ദൈവേച്ഛ ഏതുരൂപത്തിലാണ് മനുഷ്യജീവിതത്തെ മാറ്റിമറിക്കുന്നതെന്ന് പറയാനാവില്ല. ഏതാണ്ട് അതുപോലെയാണ് സംസ്ഥാന പൊലീസിന്റെ ചില നേരങ്ങളിലുള്ള പ്രവർത്തനം. എറണാകുളത്ത് ഐ.ജി ഒാഫീസിലേക്ക് നടത്തിയ സി.പി.ഐ ജില്ലാനേതൃത്വത്തിന്റെ പ്രതിഷേധ മാർച്ചിനിടെ ഉണ്ടായ സംഘർഷവും പൊലീസ് നടപടിയും വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ലാത്തിച്ചാർജിൽ മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാമിന്റെ കൈയിലെ എല്ലൊടിഞ്ഞെന്നും ഇല്ലെന്നും രണ്ട് ഭാഷ്യമുണ്ട്. എം.എൽ.എക്ക് പുറമെ സി.പി.ഐയുടെ ജില്ലാസെക്രട്ടറി പി.രാജു ഉൾപ്പെടെ പലർക്കും നല്ലതോതിൽ പരിക്കുമേറ്റിരുന്നു. സി.പി.എം കഴിഞ്ഞാൽ ഭരണമുന്നണിയിലെ പ്രമുഖകക്ഷിയാണ് സി.പി.ഐ എന്ന് അറിയാത്തവർ പൊലീസിലുണ്ടോ എന്നറിയില്ല. ഏതായാലും മുഖംനോക്കാതെ വേണം പൊലീസ് ക്രമസമാധാനം നിലനിറുത്താനെന്ന സാരോപദേശം എറണാകുളത്ത് അവർ അക്ഷരംപ്രതി നിറവേറ്റി എന്നുവേണം പറയാൻ.
എം.എൽ.എയും പാർട്ടി ജില്ലാസെക്രട്ടറിയും ഉൾപ്പെടെ നിരവധി പ്രവർത്തകർ പൊലീസ് അതിക്രമത്തിന് ഇരയായിട്ടും പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രശ്നത്തിൽ ഇടപെടാതിരുന്നതിലും പൊലീസിന്റെ പക്ഷം പിടിച്ചതിലും പാർട്ടി അണികളിൽ ശക്തമായ അമർഷം ഇപ്പോഴും നിലനിൽക്കുകയാണെന്നാണ് വാർത്ത. സംസ്ഥാന സെക്രട്ടറിയുടെ ഇൗ നിലപാടിൽ പ്രതിഷേധിച്ച് ആലപ്പുഴയിലെ സി.പി.ഐ ജില്ലാകമ്മിറ്റി ഒാഫീസിന്റെ മതിലിൽ കാനത്തിനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററിന്റെ പേരിൽ പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ മൂന്ന് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാർട്ടിയുടെതന്നെ ഒരു പ്രാദേശിക നേതാവ് ഇടപെട്ട് കഴിഞ്ഞദിവസം ഇവരെ ജാമ്യത്തിൽ ഇറക്കുകയും ചെയ്തു. സംഘർഷവുമായി ബന്ധപ്പെട്ട് പാർട്ടി പ്രവർത്തകരുടെ അറസ്റ്റും കേസുമൊക്കെ സാധാരണ സംഭവമാണ്. എന്നാൽ പാർട്ടി ഒാഫീസിന്റെ മതിലിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്ററിന്റെ പേരിൽ യുവജന സംഘടനയുടെ നേതാക്കൾ അറസ്റ്റ് ചെയ്യപ്പെടുന്ന സംസ്ഥാനത്തെ ആദ്യ സംഭവമാണിത്. പോസ്റ്റർ ഒട്ടിച്ചത് സ്വന്തം പാർട്ടിക്കാർ തന്നെയെന്ന വിവരം പരസ്യമായതാണ് അതിലേറെ വിചിത്രം. പാർട്ടി എം.എൽ.എക്കും ജില്ലാസെക്രട്ടറിക്കും പൊലീസ് അടിയേൽക്കേണ്ടിവന്ന സംഭവത്തിൽ പാർട്ടി നേതൃത്വം വേണ്ട രീതിയിൽ ഇടപെടാതിരുന്നതിൽ താഴെതലങ്ങളിൽ കടുത്ത അമർഷമുണ്ടാവുക സ്വാഭാവികമാണ്. പാർട്ടി ഒാഫീസിന്റെ ചുവരിലും ആലപ്പുഴ നഗരത്തിൽ അങ്ങിങ്ങും 'കാനത്തെ മാറ്റൂ, സി.പി.ഐയെ രക്ഷിക്കൂ" എന്നെഴുതിയ പോസ്റ്ററുകൾക്ക് പിന്നിൽ ഒൗദ്യോഗിക പക്ഷംതന്നെയാണ് പ്രവർത്തിച്ചതെന്ന സൂചനയുമുണ്ട്. രാഷ്ട്രീയമാകുമ്പോൾ ഇതിനപ്പുറമുള്ള തറവേലകളും സാദ്ധ്യമാണ്. എന്നാൽ ചുവരിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്ററിന്റെ പേരിൽ അപകീർത്തി വകുപ്പുപ്രകാരം പൊലീസ് കേസെടുത്തതിലെ യുക്തിയാണ് നിയമബോധമുള്ളവരെ വിസ്മയഭരിതരാക്കുന്നത്. അപകീർത്തികരമായ എന്ത് പരാമർശമാണ് പോസ്റ്ററിലുള്ളതെന്ന് പൊലീസ് തന്നെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടി വന്നിരിക്കുകയാണ്.
