bigboss

കമൽഹാസൻ അവതാരകനായെത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ സീസൺ 3 തുടക്കം മുതൽതന്നെ വിവാദങ്ങളുടെ പെരുമഴയിലാണ്. ഇക്കുറി ഗായിക ചിന്മയിയാണ് ഷോയ്ക്കെതിരെ രംഗത്തെത്തിയത്. ഷോയിലെ ഒരു വീഡിയോ ക്ലിപ്പ് ട്വീറ്റ് ചെയ്താണ് ഗായികയുടെ വിമർശനം. ഷോയിലെ മത്സരാർത്ഥിയും മുൻകാല നായകനുമായ ശരവണൻ നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരെയാണ് ചിന്മയി രംഗത്തെത്തിയത്.

കോളേജ് കാലഘട്ടത്തിൽ ബസിൽ കയറുമ്പോൾ താൻ സ്ത്രീകളെ തോണ്ടുകയും ദുരുദ്ദേശ്യത്തോടെ സ്പർശിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ശരവണൻ പറഞ്ഞത്. ഇതോടൊപ്പം അവതാരകനായ കമൽ ചിരിച്ചുകൊണ്ട് പ്രസ്താവനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതാണ് ചിന്മയിയെ പ്രകോപിപ്പിച്ചത്. 'താൻ സ്ത്രീകളെ തോണ്ടുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഒരാൾ അഭിമാനത്തോടെ പറഞ്ഞത് ഒരു തമിഴ് ചാനൽ സംപ്രേഷണം ചെയ്തിരിക്കുന്നു. പ്രേക്ഷകർ കൈയടിക്കുന്നു, കൈയടിക്കുന്ന പ്രേക്ഷകർക്കും സ്ത്രീകൾക്കും പീഡകനും ഇതൊരു തമാശയാണ്, കഷ്ടം" എന്നായിരുന്നു ചിന്മയിയുടെ ട്വീറ്റ്.

സ്ത്രീകൾക്ക് ബസിൽ ഇത്തരം അനുഭവങ്ങൾ പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ടെന്ന കമലിന്റെ വാക്കുകൾക്ക് മറുപടിയായാണ് ശരവണൻ വിവാദ പ്രസ്താവന നടത്തിയത്. കമൽഹാസനെതിരെയും ശരവണനെതിരെയും കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. സ്ത്രീകളുടെ അവകാശങ്ങൾക്കായി വാദിക്കുന്ന പുരോഗമനവാദിയായ കമലിന് ഇത് തമാശയാണോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം.