karkkidaka

കർക്കടക അമാവാസി നാൾ. പിതൃതർപ്പണത്തിന്റെ മഹനീയ മുഹൂർത്തം. പഞ്ചമഹായജ്ഞങ്ങളിൽ ഏറ്റവും പ്രധാനമാണ് പിതൃയജ്ഞം. ഭൗതികശരീരം (സ്ഥൂലശരീരം) വെടിഞ്ഞ 'ജീവൻ" പിന്നീട് സൂക്ഷ്‌മശരീരത്തിൽ നിലകൊള്ളുന്നു. പഞ്ചഭൂതങ്ങളാൽ (ആകാശം, വായു, അഗ്നി, ജലം, ഭൂമി) നിർമ്മിക്കപ്പെട്ട ഭൗതിക ശരീരത്തെ പഞ്ചഭൂതങ്ങളിലേക്കുതന്നെ വിലയിപ്പിക്കുകയും സൂക്ഷ്‌മശരീരത്തിലെ ജീവനെ പത്തുദിവസത്തെ ബലിക്രിയാദികളിലൂടെ ഗാത്രസൃഷ്ടി നടത്തി തുടർന്നുള്ള രണ്ടുദിവസങ്ങളിൽ സപിണ്ഡീകരണവും ചെയ്ത് പിതൃലോകത്തേക്കു യാത്ര അയയ്‌ക്കുന്ന പിതൃയജ്ഞത്തെയാണ് 'അന്ത്യേഷ്ടി" എന്നു പറയുന്നത്. ഷോഡശ സംസ്‌കാരത്തിലെ അവസാനത്തെ സംസ്‌കാരമാണത്. പിതൃലോകത്തിലെത്തിയ പൂർവികരെ ചില നിശ്ചിത ദിവസങ്ങളിൽ അനുസ്‌മരിച്ച്, സമുദ്രത്തിലോ മറ്റ് പുണ്യതീർത്ഥങ്ങളിലോ ജലാശയങ്ങളിലോ വച്ച് ചെയ്യുന്ന ബലിക്രിയയാണ് പിതൃതർപ്പണം. ഇപ്രകാരം തീർത്ഥസ്ഥലികളിൽ പോയി തർപ്പണം ചെയ്യാൻ കഴിയാത്തവർക്ക് ശുദ്ധമായ അന്തരീക്ഷത്തിൽ ഭവനങ്ങളിൽ വച്ചുതന്നെ ജലപാത്രത്തിന്റെ മുന്നിലിരുന്ന് തർപ്പണം നടത്താവുന്നതാണ്.

തർപ്പണത്തിനു ശേഷം അന്നേദിവസം തന്നെ ശ്രാദ്ധവും ചെയ്യാം. 'ബലിയിടുക" എന്നാൽ ഭക്ഷണം നൽകുക എന്നതാണ്. ഹൃദയവിശുദ്ധിയോടെയുള്ള ഈ സമർപ്പണം, 'അർപ്പണം" എന്ന തൃപ്‌തിപ്പെടുത്തലിനോടു ചേർന്നുനില്‌ക്കുന്നു. ഹൃദയബന്ധമായ ഈ ഭക്ഷണാർപ്പണത്തിലെ 'പിണ്ഡം" അഥവാ കവ്യം ഏറെ പ്രാധാന്യമാണ്.

പിതൃക്കളെ ദൈവമാക്കി - ദേവതുല്യരാക്കി - മാറ്റുന്നതാണ് പിതൃബലി. ഭൗതികത വിട്ട് മറഞ്ഞുകഴിഞ്ഞാൽ ആത്മചൈതന്യങ്ങൾ ദൈവതുല്യരാകുന്നു. പിതൃക്കൾക്കു ബലിയിട്ടില്ലെങ്കിൽ പിതൃശാപം നേരിടുമെന്നാണ്. പിതൃക്കളുടെ ആത്മീയമായ ദേവസാമീപ്യത്തിനെന്ന പോലെ പിതൃക്കളുടെ ശാപം മൂലം ഉണ്ടാകുന്ന വൃദ്ധിക്ഷയവും, അസമാധാനവും, അനാരോഗ്യതകളുമെല്ലാം വന്നു ഭവിയ്‌ക്കാതിരിക്കുന്നതിനും പിതൃബലി മനുഷ്യകുലം പണ്ടുമുതലേ ആചരിച്ചുവരുന്നു. കർക്കടകവാവിന് 'ബലി" മുടക്കരുതെന്നാണ് പറയാറ്.

