block

മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പല പദ്ധതികളും രാജ്യത്തിന് മാതൃകയാക്കാവുന്നതാണെന്ന് സംസ്ഥാന ആസൂത്രണ സമിതിയംഗം ഡോ. കെ.എൻ. ഹരിലാൽ അഭിപ്രായപ്പെട്ടു. യുവതി - യുവാക്കൾക്ക് തൊഴിൽ പരിശീലനം നല്കുന്നതിനായി ആരംഭിച്ച റിസോഴ്സ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ 'സുരക്ഷ' സമഗ്ര മാനസികാരോഗ്യ പരിപാടി, ജീവിതശൈലി രോഗം നിർണയിച്ച് ചികിത്സ നിർദ്ദേശിക്കുന്ന ആരോഗ്യ ഭവനം പദ്ധതി, തെങ്ങ് കൃഷിയെ പ്രോത്സാഹിപ്പിക്കാൻ പതിനായിരം തെങ്ങിൻ തൈകൾ നട്ടുപിടിപ്പിക്കുന്ന കൽപ്പകം പദ്ധതി, ജൈവഗ്രാമം സന്തുഷ്ട ഗ്രാമം എന്നിവ എടുത്തു പറയേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ജലസുരക്ഷ - ജീവസുരക്ഷ ജലസംരക്ഷണ ക്യാമ്പയിനിന്റെയും തൊഴിൽ പരിശീലനം ലഭിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം എം.ജി.എൻ.ആർ.ഇ.ജി.എസ് സംസ്ഥാന മിഷൻ ഡയറക്ടർ എൽ.പി. ചിത്തർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ. ശ്രീകണ്ഠൻ നായർ, മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് വിജയകുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഡ്വ.ഫിറോസ് ലാൽ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി.പി.സുലേഖ, ആറ്റിങ്ങൽ ഗവ. പോളിടെക്നിക്ക് കോളേജ് പ്രിൻസിപ്പൽ പി.ഒ.നിസാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്.ചന്ദ്രൻ, എസ്. സിന്ധു, ഗീതാ സുരേഷ്, ജനകീയാസൂത്രണം ജില്ലാ കോഓർഡിനേറ്റർ സുഭാഷ് ചന്ദ്രൻ, ഡോ. ഇ. നസീർ, ഡോ. ഷബ്ന ഡി.എസ്, അഗ്രികൾച്ചറൽ ഓഫീസർ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് രമാബായി അമ്മ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാജീവ്.എസ്.ആർ നന്ദിയും പറഞ്ഞു.