളഞ്ഞിട്ടുണ്ട്.

അടുത്ത മൂന്ന് ഗെയിംസുകൾക്കുള്ള വേദി ഛത്തിസ് ഗഡ്, ഉത്തരാഖണ്ഡ്, മേഖാലയ സംസ്ഥാനങ്ങൾക്കായി ഐ.ഒ.എ അനുവദിച്ചിട്ടുണ്ട്. ഗോവയിലെ ഗെയിംസ് വൈകുന്നത് ഇവിടങ്ങളിലെ ഗെയിംസിനെയും ബാധിക്കും. ഗോവ നിലപാടിൽ മാറ്റം വരുത്തിയില്ലെങ്കിൽ ഇതിലേതെങ്കിലും ഒരു വേദിയിൽ അടുത്ത ഗെയിംസ് നടക്കാനാണ് സാദ്ധ്യത.