കഴക്കൂട്ടം: വലിയ വേളിയിൽ കടലാക്രമണത്തെ തുടർന്ന് മത്സ്യത്തൊഴിലാളിയുടെ ബോട്ട് തകർന്നു. പ്രളയ രക്ഷാപ്രവർത്തനം നടത്തിയ ജോസഫ് മാർട്ടിന്റെ വള്ളമാണ് ഇന്നലെ തകർന്നത്. വലിയവേളി സൗത്ത് തുമ്പയിലാണ് കടലാക്രമണം രൂക്ഷമായത്. നിരവധി തെങ്ങുകളും പുരയിടങ്ങളും കടലെടുത്തു. മൂന്നോ നാലോ മീറ്റർ കൂടി കടൽ കയറിയാൽ നാലോളം വീടുകളും തകരാവുന്ന സ്ഥിതിയിലാണ്. മണൽ ചാക്കുകൾ അടുക്കി കടലാക്രമണം തടയാനുള്ള ശ്രമം പരാജയപ്പെട്ട നിലയിലാണ്. പ്രളയ രക്ഷാപ്രവർത്തനത്തിൽ 270 പേരെ ഈ വള്ളത്തിലാണ് ജോസഫ് മാർട്ടിൻ രക്ഷപ്പെടുത്തിയത്. വലിയവേളി സൗത്ത് തുമ്പ തൈവിളാകം വീട്ടിൽ ലിസി, ജോൺ റോബർട്ട് , ഫിലോമിന മാത്യൂസ്, റീസാ ഫ്രാൻസിസ് എന്നിവരുടെ 11 ഓളം തെങ്ങുകൾ കടലാക്രമണത്തിൽ ഒലിച്ചു പോയി. 5 മീറ്റർ കൂടി കടൽ കയറിയാൽ മേൽപറഞ്ഞവരുടെ വീടുകൾ കടലെടുക്കുന്ന അവസ്ഥയിലാണ്.