പിതൃക്കൾക്ക് വിശേഷാൽ അന്നമൂട്ടുന്ന ബലിതർപ്പണം കർക്കടകവാവ് ദിവസമാണ് നടക്കുന്നത്. പതിനായിരത്തിലേറെ വർഷം മുമ്പ് തന്നെ ജനിമൃതി സായൂജ്യ രഹസ്യം ഋഷിപരമ്പരകളിലൂടെ വെളിവായിട്ടുണ്ട്. പിന്നീടിത് ഹിന്ദു ധർമ്മാനുഷ്ഠാന കർമ്മ ഭാഗമായി പരിപോഷിപ്പിക്കപ്പെട്ടു. ഇതിലെ പ്രാപഞ്ചിക രഹസ്യത്തിലേക്കുള്ള ശാസ്ത്രീയ അടിത്തറ ഒരളവിൽ വികസിതമാണെങ്കിലും അദ്ധ്യാത്മ ജ്ഞാനസിദ്ധി വൈഭവം കൊണ്ടല്ലാതെ ആർക്കും അത്ര പെട്ടെന്നങ്ങ് ഗ്രഹിക്കാനാവില്ല.
ഭൗതികശരീരം വെടിയുന്ന ജീവൻ പിന്നീട് സൂക്ഷ്മ ശരീരമായാണ് നിലകൊള്ളുന്നതെന്ന് അറിയാമല്ലോ. ഇങ്ങനെ സൂക്ഷ്മശരീരമായി ഭുവർലോകത്ത് ഉണരുന്ന പരേതാത്മാവിനെ മനസിൽ ധ്യാനിച്ച് ഭൂമിയിലുള്ള ഉറ്റവരും ഉടയവരും അർപ്പിക്കുന്നതാണ് ബലി. പിതൃക്കൾ ദൈവതുല്യരാണ്. അതിനാൽ ബലിതർപ്പണത്തിലൂടെ പിതൃക്കളുടെ അനുഗ്രഹം നേടാം.
പരേതാത്മാവിനെ മനസിൽ ധ്യാനിച്ച് ഉറ്റവർ ബലിതർപ്പണം നടത്തുന്നതോടെ ആത്മാവ് സന്തോഷിക്കുന്നു.
പിതൃക്കൾ തങ്ങൾക്കുള്ള അന്നം ജലത്തിലൂടെയാണ് സ്വീകരിക്കുന്നത്.അതുകൊണ്ടാണ് ജലത്തിൽ ബലിതർപ്പണം ചെയ്യുന്നത്. കർക്കടകം തൊട്ടുള്ള ആറ് മാസം ദക്ഷിണായനകാലം പിതൃക്കൾക്ക് പകലാണ്. തുടർന്നുള്ള ആറുമാസക്കാലം ഉത്തരായനം രാത്രിയാണ്. ഇതിൽ ദക്ഷിണായന കാലം തുടങ്ങുന്ന കർക്കടക മാസത്തിലെ ആദ്യ കറുത്തവാവു ദിവസമാണ് പിതൃക്കൾ ഉണരുന്നത്. ഈ ദിവസം തന്നെയാണ് പിതൃക്കൾക്ക് വിശേഷാൽ അന്നമൂട്ടുന്ന കർക്കടകവാവ് ബലി. കർക്കടകവാവു ബലിയിലൂടെ പിതൃക്കൾക്ക് ഒരു വർഷത്തെ ഭക്ഷണം സമർപ്പിക്കുന്നു എന്നാണ് സങ്കൽപ്പം.
കുടുംബത്തിൽ ആരെങ്കിലും മരണപ്പെട്ടതിനെ തുടർന്നുള്ള ബലികളോ മാസബലി, ആണ്ടുബലി എന്നിവയോ അർപ്പിക്കുന്ന ഘട്ടമായാലും കർക്കടകവാവ് ബലി മുടങ്ങിക്കൂടാ. കാരണം, കർക്കടക വാവ് ബലി മുൻപ് മരിച്ചുപോയ കുടുംബപിതൃക്കൾക്കു വേണ്ടിയുള്ളതു മാത്രമല്ല, അതിനും മുമ്പേയുള്ള അജ്ഞാത പിതൃക്കൾക്കും കൂടെ സമർപ്പിച്ചു ചെയ്യുന്നതാണ്. കർക്കടക വാവുബലി മറ്റെല്ലാ ബലിക്കും മേലെ ഉത്കൃഷ്ടമാണ്.ആരെ സങ്കല്പിച്ച് ബലിയിടുന്നുവോ ആ പിതൃവിന് അതിനിടെ പുനർജന്മം ഉണ്ടായാൽ പിന്നെ ബലിയിടേണ്ടതില്ല. പക്ഷേ, പുനർജന്മം സംഭവിക്കുക എപ്പോഴാണെന്നു നമുക്ക് അറിയാനാകില്ലല്ലോ. ആ നിലയ്ക്ക് , ചെയ്തുവരുന്ന ബലിയുടെ ഗുണഫലം പുതുജന്മമെടുത്ത ആളുടെ ആത്മചൈതന്യം വർദ്ധിക്കാൻ ഉതകും എന്നാണ് സങ്കൽപ്പം.