തിരുവനന്തപുരം: തലകുനിച്ച്, പല്ലുകടിച്ച് പൊലീസിന്റെ ചോദ്യങ്ങൾക്ക് പതിഞ്ഞ ശബ്ദത്തിൽ മറുപടി, ഇടയ്ക്ക് നാട്ടുകാർ കല്ലെറിഞ്ഞപ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു. രാഖിമോളെ കഴുത്തു ഞെരിച്ചു കൊന്ന് കുഴിച്ചുമൂടിയ കേസിലെ ഒന്നാംപ്രതി അഖിലിനെ തെളിവെടുപ്പിനായി ഇന്നലെ തട്ടാംമുക്കിലെ വീട്ടിലെത്തിച്ചപ്പോഴേക്കും സ്ഥലത്ത് സ്ത്രീകൾ ഉൾപ്പെടെ വലിയ ആൾക്കൂട്ടം. അഖിലിനെ പുറത്തിറക്കി, രാഖിയെ കുഴിച്ചിട്ട സ്ഥലത്ത് എത്തിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമായതോടെ തെളിവെടുപ്പ് പൂർത്തിയാക്കാനാകാതെ അഖിലിനെ തിരികെ കൊണ്ടുപോകേണ്ടിവന്നു. രാഖിയെ കൊല്ലാൻ കഴുത്തിൽ മുറുക്കിയ കയർ കണ്ടെടുക്കാനോ രാഖിയുടെ വസ്ത്രങ്ങൾ കത്തിച്ച സ്ഥലത്ത് അഖിലിനെ എത്തിക്കാനോ കഴിഞ്ഞില്ല.
ചോദ്യങ്ങൾക്കെല്ലാം തലതാഴ്ത്തി മറുപടി പറഞ്ഞ അഖിലിന്റെ തല പലവട്ടം പൊലീസ് പിടിച്ചുയർത്താൻ ശ്രമിച്ചെങ്കിലും അയാൾ വഴങ്ങിയില്ല. 11.50 ന് നാട്ടുകാരുടെ കൂക്കിവിളികൾക്കിടയിൽ പൊലീസ് വാനിൽ നിന്ന് പുറത്തേക്കിറക്കിയ അഖിലിനെ 12.15 നാണ് തിരികെ കയറ്റിയത്. വാനിൽ നിന്ന് ഇറങ്ങിയ ശേഷം പൊലീസ് വലയത്തിൽ വീടിന്റെ പിറകുവശത്തേക്ക്. റോഡരികിലും അഖിലിന്റെ തന്നെ നിർമ്മാണത്തിലിരിക്കുന്ന വീടിനു മുകളിലും കൂടിനിന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ കൊലയാളി എന്ന് ഉറക്കെ വിളിച്ചു. അടുത്തു നിന്നവർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. എന്നിട്ടും ആരുടെയും മുഖത്തു നോക്കാനോ തലയുയർത്താനോ അഖിൽ ശ്രമിച്ചില്ല. ചതുപ്പു റോഡിലൂടെ, വീടിനു പിറകിൽ രാഖിയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് എത്തിച്ചപ്പോഴും അഖിലിന്റെ മുഖത്ത് ഭാവമാറ്റമുണ്ടായില്ല.
'ഇതല്ലേ സ്ഥലം' എന്ന് പൊലീസ് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ 'അതെ' എന്ന് നിർവികാരതയോടെ മറുപടി. എവിടെ വച്ചാണ് മൃതശരീരത്തിലെ വസ്ത്രങ്ങൾ മാറ്റിയതെന്ന് ചോദിച്ചപ്പോൾ കുഴിക്ക് തൊട്ടു മുകളിലുള്ള അലക്കുകല്ല് കാട്ടികൊടുത്തു. കൊലപാതകം നടത്തിയ കാർ കഴുകിയത് കാണിക്കാമല്ലോ എന്ന ഡിവൈ.എസ്.പി അനിൽകുമാറിന്റെ ചോദ്യത്തിന് അഖിൽ സമ്മതമെന്ന് തലയാട്ടി.
പൊലീസ് വിലങ്ങ് അഴിച്ചപ്പോൾ കുഴിക്കരികിൽ നിന്ന് കാർ കഴുകാൻ പോയ വഴിയിലൂടെ അഖിൽ നടന്നു. സമീപത്തുള്ള മൂന്നാം പ്രതി ആദർശിന്റെ വീടിനു പിന്നിലൂടെ റോഡിൽ കയറി. ഇതിനിടെ നാട്ടുകാർ അഖിലിനുനേരെ കല്ലെറിഞ്ഞു. ദേഹത്ത് കല്ലു വീണപ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു. കാർ കഴുകിയ സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തപ്പോഴേക്കും നാട്ടുകാരുടെ പ്രതിഷേധം കനത്തു. അതോടെ, അഖിലിനെ പൊലീസ് വാനിലേക്കു മാറ്റി.