പോസ്റ്റർ പതിച്ചതിന് കേസും അറസ്റ്റുമൊക്കെ അനിവാര്യമാണെങ്കിൽ സംസ്ഥാനത്ത് ഇത്തരക്കാരെ പാർപ്പിക്കാൻ എത്ര ജയിലുകൾ വേണ്ടിവരുമായിരുന്നു. പാർട്ടി നേതൃത്വത്തിനെതിരെ തങ്ങളുടെ എതിർപ്പും പ്രതിഷേധവും പ്രകടിപ്പിക്കാൻ അണികൾ എല്ലാകാലത്തും ആശ്രയിക്കുന്നത് ഇതുപോലുള്ള പ്രതിഷേധ മുറകളാണ്. ചുവരെഴുത്ത് സൗകര്യപൂർവം മറന്നതാണ്, ആലപ്പുഴയിൽ പോസ്റ്റർ പതിച്ചവരെ കേസെടുത്ത് ജയിലിലടയ്ക്കാൻ പാർട്ടി ജില്ലാ നേതൃത്വം ഇടപെടാൻ കാരണം. രാഷ്ട്രീയ പ്രശ്നങ്ങളോ വിവാദങ്ങളോ തലപൊക്കുമ്പോൾ എല്ലാ രാഷ്ട്രീയ കക്ഷികളിലുമുള്ള അസംതൃപ്ത വിഭാഗങ്ങൾ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുന്നത് ഇത്തരത്തിലാണ്. ജനാധിപത്യത്തിൽ ഇതൊക്കെ അപകീർത്തി വകുപ്പനുസരിച്ച് കേസെടുക്കാൻ മാത്രം ഗുരുതരമായ കുറ്റമൊന്നുമല്ല. പോസ്റ്റർ പതിച്ചതിന് ആലപ്പുഴയിൽ എ.ഐ.വൈ.എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കേസെടുത്ത കാര്യം താൻ അറിഞ്ഞില്ലെന്നാണ് ഡി.ജി.പി പറയുന്നത്. താഴെ തലങ്ങളിൽ നടക്കുന്ന ഇതുപോലുള്ള പലതും അദ്ദേഹം അറിയാറേ ഇല്ലെന്നതല്ലേ വാസ്തവം.
കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനത്ത് 'പോസ്റ്റർ" ഗുരുതരമായ കുറ്റകൃത്യമാകുന്നതും പ്രവർത്തകർ ജയിലിൽ കിടക്കേണ്ടിവരുന്നതും അത്യപൂർവ സംഭവം തന്നെയാണ്. കീഴടങ്ങുന്ന മാവോവാദികൾക്ക് അഞ്ചുലക്ഷം രൂപ സമ്മാനവും പ്രതിമാസം പതിനായിരം രൂപവരെ മാസബത്തയും നൽകാനുള്ള കർമ്മപദ്ധതിയുമായി മുന്നോട്ടുവന്ന സർക്കാർ പാർട്ടി നേതാവിനെതിരെ പോസ്റ്റർ പതിച്ച നിസാരമായൊരു സംഭവത്തിൽ പൊലീസിനെ വിട്ട് കേസെടുക്കാൻ മുതിരരുതായിരുന്നു. നിയമം നടപ്പാക്കലാണ്, നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുകയല്ല പൊലീസിന്റെ പണിയെന്ന് രാഷ്ട്രീയ നേതൃത്വങ്ങൾ എന്നാണാവോ മനസിലാക്കുന്നത്.