mullappally-ramachandran

തിരുവനന്തപുരം: ന്യൂനപക്ഷവിഭാഗത്തിനും ദളിതർക്കുമെതിരായ അതിക്രമങ്ങൾക്കെതിരേ പ്രധാനമന്ത്രിക്ക് സാംസ്‌കാരിക നായകരോടൊപ്പം തുറന്ന കത്തെഴുതിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയ ബി.ജെ.പിയുടെ നടപടിക്കെതിരേ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഭരണഘടനാവകാശങ്ങൾ ഉയർത്തിപ്പിടിക്കാനും സമൂഹത്തിൽ സമാധാനവും ഒത്തൊരുമയും നിലനിറുത്താനും പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. അടൂരിനെ ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണൻ അപമാനിച്ചെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

ആഡംബര കാർ സി.പി.എമ്മിന്റെ ജീർണത

സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകൻ രണ്ടു കോടി വിലയുള്ള കാറിൽ മുംബയിലെ ഓഷ്‌വാര പൊലീസ് സ്റ്റേഷനിലെത്തിയതിലൂടെ പാർട്ടിയുടെ ജീർണിച്ച മുഖം പ്രകടമായെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഖജനാവിലെ പണുമുപയോഗിച്ച് മന്ത്രി മന്ദിരങ്ങൾ മോടിപിടിപ്പിക്കുന്നതിലും വിലകൂടിയ വാഹനങ്ങൾ വാങ്ങുന്നതിലും മന്ത്രിമാർ മത്സരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന ഉപദേശകരുടെ ബാഹുല്യമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.