01

ശ്രീകാര്യം: കരിയം മേഖലയിലെ ജനങ്ങളുടെ ദുരിതം കുറയ്‌ക്കാനെത്തിയ വാട്ടർഅതോറിട്ടി സമ്മാനിച്ചത് ഇരട്ടി ദുരിതം. കുടിവെള്ള പൈപ്പിലെ ചോർച്ച കണ്ടെത്താൻ ശ്രീകാര്യം - പൗഡിക്കോണം റോഡിന്റെ പലഭാഗങ്ങളിലും കുത്തിപ്പൊളിച്ച കുഴികൾ ഇനിയും മൂടിയിട്ടില്ല.

കരിയം ജംഗ്‌ഷനിലെ പൈപ്പിടലാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് 800 എം.എം. അയൺ പൈപ്പിടൽ പൂർത്തിയായ ശേഷം റോഡ് നവീകരണ സമയത്ത് കരിങ്കൽ പാളികൾ റോഡിൽ പാകിയിരുന്നു. ഈ കല്ലുകൾ നീക്കംചെയ്‌ത ശേഷമാണ് ഇപ്പോൾ പൈപ്പിടൽ നടക്കുന്നത്. ഈ കരിങ്കല്ല് കഷ്ണങ്ങൾ റോഡുവക്കിൽ കൂട്ടിയിടുന്നത് വാഹനയാത്രക്കാരെയും കാൽനട യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കി. രാത്രികാലങ്ങളിൽ ഇവ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും അപകടക്കെണിയായി മാറിയിട്ടുണ്ട്. ഈ കല്ലുകൾ മാറ്റാൻ വാട്ടർഅതോറിട്ടിയും പി.ഡബ്ല്യു.ഡിയും ഇടപെടാത്തതിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാണ്. ശ്രീകാര്യം - കരിയം - പൗഡിക്കോണം റോഡ് നവീകരണം നടത്തിയാലും ഏതാനും ദിവസങ്ങൾക്കുള്ളിൽ റോഡ് പൊട്ടിപ്പൊളിയുമെന്നാണ് പരാതി. റോഡിനടിയിലൂടെയുള്ള കാലപ്പഴക്കം ചെന്ന പഴയ 100 എം.എം എ.സി പൈപ്പ് ലൈനിലെ ചോർച്ച കാരണമാണ് റോഡ് തകരുന്നത്. ഇടവക്കോട്, കരിയം, കല്ലുവിള, കരിയം മാർക്കറ്റ് തുടങ്ങിയ ജനവാസമേഖലകളിൽ കുടിവെള്ളമെത്തിച്ചിരുന്നത് ഈ പൈപ്പിലൂടെയായിരുന്നു. അറ്റകുറ്റപ്പണി നടത്താൻ ഏറെ ശ്രമകരമായതിനാൽ പുതിയ പൈപ്പിടൽ പദ്ധതി വരുന്നതുവരെ നിലവിലെ സ്ഥിതി തുടരാൻ അധികൃതർ തീരുമാനിച്ചു. ബി.എം ആൻഡ് ബി.സി പദ്ധതിപ്രകാരം ശ്രീകാര്യം - പോത്തൻകോട് റോഡ് നവീകരിച്ചെങ്കിലും ആറുമാസത്തിനുള്ളിൽ റോഡ് തകർന്നു. നിലവിൽ അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട് പൗഡിക്കോണം സൊസൈറ്റി മുക്ക് മുതൽ ശ്രീകാര്യം ചെക്കാലമുക്ക് വരെ റോഡിന്റെ ഇരുവശത്തുമായി പുതിയ പൈപ്പിടൽ ജോലികൾ നടക്കുകയാണ്. ശ്രീകാര്യത്തു നിന്ന് വരുമ്പോൾ റോഡിന്റെ ഇടതുവശത്ത് 110 എം.എം പൈപ്പും വലത് ഭാഗത്ത് 160 എം.എം വ്യാസമുള്ള കുടിവെള്ള പൈപ്പുകളുമാണ് പുതുതായി സ്ഥാപിക്കുന്നത്.

തകരാർ പരിഹരിച്ച ഭാഗത്ത് വീണ്ടും ലീക്ക്

ശ്രീകാര്യം: പൗഡിക്കോണം മുതൽ സൊസൈറ്റി മുക്ക്, മുക്കിക്കട, ചെല്ലമംഗലം വരെ എട്ടോളം ഭാഗത്ത് നേരത്തെ ചോർച്ചയുണ്ടായിരുന്ന ഇടങ്ങളിൽ അറ്റകുറ്റപ്പണി നടത്തി പ്രശ്‌നം പരിഹരിച്ചിരുന്നു. എന്നാൽ രണ്ടാഴ്ച കഴിഞ്ഞപ്പോൾ പകുതിയിലേറെ സ്ഥലങ്ങളിൽ കുടിവെള്ള വിതരണ പൈപ്പിൽ വീണ്ടും ചോർച്ചയുണ്ടായി. ചോർച്ചയുള്ള സ്ഥലങ്ങളിൽ നിന്ന് കുടിവെള്ളം ഒഴുകിപ്പോയിട്ടും അധികൃതർ അറിഞ്ഞമട്ടില്ല. പൈപ്പിൽ നിന്നു ലീക്കാകുന്ന വെള്ളം റോഡിൽ നിറഞ്ഞതുകാരണം ഇരുചക്ര വാഹന യാത്രക്കാർ തെന്നിവീഴുന്നതും പതിവായി.

പ്രതികരണം

-------------------------

കുടിവെള്ളം ചോർന്നുകൊണ്ടിരുന്ന പഴയ 100 എ.സി പൈപ്പ് പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതോടെ ഇല്ലാതാകും. പൈപ്പിടൽ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പൈപ്പിടുന്ന ഭാഗത്തെ പൊതുമരാമത്ത് റോഡിൽ പാകിയിരുന്ന കരിങ്കൽ ചീളുകൾ ഉടൻ നീക്കം ചെയ്യും.

കൃഷ്‌ണരാജ് (വാട്ടർ അതോറിട്ടി എ.ഇ, പോങ്ങുംമൂട്)

പ്രശ്‌നങ്ങൾ നിരവധി
----------------------------------

 പൈപ്പ് ലൈനിലെ ചോർച്ച തുടരുന്നു

 വഴിമുടക്കുന്ന റോഡിലെ കരിങ്കല്ലുകൾ

 വാഹനങ്ങൾ കുരുക്കിലാകുന്നത് പതിവ്

 അറ്റകുറ്റപ്പണി കൃത്യമായി നടക്കുന്നില്ല

 വാഹനയാത്രക്കാർ ദുരിതത്തിൽ

സ്ഥാപിക്കുന്നത് - 110, 160 എം.എൽ.‌ഡി പൈപ്പുകൾ