അതിന് മതിയായ കാരണം, മനുഷ്യരുടെ പന്ത്രണ്ട് മാസമാണ് പിതൃക്കളുടെ ഒരു ദിവസം. വർഷത്തിലൊരിക്കൽ പിതൃക്കൾക്കർപ്പിക്കുന്ന ബലിയിലൂടെ അവരുടെ ഒരു വർഷത്തെ ഭക്ഷണം സമർപ്പിക്കുന്നു എന്നാണ്! ഏതെങ്കിലും സാഹചര്യത്തിൽ കർക്കടക വാവുബലി മുടങ്ങിയാൽ തുലാം, കുംഭം എന്നീ മാസങ്ങളിലെ കറുത്ത വാവുനാൾ ബലിതർപ്പണം നടത്താമെന്നുമുണ്ട്.

വാവുബലി ദിവസം പ്രഭാതത്തിൽത്തന്നെ ബലിദാതാക്കൾ കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച് കൈവിരലിൽ പവിത്രമിട്ട് കുശം, എള്ള്, അക്ഷതം എന്നിവയോടെ പിതൃക്കളെ കുശാനത്തിലേക്ക് ആവഹിയ്‌ക്കണം. തുടർന്ന് പിതൃക്കൾക്ക് ഭക്തിപൂർവം തില മിശ്രിത ജലാഞ്ജലി സമർപ്പിക്കണം. മാതാപിതാക്കൾ വഴി, തന്റെ നാല് പൂർവ പുരുഷാന്തരങ്ങളിലെ പിതൃക്കളുടെ അനുഗ്രഹത്തിനു വേണ്ടിയാണ് തർപ്പണം ചെയ്യുന്നത്.

എല്ലാ മാസവും അമാവാസിക്ക് പിതൃക്കൾക്ക് ബലി നൽകേണ്ടതാണ്. എന്നാൽ അതിനു സാധിക്കാതെ വരുന്നവർക്ക് കർക്കടകം,തുലാം, കുംഭം എന്നീ മാസങ്ങളിലെ അമാവാസിയ്ക്കെങ്കിലും പിതൃയജ്ഞം ചെയ്യേണ്ടതാണ്. പിതൃയജ്ഞം ശ്രദ്ധയോടെ ചെയ്‌തില്ലെങ്കിൽ മനഃക്ളേശങ്ങളുണ്ടാകുമെന്ന് ഗരുഡപുരാണത്തിലും മനുസ്‌മൃതിയിലും പറയുന്നു.

കർക്കടക അമാവാസിയ്‌ക്ക് ഏറെ സവിശേഷതയുണ്ട്. ഉത്തരായണ പുണ്യകാലം (മകരം മുതൽ മിഥുനം വരെ) കഴിഞ്ഞു ദക്ഷിണായന കാലം ആരംഭിക്കുന്ന മാസമാണ് കർക്കടകം. ദേവന്മാർ നിദ്രപ്രാപിക്കുന്ന കർക്കടകം മുതൽ ധനു വരെയുള്ള ദക്ഷിണായന കാലം മനുഷ്യർക്ക് പിതൃക്കളുടെ അനുഗ്രഹമാണ് അനിവാര്യമായി വരുന്നതെന്നാണ്.

പിതൃക്കളെ സംബന്ധിച്ചിടത്തോളം മനുഷ്യന്റെ ഒരു മാസം അവരുടെ ഒരു ദിവസമാണ്. അതിൽ കറുത്തപക്ഷം (കൃഷ്ണപക്ഷം - 15 ദിവസം) അവരുടെ പകലും വെളുത്ത പക്ഷം (ശുക്ളപക്ഷം - 15 ദിവസം) രാത്രിയുമാണ്. അതുകൊണ്ടുതന്നെ കർക്കടക അമാവാസി ദക്ഷിണായനത്തിലെ പിതൃക്കളുടെ പകൽസമയത്തെ ആദ്യ അമാവാസിയാണ്.

അമാവാസി ദിനത്തിൽ ചന്ദ്രനിൽ പ്രതിഫലിച്ചെത്തുന്ന സൂര്യപ്രകാശം തീരെ ദൃശ്യമാകാത്ത ദിവസം കൂടിയാണ്. ചാന്ദ്രപ്രകാശം മുഴുവനും ആ ദിവസം പിതൃക്കൾക്കാണ് ലഭിക്കുന്നത് എന്നാണ്.

ഈ കാരണങ്ങൾ കൊണ്ടാണ് പിതൃകർമ്മങ്ങൾ ചെയ്യുന്നതിന് കർക്കടക അമാവാസിദിനം ഉത്തമമാണെന്ന് ആചാര്യന്മാരാൽ വിധിക്കപ്പെട്ടിരിക്കുന്നത്.