പൂവാർ: വിഷരപിത ഭക്ഷ്യോത്പാദനം ലക്ഷ്യം വച്ച് പൂവാർ ഗ്രാമപഞ്ചായത്തിൽ മത്സ്യ കൃഷി വ്യാപകമാക്കുന്നു. സംസ്ഥാന ഫിഷറീസ് ഡിപ്പാർട്ടമെന്റും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന ഇപ്പോൾ നടക്കുന്നത് രണ്ടാം ഘടത്തിലാണ്. 2017-18 സാമ്പത്തിക വർഷത്തിലാണ് ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടം പ്രവർത്തനം ആരംഭിച്ചത്. ഇതിന് മുമ്പ് നടപ്പാക്കിയിരുന്നതാകട്ടെ മത്സ്യ സമൃദ്ധി പദ്ധതി എന്ന പേരിലായിരുന്നു. കുളങ്ങളിൽ ഒരേ ഇനത്തിൽപ്പെടുന്ന മത്സ്യങ്ങളുടെ കൃഷിയും, ഒന്നിലധികം ഇനം മത്സ്യങ്ങൾ ഒന്നിച്ച് കൃഷി ചെയ്യുന്ന രീതിയും അവലംബിച്ചു വരുന്നു. ഒരിനം മത്സ്യം മാത്രമായി കൃഷി ചെയ്യുന്നത് ആസാംവാളയാണ്. പഞ്ചായത്തിലെ രണ്ട് ഏക്കർ വരുന്ന താമരക്കുളത്തിൽ സജീവൻ എന്ന കർഷകനും, ഒരേക്കർ വരുന്ന കാട്ടുകുളത്തിൽ വേലായുധൻ എന്ന കർഷകനും ഇപ്പോൾ അസാം വാളകൃഷി ചെയ്യുന്നുണ്ട്. ഇന്ത്യൻ കാർപ്പ് മത്സ്യക്കളായ കട്ല, രോഹു, മൃഗാൽ, ചൈനീസ് കാർപ്പ് മത്സ്യങ്ങളായ സിൽവർകാർപ്പ്, ഗ്രാസ് കാർപ്പ് തുടങ്ങിയവ കൂട്ടായി വളർത്തുന്ന മത്സ്യങ്ങളുമാണ്. ഇവയുടെ കൃഷി ഇപ്പോൾ പൂവാർ പഞ്ചായത്ത് മേഖലയിൽ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. മിനിമം 25 സെന്റ് കുളങ്ങളിൽ കാർപ്പ് മത്സ്യങ്ങൾ വളർത്തുന്നവർക്ക് കുളം വൃത്തിയാക്കുന്നതിനും, മീനുകൾക്ക് നൽകുന്ന ഫുഡ്ഡിനും വർഷത്തിലൊരിക്കൽ സബ്സീഡി നൽകുന്നുണ്ട്. പൂവാറിലിപ്പോൾ ബേക്ക് വാട്ടറിലെ കൂട് കൃഷി കൂടാതെ താമരക്കുളം, കാട്ടുകുളം, ശാസ്താംകുളം, പനച്ചമുട്ട് കുളം, പരപ്പൻ കുളം തുടങ്ങിയവയിലാണ് മത്സ്യകൃഷി ശാസത്രീയമായി നടപ്പാക്കിയിരിക്കുന്നത്. ജലാശയങ്ങളും ഉപയോഗിക്കാം
പൊതു ജലാശയങ്ങളിൽ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാൻ മത്സ്യകുഞ്ഞുങ്ങളെ സൗജന്യമായി നിക്ഷേപിക്കുന്ന രീതിയും നിലവിലുണ്ട്. ഒപ്പം പഞ്ചായത്തിലെ ചെറു നദികൾ, കായലുകൾ തുടങ്ങിയവ ഉപയോഗപ്പെടുത്തി കൃഷി ചെയ്യുന്ന നൂതന രീതിയായ കേജ്കൾച്ചറും നിലവിലുണ്ട്.
കേജ്കൾച്ചർ
പരിസ്ഥിതിക്ക് ദോഷം വരാത്ത കൃഷി രീതിയാണ് കേജ് കൾച്ചർ. ഇതിൽ വളർത്തേണ്ട മത്സ്യങ്ങളെ പ്രത്യേക തരം കൂട്ടിലാക്കി ജലാശയത്തിൽ നിക്ഷേപിക്കും. ഇത് ജലാശയത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടില്ല. വിയറ്റ്നാം, തായ്വാൻ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ ഈ കൃഷി വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. കേരളത്തിൽ വിഴിഞ്ഞത്ത് സമുദ്രത്തിൽ നടത്തിയ പരീക്ഷണകൃഷിയും വിജയം കണ്ടിരുന്നു.
കൃഷി രീതി
കണ്ണിയകലം കുറഞ്ഞ വലകൊണ്ട് പൊതിഞ്ഞ ചതുരാകൃതിയിൽ ഉള്ള കൂട്ടിലാണ് മീൻ വളർത്തുന്നത്. പ്ലാസ്റ്റ് പൈപ്പുകളും തടിയും ഫ്രെയിമിനായി ഉപയോഗിക്കും. ഇവ ഒഴുകിപ്പോകാതിരിക്കാൻ കമ്പുകൾ നാട്ടി കേജുകൾ കൂട്ടിക്കെട്ടും. തീറ്റ കൂടുകളുടെ മേൽഭാഗത്തുള്ള വലയിലൂടെ അകത്തേക്കു നിക്ഷേപിക്കുന്നു. മത്സ്യങ്ങൾക്ക് അധിക ദൂരം സഞ്ചരിക്കാത്തതിനാൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് മത്സ്യകുഞ്ഞുങ്ങൾക്ക് കൂടുതൽ വലർച്ച ലഭിക്കും.
കഴിഞ്ഞ കാലങ്ങളിൽ കൃഷിക്ക് ആവശ്യമായ മീൻ കുഞ്ഞുങ്ങൾഫിഷറീസ് ഡിപ്പാർട്ട്മെന്റ് ഇതര ഏജൻസികൾ മുഖേന വാങ്ങിയാണ് സൗജന്യമായി വിതരണം ചെയ്തിരുന്നത്. ഇപ്പോഴത് അതാത് സ്ഥലങ്ങളിലെ കർഷകർ തന്നെ നഴ്സറി കുളങ്ങൾ ഒരുക്കി ആവശ്യമായ കുഞ്ഞുങ്ങളെ വളർത്തിയെടുക്കണം. ഇതിനായി വാങ്ങുന്ന സ്പേമിന്റെ വിലയുടെ 40% കർഷകന് ലഭിക്കും. ഗുണമേന്മയുള്ള കുഞ്ഞുങ്ങളെ കിട്ടുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.