തിരുവനന്തപുരം : നാടിനെ നടുക്കിയ അരുംകൊല ചെയ്ത കൊലയാളിക്കെതിരെ അമ്പൂരിയിൽ ജനരോഷം. രാഖിമോളെ കൊന്നു കുഴിച്ചു മൂടിയ കേസിലെ ഒന്നാം പ്രതിയായ കാമുകൻ അഖിലിനെ തട്ടാംമുക്കിലെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് കൂക്കിവിളിച്ചും കല്ലെറിഞ്ഞും പ്രദേശവാസികൾ പ്രതിഷേധിച്ചത്. അഖിലുമായി വിവിധഭാഗങ്ങളിലെത്തി തെളിവെടുക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് വലയത്തിനുള്ളിലേക്ക് ഇരച്ച് കയറി "കൊലയാളിയെ ഞങ്ങൾ കാണട്ടെ'യെന്ന് ആക്രോശിച്ച് പ്രതിയെ കൈയേറ്റം ചെയ്യാൻ നാട്ടുകാർ ശ്രമിച്ചതോടെ തെളിവെടുപ്പ് പൂർത്തിയാക്കാതെ പൊലീസ് മടങ്ങി. കഴുത്തിൽ കുരുക്കിയ കയർ കണ്ടെടുക്കാനും രാഖിയുടെ വസ്ത്രങ്ങൾ കത്തിച്ച സ്ഥലത്ത് അഖിലിനെ എത്തിക്കാനും പൊലീസിന് കഴിഞ്ഞില്ല.

അഖിലിനെ ഇന്നലെ തെളിവെടുപ്പിനെത്തിക്കുമെന്ന് അറിഞ്ഞതോടെ സ്ത്രീകളടക്കം നൂറുകണക്കിന് ആളുകളാണ് രാവിലെ 8 മുതൽ തട്ടാംമുക്കിലെ വീടിന് സമീപം തടിച്ചുകൂടിയത്. 11.50നാണ് കനത്ത പൊലീസ് കാവലിൽ നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്. അനിൽകുമാറിന്റെ നേതൃത്വത്തിൽ അഖിലിനെ തട്ടാംമുക്കിലെത്തിച്ചത്. പൊലീസ് വാഹനം സ്ഥലത്ത് എത്തിയതോടെ നാട്ടുകാർ പ്രതിഷേധം തുടങ്ങി. സംഭവത്തിൽ അഖിലിന്റെ മാതാപിതാക്കൾക്കും പങ്കുണ്ടെന്നും അവരെ കൂടി അറസ്റ്റ് ചെയ്തശേഷം തെളിവെടുപ്പ് നടത്തണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. ഇക്കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്ന് പറഞ്ഞ പൊലീസ് അഖിലിനെ വാഹനത്തിൽ നിന്നു പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ അനുവദിച്ചില്ല. പൊലീസ് ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ മാറ്റി.

വിലങ്ങുവച്ചാണ് അഖിലിനെ പുറത്തിറക്കിയത്. പ്രതിഷേധം കനത്തതോടെ പൂവാർ എസ്.ഐ സജീവിന്റെ നേതൃത്വത്തിൽ അഖിലിന് വലയം തീർത്തു. കനത്ത സുരക്ഷയ്ക്കിടയിൽ പ്രതിയെ വീടിന് പിറകിൽ രാഖിയെ കുഴിച്ചു മൂടിയ കുഴിക്ക് അരികിലെത്തിച്ചു. മൃതദേഹം കൊണ്ടുവന്ന കാർ കഴുകിയ സ്ഥലം കാട്ടിത്തരുന്നതിനും രംഗം വിശദീകരിക്കുന്നതിനും വേണ്ടി പൊലീസ് അഖിലിന്റെ വിലങ്ങ് അഴിച്ചു. തുടർന്ന് പണി പുരോഗമിക്കുന്ന വീടിന് തൊട്ടടുത്തുള്ള കേസിലെ മൂന്നാം പ്രതി ആദർശിന്റെ വീടിന് പിറകുവശത്തൂടെ പൊലീസ് അഖിലുമായി വീട്ടുവളപ്പിൽ കയറാൻ ശ്രമിച്ചെങ്കിലും വീടിന്റെ ഗേറ്റ് പൂട്ടിയിരുന്നു. ആദർശ് പിടിയിലായതോടെ അമ്മ വീടും പൂട്ടി പോയെന്ന് നാട്ടുകാർ പറഞ്ഞു. ഡിവൈ.എസ്.പിയുടെ നിർദ്ദേശത്തെ തുടർന്ന് പൂട്ടുപൊളിക്കാൻ ശ്രമം നടക്കുന്നതിനിടെ അഖിലിനു നേരെ കൂടിനിന്നവർ കല്ലെറിഞ്ഞു. സമീപത്തുണ്ടായിരുന്ന പൊലീസുകാർ ലാത്തിവീശി ഇവരെ തുരത്തി. ശേഷം വീട്ടുവളപ്പിൽ കയറിയ പൊലീസ് അഖിലിനോട് വാഹനം കഴുകിയ സ്ഥലം കാട്ടിത്തരാൻ ആവശ്യപ്പെട്ടു. പുതിയവീടിന്റെ മുന്നിലുള്ള പെെപ്പിൽ നിന്നാണ് വെള്ളമെടുത്ത് കഴുകിയതെന്ന് അഖിൽ പറഞ്ഞു. ഇതിനിടെ പ്രതിഷേധക്കാർ തള്ളിക്കയറാൻ ശ്രമിച്ചു. തുടർന്ന് 12.15ന് അഖിലിനെ പൊലീസ് വാനിലേക്ക് മാറ്റി വിലങ്ങുവച്ചു. വാഹനത്തിന് അകത്തും പുറത്തും പൊലീസ് കാവലൊരുക്കിയ ശേഷം ഫോറൻസിക് വിദഗ്ദ്ധർ തെളിവുകൾ ശേഖരിച്ചു.