ഗാസിയാബാദ്: സ്വർണാഭരണങ്ങൾ വീക്ക്നെസ് തന്നെയാണ്. പക്ഷേ, പഴയതുപോലൊന്നും ധരിക്കാൻ വയ്യ. അതിനാൽ ആഭരണങ്ങൾ കുറച്ചു . വെറും പതിനാറുകിലോയേ ഇപ്പോൾ ധരിക്കാറുള്ളൂ... കിലോക്കണക്കിന് സ്വർണാഭരണങ്ങൾ അണിഞ്ഞ് വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ള ഗോൾഡൺബാബ എന്ന സുധീർ മക്കാറിന്റെ വാക്കുകളാണിത്. കുറച്ചുനാളുകളായി കക്ഷിയെക്കുറിച്ച് കേൾക്കാനേ ഇല്ലായിരുന്നു. അസുഖം കാരണം എല്ലാപരിപാടികളിൽ നിന്നും മാറിനിൽക്കുകയായിരുന്നത്രേ.
ഭാരം കൂടിയ ആഭരണങ്ങൾ അണിയുന്നതുമൂലം കഴുത്തിനായിരുന്നു പ്രശ്നം. രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയനായി. ഭാരംകൂടിയ മാലകൾ ധരിക്കരുതെന്ന് ഡോക്ടർമാരുടെ കർശന നിർദ്ദേശമുണ്ട്. ഇപ്പോൾ ആഭരണങ്ങളുടെ എണ്ണവും ഭാരവും കുറച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഇരുപതുകിലോ സ്വർണാഭരണങ്ങൾ അണിഞ്ഞാണ് കൻവാർ യാത്രയിൽ പങ്കെടുത്ത്.
കാഷായ വേഷവും നെറ്റിയിൽ നിറയെ ചന്ദനക്കുറിയും ആഭരണങ്ങളുമൊക്കെ അണിഞ്ഞുനിൽക്കുന്ന ഗോൾഡൺ ബാബയെ കാണുന്നവർ ഒന്നല്ല പലതവണ നോക്കിപ്പോകും.
ഒരു ചെറിയ ജുവലറിയിൽ ഉള്ളതിനെക്കാൾ ആഭരണങ്ങൾ അദ്ദേഹത്തിന്റെ ശരീരത്തിൽ സദാ കാണു. ചങ്ങലപോലുള്ള മാലകൾ,സ്വർണം കെട്ടിയ രുദ്രാഷ മാലകൾ, അരപ്പട്ടയും അരഞ്ഞാണവും, പത്തുവിരലിലും മോതിരങ്ങൾ, സ്വർണവാച്ച്, കാപ്പ്, കാൽത്തളകൾ അങ്ങനെ പോകുന്ന ആഭരണങ്ങളുടെ നിര. ഇതൊന്നും പോരാഞ്ഞ് ബാബാ സ്പെഷ്യലായി മറ്റുചില ഐറ്റങ്ങളും കാണും. ആഭരണങ്ങളുടെ ഫാഷൻ ഇടയ്ക്കിടെ മാറ്റണമെന്നത് ബാബയ്ക്ക് നിർബന്ധമാണ്.
സ്വർണത്തിൽ കുളിച്ച് ആഡംബര കാറിന്റെ മുകളിൽ കയറിയുള്ള ബാബയുടെ യാത്ര കാണാൻ അനുയായികൾ റോഡുവക്കിൽ നിരക്കും. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ കൻവാർ യാത്ര. താൻ സഞ്ചരിക്കുന്നതിന് തൊട്ടുപിന്നാലെ തന്റെ എട്ട് ആഡംബരക്കാറുകളും അനുഗമിക്കണമെന്നത് അദ്ദേഹത്തിന് നിർബന്ധമാണ്. പൊലീസ് സുരക്ഷക്ക് പുറമെ, സ്വകാര്യ സുരക്ഷാ സംഘങ്ങളുടെയും അദ്ദേഹത്തിനൊപ്പമുണ്ടാവും.
ആരാണീ ബാബ
ഡൽഹി സ്വദേശിയായ വസ്ത്രവ്യാപാരിയിരുന്നു സുധീർ മക്കാർ. ഇപ്പോൾ വയസ് അമ്പത്തേഴ്. ചെറിയരീതിയിൽ തുടങ്ങിയ ബിസിനസ് വളരെവേഗം പച്ചപിടിച്ചു. ലക്ഷ്മീദേവിയുടെ അനുഗ്രഹം മൂലമാണ് ഇൗ നേട്ടങ്ങളെല്ലാം ഉണ്ടായതെന്നാണ് സുധീർ വിശ്വസിക്കുന്നത്. ലക്ഷ്മീ ദേവിയുടെ ഇരിപ്പിടം സ്വർണമായതിനാൽ അതണിഞ്ഞ് കൂടുതൽ ഭക്തിതെളിയിക്കാൻ തീരുമാനിച്ചു.
ആദ്യം കുറച്ച് ആഭരണങ്ങൾ മാത്രമാണ് ധരിച്ചിരുന്നത്. പിന്നീട് ആഭരണങ്ങുടെ എണ്ണവും ഭാരവും കൂട്ടി.
ഇൗ ആഭരണങ്ങളൊന്നും താൻ കാശുമുടക്കി വാങ്ങിയതല്ലെന്നാണ് ബാബ പറയുന്നത്. എല്ലാം അനുയായികൾ കൊടുത്തതാണത്രേ. പലയിടങ്ങളിലായി നൂറുകണക്കിന് അനുയായികളാണ് ബാബയ്ക്കുള്ളത്. എന്തുപറഞ്ഞാലും ഇവർ അനുസരിക്കുമെന്നും തനിക്ക് ചില സിദ്ധികൾ ഉണ്ടെന്നുമാണ് ബാബയുടെ അവകാശവാദം.കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും പാവപ്പെട്ട സ്ത്രീകളെ സഹായിക്കാൻ ബാബ എപ്പോഴും മുന്നിലുണ്ട്. സഹായിക്കുന്നത് സമ്പത്തും ഐശ്വര്യവും വർദിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.