abvp

തിരുവനന്തപുരം: കേരളത്തിൽ ക്രമസമാധാനനില തകർന്നിട്ടും ഞാനൊന്നുമറിഞ്ഞില്ലേ... എന്ന ഭാവത്തിലിരിക്കുന്ന ഗവർണർ ഉടൻ രാജിവയ്ക്കണമെന്ന് എ.ബി.വി.പി സംസ്ഥാന പ്രസിഡന്റ് പ്രിന്റു മഹാദേവ് ആവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റി, പി.എസ്‌.സി പരീക്ഷകളിലെ ക്രമക്കേടിന് കൂട്ടുനിന്ന അധ്യാപകരെ പുറത്താക്കുക, കേരള യൂണിവേഴ്‌സിറ്റിയിലെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കുക, കലാലയ ജനാധിപത്യം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സർവകലാശാലാ ആസ്ഥാനത്തേക്ക് എബിവിപി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ക്രമസമാധാനം ഇത്രയും മോശമായ സ്ഥിതി മുമ്പുണ്ടായിട്ടില്ല. കൊലപാതകങ്ങളടക്കം നടക്കുമ്പോൾ ഗവർണർ മൗനം പാലിക്കുകയാണ്. കേരളത്തിലെ സുഖവാസം അവസാനിപ്പിച്ച് എത്രയുംവേഗം രാജിവച്ചില്ലെങ്കിൽ ശക്തമായ ആരംഭിക്കും. ഉത്തരേന്ത്യയിൽ നടക്കുന്ന പ്രശ്നങ്ങളിൽ മാത്രം പ്രതികരിക്കുന്ന കേരളത്തിലെ സാംസ്‌കാരിക നായകരെ തെരുവിൽ കണ്ടാൽ പത്തലു വെട്ടി അടിക്കുകയാണ് വേണ്ടത്. ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിൽ ആരെയെങ്കിലും ആക്രമിക്കുന്നതിനോട് എ.ബി.വി.പിക്ക് യോജിപ്പില്ലെന്നും പ്രിന്റു പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളേജിലെ ഏറ്റവും വലിയ അപകടകാരികൾ എ.കെ.ജി.സി.ടി എന്ന ഇടതുപക്ഷ സംഘടനയിലെ അദ്ധ്യാപകരാണ്. ആദ്യം നിരോധിക്കപ്പെടേണ്ട സംഘടന എ.കെ.ജി.സി.ടിയാണെന്നും പ്രിന്റു പറഞ്ഞു. എ.ബി.വി.പി സംസ്ഥാന സെക്രട്ടറി വി. മനു പ്രസാദ്, ദേശീയ നിർവാഹക സമിതി അംഗം കെ.എം രവിശങ്കർ, സംസ്ഥാന സമിതി അംഗങ്ങളായ എസ്. ശരണ്യ, മനോജ്, കെ.എസ്.അഖിൽ, പി.അഖിൽ, ജില്ലാ പ്രസിഡന്റ് വൈശാഖ് സദാശിവൻ, ജില്ലാ സെക്രട്ടറി ശ്യാം മോഹൻ, കൊല്ലം ജില്ലാ സെക്രട്ടറി കെ.എസ്.കാർത്തിക് തുടങ്ങിയവർ പങ്കെടുത്തു.