കടയ്ക്കാവൂർ: പൊലീസ് ജീപ്പ് വരുന്നതു കണ്ട് ഭയന്ന് കായലിൽ ചാടിയ മൂന്നു യുവാക്കളിൽ ഒരാൾ മുങ്ങിമരിച്ചു. രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. മേൽക്കടയ്ക്കാവൂർ പഴഞ്ചിറ സ്വദേശി സജിൻ (28) ആണ് കായിക്കരക്കടവിന് സമീപം മുങ്ങി മരിച്ചത്. കൂലിപ്പണിക്കാരനാണിയാൾ. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. കായിക്കരക്കടവിന് സമീപത്തെ സ്വകാര്യ ഫാമിൽ നിന്ന് അടുത്തിടെ 8000 മത്സ്യക്കുഞ്ഞുങ്ങൾ മോഷണം പോയിരുന്നു. ഇതന്വേഷിക്കാനെത്തിയതായിരുന്നു കടയ്ക്കാവൂർ പൊലീസ്. ഫാമിനടുത്ത് ജീപ്പ് നിറുത്തുന്നതു കണ്ട്, സമീപത്തെ തുരുത്തിൽ ഇരുന്ന മൂന്നംഗ സംഘം ഭയന്നോടി കായലിൽ ചാടുകയായിരുന്നു. ഇവർ അവിടിരുന്ന് മദ്യപിക്കുകയായിരുന്നെന്നും പറയുന്നുണ്ട്.
ഇവർ കായലിൽ ചാടുന്നതു കണ്ട മത്സ്യത്തൊഴിലാളികളുടെ നിലവിളി കേട്ട് നാട്ടുകാരും പൊലീസും എത്തിയപ്പോഴേക്കും രണ്ടുപേർ നീന്തി രക്ഷപ്പെട്ടിരുന്നു. പക്ഷേ, സജിൻ മുങ്ങിത്താണു. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ സജിനെ പുറത്തെടുത്ത് ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നീന്തി രക്ഷപ്പെട്ട രണ്ട് പേരെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരുന്നു. സജിൻ വിവാഹ മോചിതനാണെന്നും ഒരു കുട്ടിയുണ്ടെന്നും പൊലീസ് പറഞ്ഞു.