തിരുവനന്തപുരം: മകളെ കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ കേസിൽ പിടിയിലായ സൈനികൻ അമ്പൂരി വാഴിച്ചൽ തട്ടാൻമുക്ക് അശ്വതി ഭവനിൽ അഖിലേഷ് നായരെ (24) തനിക്ക് മുൻപരിചയമില്ലെന്ന് കൊല്ലപ്പെട്ട രാഖിയുടെ അച്ഛൻ പൂവാർ തിരുപുറം പുത്തൻകട ജോയി ഭവനിൽ രാജൻ പറഞ്ഞു. കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലാണ് അഖിലേഷിനെ കാണുന്നത്. പൊലീസ്, തന്നെ ചൂണ്ടിക്കാട്ടി ഇതാരെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു അഖിലേഷിന്റെ മറുപടി. തനിക്കും മുമ്പൊന്നും അഖിലേഷിനെപ്പറ്റി അറിവുണ്ടായിരുന്നില്ല. ഏതാനും മാസങ്ങൾക്ക് മുമ്പ് വിവാഹകാര്യവുമായി ബന്ധപ്പെട്ട് മകളോട് സംസാരിക്കുമ്പോൾ ഒരാളുമായി അടുപ്പമുള്ളതായി വെളിപ്പെടുത്തിയിരുന്നു. വിവാഹം കഴിക്കുന്നെങ്കിൽ അയാളെ മാത്രമേ വിവാഹം കഴിക്കൂവെന്നും മറ്രൊരു വിവാഹത്തെപ്പറ്റി ആലോചിക്കാൻ കഴിയില്ലെന്നുമാണ് മകൾ പറഞ്ഞത്. എന്നാൽ, മകളുടെ പ്രണയം ഇതുപോലൊരു ദുരന്തത്തിൽ അവസാനിക്കുമെന്ന് സ്വപ്നത്തിൽപോലും കരുതിയില്ല. മകളുടെ കൊലയാളികൾ പിടിയിലായ ശേഷം 'ഫ്ളാഷി'നോട് സംസാരിക്കുകയായിരുന്നു രാജൻ.
അവരുടെ പ്രേരണയും ഒത്താശയും ഉണ്ടാകാം
അഖിലേഷിനും സഹോദരൻ രാഹുലിനും മാത്രമല്ല അവരുടെ മാതാപിതാക്കൾക്കും സംഭവവുമായി ബന്ധമുണ്ട്. അവരുടെ പ്രേരണയും ഒത്താശയുമുള്ളതിനാലാണ് കൂസലില്ലാതെ രാഖിയെ അവിടേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താനും കുഴിച്ചുമൂടാനും അവർ തയാറായത്. വീട്ടുവളപ്പിൽ കുഴി വെട്ടിയപ്പോൾ ഒപ്പമുണ്ടായിരുന്നുവെന്ന് അഖിലേഷിന്റെ അച്ഛൻ മണിയൻ വെളിപ്പെടുത്തിയിട്ടുണ്ട്. മരം നടാനാണെന്ന ധാരണയിലാണ് കുഴി വെട്ടിയതെന്ന അയാളുടെ വാദം അംഗീകരിക്കാൻ കഴിയില്ല. ഒരാളുടെ നീളത്തിലും വീതിയിലും അരയാൾ പൊക്കത്തിലധികം ആഴത്തിലും മരം നടാൻ കുഴിവെട്ടിയതിൽ നിന്നുതന്നെ കാര്യങ്ങൾ വ്യക്തമാകും. രാഖിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇവരുടെ വീട്ടിൽ അന്വേഷിച്ചെത്തിയ പൊലീസുകാർക്കെതിരെ മിലിട്ടറി ക്യാമ്പിൽ നിന്ന് പരാതി അയപ്പിയ്ക്കുകയും മക്കൾക്ക് ഒളിവിൽ പോകാൻ ഒത്താശയും പണം ഉൾപ്പെടെ ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തതിന് പിന്നിൽ മണിയന് ബന്ധമുണ്ട്. മണിയനും ഭാര്യയും അറിയാതെ കൊലപാതകം പോലെ ഗൗരവമായ കുറ്റകൃത്യം നടത്തിയശേഷം രണ്ട് മക്കൾക്കും കൂളായി ഒളിവിൽ പോകാൻ കഴിയില്ല. കുറ്രകൃത്യത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിട്ടും അക്കാര്യം പൊലീസിനെ അറിയിക്കാതിരുന്നതിനും തെളിവ് നശിപ്പിക്കാനുൾപ്പെടെ സഹായങ്ങൾ ചെയ്തതിലും ഇവർക്ക് ബന്ധമുണ്ടാകാം. ഈ സംശയങ്ങൾ കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്.
പൊലീസ് ഉറപ്പ് നൽകി
അഖിലേഷിന്റെ മാതാപിതാക്കൾക്ക് സംഭവത്തിൽ ബന്ധമുള്ളതായി തെളിവ് ലഭിച്ചാൽ അവരെ പ്രതിചേർക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം തൃപ്തികരമാണ്. സാധാരണ മാൻമിസിംഗ് കേസുകളിലുണ്ടാകാറുള്ള അലംഭാവമൊന്നും ഇതിലുണ്ടായിട്ടില്ല. പരാതി നൽകിയതുമുതൽ രാഖിയെ കണ്ടെത്താൻ പൊലീസ് നടത്തിയ ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഫലമാണ് തേഞ്ഞുമായേണ്ട കേസ് ദിവസങ്ങൾക്കകം തെളിയിക്കാനും കൊലയാളികളെ അറസ്റ്ര് ചെയ്യാനും വഴിയൊരുക്കിയത്. സമയബന്ധിതമായി കുറ്റപത്രം സമർപ്പിച്ച് കുറ്രവാളികൾക്ക് പരമാവധി ശിക്ഷ വാങ്ങിനൽകാനുള്ള നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ.